ആലപ്പുഴ: നിർമാണത്തിലിരുന്ന ഓടയിൽ ഗർഭിണി വീണ് അപകടം. ആലപ്പുഴയിലെ ഇന്ദിരാ ജംഗ്‌ഷനിലാണ് സംഭവം. നാലുമാസം ഗർഭിണിയായ യുവതിയാണ് അപകടത്തിൽപ്പെട്ടത്.
വ്യാഴാഴ്‌ച രാത്രിയായിരുന്നു സംഭവം. ഓടയ്ക്ക് അപ്പുറമുള്ള കടയിൽ നിന്ന് വസ്ത്രം വാങ്ങാൻ ഭർത്താവിനൊപ്പം എത്തിയതായിരുന്നു യുവതി. ഭർത്താവിനൊപ്പം ഓട മുറിച്ചുകടക്കവേ സ്ളാബ് വാർക്കാനിട്ടിരുന്ന കട്ടികുറഞ്ഞ മരപ്പലകയിൽ ചവിട്ടിയതോടെയാണ് അപകടമുണ്ടായത്. ഭർത്താവിന്റെ പിന്നിലായാണ് യുവതി നടന്നത്. മരപ്പലകയിൽ ചവിട്ടിയതും പലക തകർന്ന് യുവതി ഓടയിലേയ്ക്ക് വീഴുകയായിരുന്നു. യുവതിക്ക് കാര്യമായ പരിക്കുകളില്ല.
അപകടത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശവാസികളും വ്യാപാരികളും പ്രതിഷേധ പ്രകടനം നടത്തി. ഇതിന് പിന്നാലെ ഇന്ന് രാവിലെയോടെ ഓടയ്ക്ക് മുകളിലായി സ്ളാബ് സ്ഥാപിച്ചു. മൂന്ന് ആഴ്‌ചയോളമായി ഓടയ്ക്ക് മുകളിൽ മരപ്പകയായിരുന്നു ഇട്ടിരുന്നത്. ഒരുമാസമായി പൊളിച്ചിട്ട ഓടയുടെ നിർമാണപ്രവർത്തനം നടന്നുവരികയാണ്. ഇത് സംബന്ധിച്ച് മുന്നറിയിപ്പ് ബോർഡുകൾ റോഡിൽ സ്ഥാപിച്ചിരുന്നില്ലെന്ന് പരാതികൾ ഉയർന്നിരുന്നു.
Source link