എന്തൊരു നാണക്കേട്! ഡൊണാൾഡ് ട്രംപിന് ആശംസ അറിയിച്ച് വെട്ടിലായി പാക് പ്രധാനമന്ത്രി

ഇസ്‌ലാമാബാദ്: യുഎസ് പ്രഡിഡന്റായി രണ്ടാം ടേമിൽ വിജയിച്ചെത്തിയ ഡൊണാൾഡ് ട്രംപിന് ആശംസ അറിയിച്ച പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ് പുലിവാല് പിടിച്ചു. രാജ്യത്ത് നിരോധനമേർപ്പെടുത്തിയ എക്‌സിലൂടെ (മുൻപ് ട്വിറ്റർ) ആശംസ അറിയിച്ചതാണ് വിമർശനങ്ങൾക്കിടയാക്കുന്നത്.

‘രണ്ടാം തവണ ചരിത്ര വിജയം നേടി പ്രഡിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപിന് ആശംസകൾ. പാകിസ്ഥാൻ-യുഎസ് പങ്കാളിത്തം ശക്തിപ്പെടുത്താൻ പുതിയ ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കാൻ താത്‌പര്യപ്പെടുന്നു’- എന്നാണ് ഷെഹ്‌ബാസ് ഷെരീഫ് എക്‌സിൽ കുറിച്ചത്. ഇതിന് പിന്നാലെ വിപിഎൻ ഉപയോഗിച്ചാണ് പാക് പ്രധാനമന്ത്രി എക്‌സ് ഉപയോഗിക്കുന്നതെന്നും ഇത് പാക് നിയമങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയുള്ള കമ്മ്യൂണിറ്റി നോട്ട് എക്‌സിൽ പ്രത്യക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞ ഏപ്രിലിലാണ് പാകിസ്ഥാനിൽ എക്‌സിന് വിലക്കേ‌ർപ്പെടുത്തിയത്. ദേശീയ സുരക്ഷ കണക്കിലെടുത്ത് എക്‌സ് നിരോധിക്കുന്നുവെന്നായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം. എന്നാൽ ഷെരീഫിന്റെ പാർട്ടിയിലെ നേതാക്കളുൾപ്പെടെയുള്ളവർ നിയന്ത്രണങ്ങൾ മറികട‌ന്ന് എക്‌സ് ഉപയോഗിക്കുന്നതായി പരാതികൾ ഉയരുകയാണ്.

2016ലെ ഇലക്ട്രോണിക് കുറ്റകൃത്യങ്ങൾ തടയൽ നിയമം അനുസരിച്ച് ഓൺലൈൻ ഉള്ളടക്കം നിയന്ത്രിക്കാൻ അധികാരമുള്ള ഏക സ്ഥാപനമായ പാകിസ്ഥാൻ ടെലികമ്മ്യൂണിക്കേഷൻ അതോറിറ്റിയെ (പിടിഎ) മറികടന്ന് ആഭ്യന്തര മന്ത്രാലയം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ അതിരുകൾ ലംഘിച്ചുവെന്ന് വിമർശനം വ്യാപകമാണ്. യുട്യൂബ്, ടിക് ടോക് പോലുള്ള മറ്റ് പ്ലാറ്റ്‌ഫോമുകൾക്ക് മേൽ സമ്മർദ്ദം ചെലുത്തിയത് പോലെ പ്രാദേശിക സെൻസർഷിപ്പ് ഏ‌ർപ്പെടുത്താൻ എക്‌സിനെയും നിർബന്ധിക്കുന്നതാണ് നിരോധനത്തിന് പിന്നിലെ പ്രധാന നീക്കമെന്നാണ് വിമർശനം.


Source link
Exit mobile version