മല്ലു വാട്‌സാപ്പ് ഗ്രൂപ്പ്: ഗോപാലകൃഷ്ണന് പിന്തുണയുമായി വിശ്വഹിന്ദു പരിഷത്ത്, സർക്കാരിന് വിമർശനം

ന്യൂഡൽഹി: മല്ലു ഹിന്ദു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തിൽ ഐഎഎസ് ഉദ്യോഗസ്ഥനായ ഗോപാലകൃഷ്ണന് പിന്തുണയുമായി വിശ്വഹിന്ദു പരിഷത്ത്. കേരളത്തിൽ ഹിന്ദുക്കൾക്കായി വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കുന്നത് കുറ്റകരമണോ എന്നും വിശ്വഹിന്ദു പരിഷത്ത് ചോദിക്കുന്നുണ്ട്.
‘മല്ലു ഹിന്ദു’ എന്ന ഒരു ഗ്രൂപ്പ് ഉണ്ടാക്കിയെന്ന പേരിൽ പേരിൽ ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ ഇരയാക്കാനാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാർ ശ്രമിക്കുന്നത്. മൊബൈൽ ഹാക്ക് ചെയ്തതാണെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിട്ടുണ്ട്. മെസേജുകൾ ഗ്രൂപ്പിൽ അയച്ചിട്ടില്ല, മറ്റ് മതസ്ഥരുണ്ടാക്കിയ ഗ്രൂപ്പുകളും സർക്കാർ നിരോധിക്കുമോ’ എന്നും വിഎച്ച്പി വക്താവ് വിനോദ് ബന്സാൽ ചോദിക്കുന്നുണ്ട്. ഹിന്ദു വിരുദ്ധ, ജിഹാദി, മിഷിനറി പ്രവർത്തനങ്ങളലേർപ്പെടുന്നവർക്കെതിരെ സർക്കാർ എന്ത് നടപടിയെടുത്തുവെന്നും വിഎച്ച്പി ചോദിച്ചു.
വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ അഡ്മിനായാണ് മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന ഗ്രൂപ്പ് പ്രത്യക്ഷപ്പെട്ടത്. താൻ അഡ്‌മിനായി മല്ലു മുസ്ലീം ഓഫീസേഷ്സ് എന്നൊരു ഗ്രൂപ്പും ഉണ്ടെന്ന് കണ്ടെത്തിയെന്ന് ഗോപാലകൃഷ്ണൻ പിന്നീട് വിശദമാക്കിയിരുന്നു. വിവാദമായതോടെ മണിക്കൂറുകൾക്കുള്ളിൽ ഗ്രൂപ്പുകൾ ഡിലീറ്റാക്കുകയും ചെയ്തു. ഹാക്കർമാർ തന്റെ ഫോൺ കോൺടാക്ടിലുള്ളവരെ ചേർത്ത് ഗ്രൂപ്പുകൾ ഉണ്ടാക്കിയെന്നാണ് ഗോപാലകൃഷ്ണന്റെ വിശദീകരണം. എന്നാൽ അന്വേഷണത്തിൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.
ഗോപാലകൃഷ്ണന്റെ ഫോൺ ഹാക്ക് ചെയ്തല്ല ഗ്രൂപ്പ് രൂപീകരിച്ചതെന്ന് ഗൂഗിൾ പൊലീസിനെ നേരത്തേ അറിയിച്ചു. ഗ്രൂപ്പുകൾ രൂപീകരിക്കാൻ ഗോപാലകൃഷ്ണന്റെ ഫോണിന്റേതല്ലാത്ത ഐ.പി വിലാസം ഉപയോഗിച്ചിട്ടില്ലെന്ന് ഇന്റർനെറ്റ് സേവനദാതാക്കളും വിവരം നൽകി. ഇതോടെ ഗോപാലകൃഷ്ണൻ തന്നെയാണ് ഗ്രൂപ്പുകളുണ്ടാക്കിയതെന്ന പൊലീസിന്റെ സംശയം ബലപ്പെടുകയാണ്. ഹാക്കിംഗ് നടന്നിട്ടില്ലെന്ന് നേരത്തെ വാട്സ്ആപ്പും പൊലീസിന് റിപ്പോർട്ട് നൽകിയിരുന്നു.
Source link