അലിഗഡ് ന്യൂനപക്ഷ സ്ഥാപനം തന്നെ; സ്ഥാപിച്ചത് ആരെന്നതാണ് അടിസ്ഥാനമെന്നും സുപ്രീം കോടതി

അലിഗഡ് മുസ്‌ലിം സർവകലാശാലയുടെ ന്യൂനപക്ഷ പദവി തുടരും– Aligarh Muslim University | Supreme Court | Malayala Manorama

അലിഗഡ് ന്യൂനപക്ഷ സ്ഥാപനം തന്നെ; സ്ഥാപിച്ചത് ആരെന്നതാണ് അടിസ്ഥാനമെന്നും സുപ്രീം കോടതി

റൂബിൻ ജോസഫ്

Published: November 08 , 2024 12:07 PM IST

1 minute Read

ന്യൂഡൽഹി ∙ അലിഗഡ് മുസ്‍ലിം സർവകലാശാലയുടെ ന്യൂനപക്ഷ പദവി റദ്ദാക്കിയ അലഹാബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. 1967ലെ അസീസ് ബാഷ കേസിലെ വിധി റദ്ദാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി. ന്യൂനപക്ഷ സ്ഥാപനമാണോ എന്നത് അതിന്റെ സ്ഥാപകർ ആരെന്നതിനെ അടിസ്ഥാനമാക്കിയാണെന്നും നിയമപ്രകാരം സ്ഥാപിച്ചുവെന്നതുകൊണ്ട് ഒരു സ്ഥാപനത്തിന്റെ ന്യൂനപക്ഷ പദവി നഷ്ടമാകുന്നില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ഭരണഘടന ബെഞ്ച് ഭൂരിപക്ഷ വിധിയിലൂടെ (4–3) വ്യക്തമാക്കി. സ്ഥാപിച്ചതാര് എന്ന ചോദ്യത്തിനുള്ള ഉത്തരം ന്യൂനപക്ഷ സമുദായം എന്നാണെങ്കിൽ, ഭരണഘടനയുടെ 30–ാം വകുപ്പു പ്രകാരം ആ സ്ഥാപനത്തിനു ന്യൂനപക്ഷ പദവി അവകാശപ്പെടാമെന്നും സംശയാതീതമായി കോടതി വ്യക്തമാക്കി.
അതേസമയം, അലിഗഡിന്റെ ന്യൂനപദവി തിരിച്ചു നൽകുന്നതിൽ ബെഞ്ച് തീർപ്പു പറഞ്ഞില്ല. ഇക്കാര്യം, പുതിയ ചീഫ് ജസ്റ്റിസ് നിയോഗിക്കുന്ന പുതിയ റെഗുലർ ബെഞ്ചിനു വിട്ടു. ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളുടെ ന്യൂനപക്ഷ പദവി വിഷയത്തിൽ ഉയർന്ന നിയമപ്രശ്നങ്ങൾ മാത്രമാണു കോടതി പരിശോധിച്ചത്. ഇക്കാര്യത്തിൽ നിയമവ്യാഖ്യാനം നടത്തിയ ബെഞ്ച്, അലിഗ‍ഡിന്റെ ന്യൂനപക്ഷ പദവിയുടെ കാര്യത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളാൻ പുതിയ ബെഞ്ചിനോടു നിർദേശിച്ചു.

1967 ൽ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അലിഗഡ് മുസ്‍ലിം സർവകലാശാലയുടെ ന്യൂനപക്ഷ പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ടാണു കേസിന്റെ തുടക്കം. അലിഗഡ് കേന്ദ്ര സർവകലാശാലയാണെന്നു ചൂണ്ടിക്കാട്ടി എസ്. അസീസ് ബാഷ നൽകിയ കേസിലായിരുന്നു കോടതി നടപടി. ഈ വിധിയിൽ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് 1981ൽ സംശയം പ്രകടിപ്പിച്ചു. തുടർന്നു വിഷയം ഏഴംഗ ബെഞ്ചിനു വിട്ടു. ഇതിലാണ് നാലരപ്പതിറ്റാണ്ടിനു ശേഷം കോടതി തീർപ്പു പറഞ്ഞത്.
1967 ലെ വിധി പ്രകാരം ന്യൂനപക്ഷ പദവി നഷ്ടമായെങ്കിലും 1981ൽ പാർലമെന്റ് പാസാക്കിയ നിയമത്തിലൂടെ അതു തിരികെ നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ പിജി കോഴ്സുകളിൽ മുസ്‍ലിം വിദ്യാർഥികൾക്കു സർവകലാശാല സംവരണം ഏർപ്പെടുത്തി. വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ ന്യൂനപക്ഷ പദവിയുടെ പേരിൽ സംവരണം അനുവദിച്ചത് അലഹാബാദ് ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. സർവകലാശാലാ ന്യൂനപക്ഷ സ്ഥാപനമല്ലെന്നു വ്യക്തമാക്കി ഹൈക്കോടതി 2006ൽ സംവരണ നടപടി റദ്ദാക്കി. തുടർന്ന് അന്നത്തെ യുപിഎ സർക്കാരും സർവകലാശാലയും സുപ്രീം കോടതിയെ സമീപിച്ചു. എന്നാൽ, നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതോടെ കേന്ദ്രത്തിന്റെ ഹർജി പിൻവലിച്ചു. പിന്നീട് സർവകലാശാലയുടെ അപ്പീൽ പരിഗണിച്ചാണ് ഭരണഘടനാ ബെഞ്ച് കേസിൽ വാദം കേട്ടത്.

English Summary:
Aligarh Muslim University A Minority Institution? Top Court’s 4:3 Majority Verdict

mo-educationncareer-amu 5us8tqa2nb7vtrak5adp6dt14p-list rubin-joseph 6e55k5vb2n8tpcaasnm3gmbf6d 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-judiciary-supremecourt


Source link
Exit mobile version