KERALAMLATEST NEWS

പൊലീസ് വന്നിരുന്നെങ്കിൽ കള്ളപ്പണം കിട്ടിയേനെ; പരോക്ഷ വിമർശനവുമായി മന്ത്രി ഗണേശ് കുമാർ

പാലക്കാട്: കോൺഗ്രസ് നേതാക്കൾ ഹോട്ടലിൽ കള്ളപ്പണം കൊണ്ടുവന്നുവെന്ന ആരോപണത്തിൽ പൊലീസിനെ പരോക്ഷമായി വിമർശിച്ച് ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാർ. ഹോട്ടലിലേക്ക് പൊലീസ് നേരത്തെ എത്തിയിരുന്നെങ്കിൽ കളളപ്പണം കണ്ടെത്താമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

‘തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇപ്പോൾ എല്ലാത്തിന്റെയും നിയന്ത്രണം. ഒരു മുഖ്യമന്ത്രിക്കോ മന്ത്രിക്കോ ഇടപെടാവുന്ന വിഷയമല്ല ഇത്. വിവരം കിട്ടിയാൽ പരിശോധിക്കും. അത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സിസ്റ്റമാണ്. സർക്കാരാണ് പൊലീസിനെ വിട്ടതെന്നൊന്നും പറയരുത്. അങ്ങനെ തെറ്റിദ്ധരിപ്പിക്കരുത്.

ഇത്തരമൊരു വിവരം കിട്ടിയാൽ തിരഞ്ഞെടുപ്പ് സമയത്ത് പൊലീസിന് എവിടെയും കയറി പരിശോധിക്കാം. ആരുടെ വണ്ടിയും തടഞ്ഞുനിർത്താം. ഞാൻ സ്ഥാനാർത്ഥിയായിരുന്നപ്പോൾ എന്റെ വണ്ടിയും തടഞ്ഞുനിർത്തിയിട്ടുണ്ട്. പൊലീസ് കുറച്ച് കൂടെ നേരത്തെ വന്നിരുന്നെങ്കിൽ, എല്ലാ മുറിയും പരിശോധിച്ചിരുന്നെങ്കിൽ പണം കിട്ടുമായിരുന്നെന്നാണ് എന്റെ അഭിപ്രായം.

ഒരു അഭിനേതാവ് എന്ന നിലയിൽ ഞാൻ പറയാം. ഒഴിഞ്ഞ കപ്പിൽ വെള്ളം കുടിക്കുന്നതും ചായയുള്ള കപ്പിൽ കുടിക്കുന്നതും ദൂരെ നിന്ന് കണ്ടാൽ മനസിലാകും. ഭാരമുള്ള പെട്ടി കൊണ്ടുപോകുന്നതും ഭാരമില്ലാത്ത പെട്ടി ഉരുട്ടിക്കൊണ്ടുപോകുമ്പോഴുമുള്ള വ്യത്യാസം ശ്രദ്ധിച്ചുനോക്കിയാൽ ആ വീഡിയോയിൽ നിന്ന് മനസിലാകും. അത് പണമായിരിക്കുമല്ലോ. അല്ലാതെ നനയ്ക്കാനുള്ള തുണിയുമായി വരുമോ.’- ഗണേഷ് കുമാർ ചോദിച്ചു.


Source link

Related Articles

Back to top button