അര മണിക്കൂർ വൈകിയതിന് മെമ്മോ, ഞായറാഴ്‌ച പോലും നവീന് അവധി നൽകിയില്ല; കളക്‌ടർക്കെതിരെ ജീവനക്കാരുടെ മൊഴി
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ എ ഗീത നടത്തിയ അന്വേഷണത്തിൽ കളക്‌ടർ അരുൺ കെ വിജയനെ പ്രതിരോധത്തിലാക്കി കളക്‌ടറേറ്റ് ജീവനക്കാരുടെ നിർണായക മൊഴി. കളക്‌ടറുമായി നവീൻ ബാബു അത്ര നല്ല ബന്ധം സൂക്ഷിച്ചിരുന്നില്ലെന്നാണ് ജീവനക്കാർ മൊഴി നൽകിയിരിക്കുന്നത്.
നവീൻ ബാബു കണ്ണൂരിൽ എഡിഎം ആയി ജോലിയിൽ പ്രവേശിച്ച ദിവസം അര മണിക്കൂർ വൈകി എത്തിയതിന് കളക്‌ടർ മെമ്മോ നൽകിയിരുന്നുവെന്നും ജീവനക്കാർ അറിയിച്ചു. അന്ന് മുതൽ ഇരുവരും അകൽച്ചയിലായിരുന്നു. അവധി നൽകുന്നതിൽ കളക്‌ടർ സ്വീകരിച്ചിരുന്ന സമീപനവും നവീൻ ബാബുവിന് മാനസിക വിഷമം ഉണ്ടാക്കുന്ന തരത്തിലായിരുന്നു. ഞായറാഴ്‌ച പോലും ഡ്യൂട്ടിക്ക് കയറാൻ നിർദേശിച്ചിരുന്നു. കളക്‌ടറുമായി സംസാരിക്കാൻ പോലും നവീന് താൽപ്പര്യമുണ്ടായിരുന്നില്ലെന്നും ജീവനക്കാരുടെ മൊഴിയിലുണ്ട്.
യാത്രയയപ്പ് യോഗത്തിൽ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യ ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ നവീൻ ബാബു തന്നെ വന്നുകണ്ട് തനിക്ക് തെറ്റുപറ്റിയെന്ന് പറഞ്ഞുവന്ന കളക്‌ടറുടെ വാദങ്ങളെ തള്ളുന്നതാണ് ജീവനക്കാർ റവന്യു വകുപ്പിന്റെ അന്വേഷണത്തിൽ നൽകിയിരിക്കുന്ന മൊഴി. കളക്‌ടറുമായി നവീൻ ബാബുവിന് യാതൊരു വിധ ആത്മബന്ധവും ഇല്ലായിരുന്നുവെന്ന് നവീനിന്റെ ഭാര്യ മഞ്ജുഷ നേരത്തേ പറഞ്ഞിരുന്നു. കളക്‌ടർ പറയുന്നത് നുണയാണെന്നും മഞ്ജുഷ വ്യക്തമാക്കിയിരുന്നു.
ഇത് ശരിവയ്‌ക്കുന്ന തരത്തിലാണ് ജീവനക്കാരും ഇവരുടെ ബന്ധത്തെക്കുറിച്ച് മൊഴി നൽകിയിരുന്നത്. നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് താൻ എത്തിയത് കളക്‌ടറുടെ ക്ഷണപ്രകാരമാണെന്നാണ് കേസിൽ അറസ്റ്റിലായ സിപിഎം നേതാവ് പിപി ദിവ്യ ആവർത്തിക്കുന്നത്. എന്നാൽ, കളക്‌ടർ ഇത് നിഷേധിച്ചിരുന്നു.
Source link