‘പിപി ദിവ്യയ്‌ക്ക് ഒരു തെറ്റുപറ്റി, അത് തിരുത്തി മുന്നോട്ടുപോകും’; അവർ ഇപ്പോഴും പാർട്ടി കേഡർ തന്നെയാണെന്ന് എം വി ഗോവിന്ദൻ
തൃശൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പ്രേരണക്കുറ്റം ചുമത്തപ്പെട്ട കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ സിപിഎമ്മിന്റെ എല്ലാ ചുമതലങ്ങളിൽ നിന്ന് നീക്കിയ നടപടിയിൽ വിശദീകരണവുമായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്ത്. ദിവ്യ സിപിഎം കേഡറാണ്. ദിവ്യയ്ക്ക് ഒരു തെറ്റുപറ്റി. ആ തെറ്റ് തിരുത്തി മുന്നോട്ടുപോകും. ദിവ്യയ്‌ക്കെതിരായ നടപടികൾ ജില്ലാ കമ്മിറ്റിയെടുക്കും. അതിനെക്കുറിച്ച് ജില്ലാ കമ്മിറ്റി തന്നെ വിശദീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘ തുടക്കം തൊട്ടേ എഡിഎമ്മിന്റെ കുടുംബത്തിനൊപ്പമാണെന്ന നിലപാട് സിപിഎം സ്വീകരിച്ചിരുന്നു. കോടതിയിൽ എഡിഎമ്മിനെതിരെ പറയുന്നത് ദിവ്യയുടെ വ്യക്തിപരമായ കാര്യം മാത്രമാണ്. അത് പാർട്ടി നിലപാടല്ല. ദിവ്യയുടെ അടുത്ത് ഇനിയും പാർട്ടി നേതാക്കൾ പോകും അവർ ഇപ്പോഴും പാർട്ടി കേഡർ തന്നെയാണ്’,- എം വി ഗോവിന്ദൻ പറഞ്ഞു.
ഇന്നലെ ചേർന്ന സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ അടിയന്തര യോഗത്തിൽ പിപി ദിവ്യയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്താൻ തീരുമാനിച്ചിരുന്നു. രാത്രി ഓൺലെെനായി ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ഇതിന് അംഗീകാരം നൽകുകയായിരുന്നു. പിപി ദിവ്യയുടെ നടപടി ഗുരുതര വീഴ്ചയാണെന്ന് യോഗം വിലയിരുത്തി. താമസിക്കുന്ന സ്ഥലമായ ഇരിണാവ് ലോക്കൽ കമ്മിറ്റിയിലെ ഇരിണാവ് ഡാം ബ്രാഞ്ചംഗമായി ദിവ്യ തരംതാഴ്ത്തപെടും.
Source link