ന്യൂഡൽഹി∙മതപരമായ പ്രാർഥനയ്ക്കോ ആരാധനയ്ക്കോ സ്ഥലമുണ്ടെന്നതു സ്ഥാപനത്തിന്റെ ന്യൂനപക്ഷ സ്വഭാവം സൂചിപ്പിക്കുമെന്നു നിർബന്ധമില്ലെന്നു സുപ്രീം കോടതി. കാരണം, സർക്കാർ ഫണ്ട് സ്വീകരിക്കുന്ന സ്ഥാപനങ്ങളിൽ മതബോധനത്തിന് ഭരണഘടനാപരമായ വിലക്കുണ്ടെന്ന് അലിഗഡ് മുസ്‍ലിം സർവകലാശാല (എഎംയു) കേസിൽ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
സ്ഥാപന പരിസരത്ത് മതചിഹ്നങ്ങൾ സ്ഥാപിച്ചിട്ടുണ്ടോ എന്നതിന്റെ അടിസ്ഥാനത്തിലും ന്യൂനപക്ഷ സ്വഭാവം നിശ്ചയിക്കാനാവില്ല. മതബോധനമില്ലാതെ, മതനിരപേക്ഷ വിദ്യാഭ്യാസത്തിനും ന്യൂനപക്ഷങ്ങൾക്കായി സ്ഥാപനങ്ങൾ തുടങ്ങാനാവും – ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വിശദീകരിച്ചു.
ഏഴംഗ ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയിൽനിന്ന്:∙ബിരുദം നൽകാൻ സർവകലാശാലകൾക്കാണ് അവകാശം. യുജിസി നിയമം നിലവിൽവരും മുൻപ്, നൽകുന്ന ബിരുദത്തിന് സാധുതയുണ്ടാകണമെങ്കിൽ സർവകലാശാലയ്ക്ക് നിയമത്തിന്റെ പിൻബലമുണ്ടാവണമായിരുന്നു. നിയമത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാപിച്ചു എന്നതുകൊണ്ട് നിയമനിർമാണസഭയാണ് സ്ഥാപകർ എന്നു കണക്കാക്കാനാവില്ല. നിയമം പാലിക്കുന്നതുകൊണ്ട് മൗലികാവകാശം വച്ചൊഴിയുന്നു എന്ന് അർഥമില്ല.
∙‘സ്ഥാപിക്കുക’ എന്ന് ഭരണഘടനയുടെ 30(1) വകുപ്പിൽ പറയുന്ന വ്യവസ്ഥയെ ഇടുങ്ങിയതും തീർത്തും നിയമപരവുമായ രീതിയിൽ മനസ്സിലാക്കാൻ പാടില്ല. അതിനെ ആ വകുപ്പിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിൽ കാണണം. അതുകൊണ്ടുതന്നെ, സ്ഥാപകർ ആരെന്നതു പ്രധാനമാണ്. സർക്കാരിന്റെ നടപടിയിലൂടെ സ്ഥാപനത്തിനു നിയമപരമായ സ്വഭാവം നൽകി എന്നതുകൊണ്ട് സ്ഥാപകരുടെ അവകാശങ്ങൾ നിഷേധിക്കാനാവില്ല.
∙ഭരണഘടന പ്രാബല്യത്തിലാവുംമുൻപ് മത–ഭാഷാ ന്യൂനപക്ഷ സ്ഥാപനമെന്ന സങ്കൽപം ഉണ്ടായിരുന്നില്ല. ഭരണഘടന പ്രാബല്യത്തിലായപ്പോൾ മുതലാണ് അതിലൂടെയുള്ള സംരക്ഷണം. എന്നാൽ, സ്ഥാപിച്ച കാലത്ത് ന്യൂനപക്ഷ പരിഗണനയില്ലായിരുന്നു എന്നു പറയുന്നതിൽ കാര്യമില്ല. സ്ഥാപിച്ചത് ന്യൂനപക്ഷമാണോയെന്നതു നിശ്ചയിക്കാൻ എപ്പോൾ സ്ഥാപിച്ചു എന്നതിനൊപ്പം സ്ഥാപകരുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പരിഗണിക്കണം. അപ്പോഴാണ് ഭരണഘടനപ്രകാരമുള്ള നീതി ഉറപ്പാക്കപ്പെടുക.
∙ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന കമ്മിഷൻ നിയമത്തിൽ ‘ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന’ത്തിന്റെ നിർവചനത്തിൽ ഭേദഗതികൾ വന്നിട്ടുണ്ട്. ആദ്യം, സർവകലാശാലകൾ ഒഴികെയുള്ളതും ന്യൂനപക്ഷത്തിൽനിന്നുള്ളവർ സ്ഥാപിച്ചതോ നടത്തുന്നതോ ആയ സ്ഥാപനം എന്നായിരുന്നു നിർവചനം. ‘സ്ഥാപിച്ചതും നടത്തുന്നതുമായ’ എന്ന് 2010ൽ ഭേദഗതി വരുത്തി, സർവകലാശാലകളെയും ഉൾപ്പെടുത്തി. സ്ഥാപിക്കുക എന്നതാണ് ന്യൂനപക്ഷ പദവിക്കു പരിഗണിക്കുന്നത്. അതിനുള്ള നടപടിക്രമം നിയമത്തിൽ പറയുന്നു.
∙സ്ഥാപനം തുടങ്ങുന്ന സമയത്തോ അതിനുശേഷമോ സർക്കാരിൽനിന്ന് പണമോ സ്ഥലമോ ലഭിച്ചിട്ടുണ്ടാവാം. അങ്ങനെയുള്ള സഹായം വാങ്ങിയതുകൊണ്ടു ന്യൂനപക്ഷ സ്വഭാവം നഷ്ടപ്പെടുന്നില്ല. സഹായം നൽകുന്നതിനുണ്ടായ സാഹചര്യം കൂടി കണക്കിലെടുത്താണ് ആരാണ് സ്ഥാപകരെന്നു തീരുമാനിക്കേണ്ടത്.
∙സ്ഥാപനത്തിന്റെ ദൈനംദിന നടത്തിപ്പിനായി അതതു മത–ഭാഷാ ന്യൂനപക്ഷങ്ങളിൽനിന്നുള്ള മാത്രമേ പാടുള്ളു എന്നു നിഷ്കർഷിക്കാനാവില്ല. ശരിയായ നടത്തിപ്പിനായി മറ്റു വിഭാഗങ്ങളിൽനിന്നും നിയമനങ്ങളാവാം.
∙ഭരണസംവിധാനത്തിൽ ന്യൂനപക്ഷ സ്വഭാവം പ്രകടമാവാത്തപ്പോഴും സമുദായ താൽപര്യം സംരക്ഷിക്കപ്പെടാത്തപ്പോഴും സ്ഥാപനം ന്യൂനപക്ഷത്തിനുവേണ്ടിയല്ല എന്നു വിലയിരുത്താനാവും.
∙ന്യൂനപക്ഷ സ്ഥാപനം തുടങ്ങുന്നതിന് മറ്റു വിഭാഗങ്ങളിൽനിന്നുള്ളവരുടെ സഹായം തേടുന്നതിന് ഭരണഘടനാപരമായി തടസ്സമില്ല.
∙‘ദേശീയ പ്രാധാന്യമുള്ള സ്ഥാപനം’ എന്ന ഗണത്തിൽ പെടുത്തിയതുകൊണ്ട് സ്ഥാപനത്തിന്റെ ന്യൂനപക്ഷ സ്വഭാവം നഷ്ടമാകില്ല.
പതിറ്റാണ്ടുകളുടെ സങ്കീർണ നാൾവഴി∙ 1877: ബ്രിട്ടിഷ് മാതൃകയിൽ അലിഗഡിൽ മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളജ് സ്ഥാപിതമായി.
∙ 1920: സ്ഥാപനം നിയമത്തിലൂടെ അലിഗഡ് മുസ്‌ലിം സർവകലാശാലയായി.
∙ 1951,1965: സർവകലാശാലയിലെ മുസ്‌ലിം വിദ്യാർഥികളുടെ മതബോധനം, ഭരണസംവിധാനം എന്നിവയ്ക്കായി രണ്ടു നിയമ ഭേദഗതികൾ. ഇവയുടെ ഭരണഘടനാസാധുത ചോദ്യം ചെയ്ത് കേന്ദ്ര സർക്കാരിനെതിരെ എസ്.അസീസ് ബാഷ ഉൾപ്പെടെ 5 പേർ സുപ്രീം കോടതിയിൽ.
∙ 1967: അസീസ് ബാഷ കേസിൽ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അലിഗഡ് മുസ്‌ലിം സർവകലാശാലയുടെ ന്യൂനപക്ഷ പദവി റദ്ദാക്കി.
∙ 1981: യുപിയിലെ അൻജുമാൻ ഇ റഹ്മാനിയയ്ക്കു കീഴിലുള്ള കോളജിന്റെ ന്യൂനപക്ഷപദവി സംബന്ധിച്ച കേസ് പരിഗണിക്കവേ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് 1967ലെ വിധിയിൽ സംശയം പ്രകടിപ്പിച്ചു. തുടർന്ന് വിഷയം ഏഴംഗ ബെഞ്ചിലേക്ക്. അതേവർഷം പാർലമെന്റ് പാസാക്കിയ നിയമത്തിലൂടെ കേന്ദ്ര സർക്കാർ സർവകലാശാലയുടെ ന്യൂനപക്ഷ പദവി പുനഃസ്ഥാപിച്ചു. അതിന്റെ അടിസ്ഥാനത്തിൽ പിജി കോഴ്സുകളിൽ മുസ്‍ലിം വിദ്യാർഥികൾക്ക് സംവരണം ഏർപ്പെടുത്തി.
∙ 2006: സംവരണം അലഹാബാദ് ഹൈക്കോടതി. അലിഗഡ് ന്യൂനപക്ഷ സ്ഥാപനമല്ലെന്നും വിധിച്ചു. തുടർന്ന് അന്നത്തെ യുപിഎ സർക്കാരും സർവകലാശാലയും സുപ്രീം കോടതിയിൽ.
∙ 2016: അലിഗഡ് ന്യൂനപക്ഷ സ്ഥാപനമല്ലെന്ന ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ പിൻവലിക്കുകയാണെന്ന് എൻഡിഎ സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. തുടർനടപടികൾ സർവകലാശാലയുടെ അപ്പീലിൽ.
∙ 2024: ന്യൂനപക്ഷ പദവി റദ്ദാക്കിയുള്ള 1967ലെ വിധി അസാധുവെന്ന് ഏഴംഗ ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി (4–3).
Source link