ദുരന്തബാധിതർക്ക് വിതരണം ചെയ്യാൻ പഴകിയ ഭക്ഷ്യവസ്തുക്കൾ
മേപ്പാടിയിൽ ഉദ്യോഗസ്ഥരെ പൂട്ടിയിട്ട് യു.ഡി.എഫ് പ്രതിഷേധം
മേപ്പാടി: ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് വിതരണം ചെയ്യാൻ റവന്യൂവകുപ്പ് എത്തിച്ചത് പഴകിയ ഭക്ഷ്യവസ്തുക്കളെന്ന് പരാതി. മേപ്പാടി ഇ.എം.എസ് ഓഡിറ്റോറിയത്തിൽ ടി.സിദ്ദിഖ് എം.എൽ.എയുടെ നേതൃത്വത്തിൽ യു.ഡി.എഫ് പ്രവർത്തകർ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.
മാസങ്ങൾക്കുമുമ്പ് കാലാവധി അവസാനിച്ച ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ സൂക്ഷിച്ചിട്ടുണ്ടെന്ന് യു.ഡി.എഫ് പ്രവർത്തകർ കുറ്റപ്പെടുത്തി. വിതരണത്തിനെത്തിയ ഉദ്യോഗസ്ഥരെ പ്രവർത്തകർ ഓഡിറ്റോറിയത്തിൽ പൂട്ടിയിട്ടു. കാലാവധി അവസാനിച്ചതും പഴകിയതുമായ ഭക്ഷ്യവസ്തുക്കൾ മാറ്റാതെ വിതരണം ചെയ്യരുതെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഒടുവിൽ പൊലീസെത്തിയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ നീക്കം ചെയ്യാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകി. 380 ചാക്ക് അരി ഉൾപ്പെടെ ഇവിടെ സ്റ്റോക്കുണ്ട്. കഴിഞ്ഞദിവസം പൂപ്പൽ ബാധിച്ച അരി വിതരണം ചെയ്തത് വിവാദമായിരുന്നു. അതേസമയം പഞ്ചായത്തിന് അനുവദിച്ച ഭക്ഷ്യവസ്തുക്കൾ യഥാസമയം വിതരണം ചെയ്യാതിരുന്നതാണ് പഴകാൻ കാരണമെന്നാണ് റവന്യൂ വകുപ്പിന്റെ വിശദീകരണം. ദുരന്തബാധിതർക്ക് പഴകിയതും പൂപ്പൽ ബാധിച്ചതുമായ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എമ്മും പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.
Source link