കണ്ണൂർ: ദിവസങ്ങൾക്കുള്ളിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പും പാർട്ടി സമ്മേളനങ്ങളിൽ വ്യാപകമായി ഉയരുന്ന വിമർശനങ്ങളും കണക്കിലെടുത്ത് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടതോടെയാണ് കണ്ണൂർ നേതൃത്വം പി.പി. ദിവ്യയ്‌ക്കെരായ നടപടിക്ക് വഴങ്ങിയത്.
ഉപതിരഞ്ഞെടുപ്പുകളിൽ കനത്ത തിരിച്ചടിയാകുമെന്ന് വിലയിരുത്തിയാണ് സമ്മേളനകാലത്ത് അച്ചടക്കനടപടികൾ നീട്ടിവയ്ക്കുകയെന്ന കീഴ്വഴക്കം പാലിക്കാതെ, പാർട്ടി നടപടി സ്വീകരിച്ചത്
ദിവ്യയുടെ ഭാഗം കേൾക്കണമെന്ന വാദം കണ്ണൂർ ജില്ലാകമ്മിറ്റിയിൽ ചിലർ ഉയർത്തിയിരുന്നു. പക്ഷേ, അടിയന്തരമായി ജില്ലാ കമ്മിറ്റി വിളിച്ച് നടപടി ആലോചിക്കാനാണ് പാർട്ടി സംസ്ഥാന നേതൃത്വം നിർദ്ദേശിച്ചതെന്ന് അറിയുന്നു. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റിമാൻഡിലായ ദിവ്യയ്‌ക്കെതിരേ കേസ് രജിസ്റ്റർ ചെയ്ത് 20 ദിവസത്തിന് ശേഷമാണ് പാർട്ടി നടപടിയെടുത്തത്. നടന്നു വരുന്ന ഏരിയാസമ്മേളനങ്ങളിൽ വിഷയം സജീവ ചർച്ചയാകുന്നുണ്ട്. പ്രതിനിധികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ ഒഴിഞ്ഞുമാറുകയായിരുന്നു നേതൃത്വം.
നവീൻ ബാബുവിനെ പിന്തുണച്ചുകൊണ്ടുള്ള സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ശക്തമായ നിലപാടും ദിവ്യയ്‌ക്കെതിരെയുള്ള നടപടിക്ക് പാർട്ടിയെ പ്രേരിപ്പിച്ചു. തുടക്കത്തിൽ പ്രതിരോധം തീർത്തെങ്കിലും ഒടുക്കം ദിവ്യയെ കൈവിടേണ്ടി വന്നത് കണ്ണൂർ പാർട്ടിക്ക് ക്ഷീണമായി.
Source link