സന്ദീപ് വാര്യർ ബിജെപി വിട്ടേക്കും, സിപിഐയിലേക്കെന്ന് സൂചന

പാലക്കാട്: സന്ദീപ് വാര്യർ ബിജെപിയിൽ നിന്ന് പുറത്തേക്കെന്ന് സൂചന. ആർഎസ്എസ് നേതൃത്വം സന്ദീപുമായുള്ള ചർച്ചകൾ അവസാനിപ്പിച്ചുവെന്നാണ് വിവരം. സന്ദീപ് സിപിഐയിൽ ചേരുമെന്നാണ് ഒരു സ്വകാര്യ ടെലിവിഷൻ ചാനൽ റിപ്പോർട്ട് ചെയ്യുന്നത്. പാലക്കാട്ടെ ഒരു മന്ത്രിയാണ് ഇതിന് ചുക്കാൻ പിടിക്കുന്നതെന്നും സൂചനയുണ്ട്.

മണ്ണാർക്കാട്ടെ സിപിഐ പ്രാദേശിക നേതാക്കളുമായി സന്ദീപ് ചർച്ച നടത്തിയെന്ന രീതിയിലും വാർത്തകൾ പുറത്തുവരുന്നുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ണാർക്കാട് സീറ്റ് സന്ദീപിന് കൊടുക്കാം എന്നതാണ് ഡീൽ. അത്തരത്തിലൊരു ഉറപ്പ് സന്ദീപിന് കിട്ടിയതായും അഭ്യൂഹം ശക്തമാണ്.

എന്നാൽ സന്ദീപ് വാര്യർ ബിജെപി വിട്ട് ഒരിടത്തേക്കും പോകില്ലെന്നാണ് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ കൂടിയായ മേജർ രവി പ്രതികരിച്ചത്. ‘സന്ദീപ് ഇവിടെ നിന്ന് ചാടി അപ്പുറത്തോട്ട് പോകില്ല. ദേശീയ വികാരമുള്ള ഒരാളാണ് സന്ദീപ്. മറ്റു രാജ്യങ്ങളെ പിന്തുണയ്ക്കുന്ന പാർട്ടിയിലേക്ക് സന്ദീപ് പോകില്ല. ഒന്നര വർഷത്തിനകത്ത് ഇവിടെ പലതും ചെയ്യാനുണ്ട്. കമാൻഡർ എന്ന നിലയിൽ ഞാൻ പല പദ്ധതികളും തയാറാക്കി വച്ചിട്ടുണ്ട്. പാലക്കാട് ബിജെപി വിജയിക്കും എന്ന കാര്യത്തിൽ തർക്കമില്ല. ചേലക്കരയിൽ വലിയ മുന്നേറ്റമുണ്ടാക്കു‌ം. സർപ്രൈസ് ഉണ്ടാക്കുന്ന തിരഞ്ഞെടുപ്പ് ഫലമാകും ചേലക്കരയിൽ ഉണ്ടാവുക’’ – മേജർ രവി പറഞ്ഞു.


Source link
Exit mobile version