‘ഇനി ഇത് ആവർത്തിക്കരുത്’; കേരളത്തിന് കത്തെഴുതി കർണാടക, അതിർത്തിയിൽ പരിശോധന ശക്തം

ബംഗളൂരു: സംസ്ഥാന അതിർത്തി കടന്ന് ട്രക്കുകളിൽ മാലിന്യം തള്ളുന്നത് തടയണമെന്ന് കേരളത്തിലെ മലിനീകരണ നിയന്ത്രണ ബോർഡിന് കത്തെഴുതി കർണാടക. കേരളത്തിൽ നിന്ന് ട്രക്കുകളിൽ മെഡിക്കൽ, മൃഗാവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് എന്നിവയാണ് അയൽ സംസ്ഥാനമായ ക‌ർണാടകയിലേക്ക് അനധികൃതമായി കടത്തുന്നത്. കഴിഞ്ഞ ദിവസം കേരളത്തിൽ നിന്ന് മാലിന്യവുമായി എത്തിയ ആറ് ട്രക്കുകൾ ബന്ദിപ്പുർ മൂലെഹോളെ ചെക്ക്പോസ്റ്റിൽ പൊലീസ് തടഞ്ഞിരുന്നു. സംഭവത്തിൽ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

മലിനീകരണ നിയന്ത്രണ ബോർഡ് ചാമരാജ്‌നഗർ ജില്ലാ ഓഫീസർ പി ഉമാശങ്കർ നൽകിയ രഹസ്യവിവരത്തെ തുടർന്നാണ് ഗുണ്ടൽപേട്ട് പൊലീസ് ട്രക്ക് പിടികൂടിയത്. ബന്ദിപ്പൂർ വനമേഖല, എച്ച്ഡി കോട്ട, ചാമരാജ്‌നഗർ, നഞ്ചൻഗുഡ്, മെെസൂരു, മണ്ഡ്യ, കുടക് എന്നിവിടങ്ങളിലെ ആളൊഴിഞ്ഞ മേഖലകളിലാണ് മാലിന്യം തള്ളുന്നത്. കർണാടകയിൽ മാലിന്യം തള്ളുന്നതിനെതിരെ ഉദ്യോഗസ്ഥരും സാമൂഹ്യ പ്രവർത്തകും രംഗത്തെത്തിയിട്ടുണ്ട്.

2019 ജനുവരിയിൽ ഇത്തരത്തിൽ മെെസൂരു സിറ്റി കോർപ്പറേഷൻ ഉദ്യോഗസ്ഥർ നഗരത്തിൽ മാലിന്യം തള്ളുന്നതായി കണ്ടെത്തി ട്രക്കുകൾ പിടിച്ചെടുത്തതോടെയാണ് വിഷയത്തിലേക്ക് കൂടുതൽ ശ്രദ്ധതിരിഞ്ഞത്. പിന്നാലെ കർണാടക പരിശോധന ശക്തമാക്കി. മാസങ്ങൾക്ക് മുൻപ് മെെസൂരുവിൽ മാലിന്യം തള്ളാനെത്തിയ ലോറി പിടികൂടി രണ്ട് ജീവനക്കാരെ അറസ്റ്റ് ചെയ്തിരുന്നു. 2020 ജനുവരിയിൽ കർണാടക ഇതേ ആവശ്യം കേരളത്തോട് ഉന്നയിച്ചതാണ്. ബാവലി പോലുള്ള ചെക്ക്പോസ്റ്റുകളിൽ പരിശോധന ശക്തമാക്കാൻ കർണാടക വനംവകുപ്പ് നിർദേശം നൽകി.


Source link
Exit mobile version