KERALAM

പിന്നാക്ക സംവരണ വിധി നടപ്പാക്കണം: സ്വാമി സച്ചിദാനന്ദ

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിൽ പിന്നാക്ക സമുദായങ്ങൾക്ക് സീറ്റ് സംവരണം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ആവശ്യപ്പെട്ടു. ഗുരുധർമ്മ പ്രചാരണസഭ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വിരിപ്പുകാല ശ്രീനാരായണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത് സംബന്ധിച്ചുള്ള സുപ്രീംകോടതി ഉത്തരവ് രാജ്യത്തെ 21 സംസ്ഥാനങ്ങൾ നടപ്പിലാക്കിയിട്ടും രാഷ്ട്രീയ പ്രബുദ്ധകേരളം ഇതിന് തയ്യാറായിട്ടില്ല. അതേസമയം സാമ്പത്തിക സംവരണം നടപ്പിലാക്കാനുള്ള ഉത്തരവ് ശരവേഗത്തിൽ പാസാക്കി. ഇത് പിന്നാക്ക വിഭാഗങ്ങളോടുള്ള അവഗണനയാണ്. രാഷ്ട്രീയ പാർട്ടികൾ ശ്രീനാരായണസമൂഹത്തെ വോട്ടുബാങ്കാക്കി നിലനിറുത്തി അധികാരസ്ഥാനങ്ങളിൽ നിന്ന് അകറ്റി നിറുത്തുകയാണ്. സംസ്ഥാന ഭരണസിരാകേന്ദ്രം തമ്പുരാൻ കോട്ടയായി മാറി. ഇത് ഗുരുദേവൻ വിഭാവനം ചെയ്ത സാമൂഹ്യ നീതിക്കെതി​രാണെന്നും സ്വാമി പറഞ്ഞു. സഭ ജില്ലാ പ്രസിഡന്റ് സോഫി വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. രജിസ്ടാർ കെ.ടി. സുകുമാരൻ, ചീഫ് കോ-ഓർഡിനേറ്റർ സത്യൻ പന്തത്തല, മുൻ രജിസ്ട്രാർ കുറിച്ചി സദൻ, ജില്ലാ സെക്രട്ടറി വി.വി.ബിജുവാസ്, ശശിധരൻ എട്ടേക്കർ എന്നിവർ പ്രസംഗിച്ചു. സഭ കേന്ദ്ര സമിതി സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, മോട്ടിവേഷൻ ട്രെയിനർ ബിബിൻ ഷാൻ എന്നിവർ പഠനക്ലാസ് നയിച്ചു.


Source link

Related Articles

Back to top button