ബിജു മേനോനെ കുരുക്കിയ മുന്‍ വനിതാ എം.എല്‍.എ?
പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്നാണല്ലോ? ആര്‍ക്ക് ആരോട് എപ്പോള്‍ പ്രണയം തോന്നുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ സാധിക്കില്ല. ബിജു മേനോന്റെ കാര്യത്തില്‍ സംഭവിച്ചതും അതുതന്നെ. സംവിധായകന് ആലപ്പി അഷറഫ് യൂട്യൂബ് ചാനലിലുടെ പങ്ക് വച്ച സരസമായ അനുഭവകഥയാണ് അവലംബം. നടന് ബിജു മേനോനെ പ്രണയിച്ച ഒരു വനിതാ എം.എല്‍.എയാണ് ഈ കഥയിലെ നായിക.
ആരാധികയായ വനിതാ എം.എല്‍.എ
ബിജു മേനോന് അന്ന് വിവാഹിതനായിട്ടില്ല. എന്നു വച്ചാല്‍ മലയാളികളുടെ പ്രിയങ്കരിയായ സംയുക്താ വര്‍മ്മ ബിജുവിന്റെ ജീവിതത്തിലേക്ക് വലതുകാല്‍ വച്ച് കടന്നു വന്നിട്ടില്ലെന്ന് സാരം. പൗരുഷം തുളുമ്പുന്ന സ്വരവും ആകാരഭംഗിയും അഭിനയശേഷിയും എല്ലാമായി യുവകോമളനായ ബിജു വിലസുന്ന സമയം.
സമകാലികരായ ചില നടന്മാരില് നിന്ന് വിഭിന്നമായി ബിജുവിന് ചില ഗുണങ്ങളൊക്കെയുണ്ട്. അദ്ദേഹം അഭിനയിക്കും. തിരിച്ച് വീട്ടില്‍ പോകും. അതിനപ്പുറം അനാവശ്യമായി ഒരു കാര്യത്തിലും ഇടപെടുകയോ ആരെയും വേദനിപ്പിക്കുകയോ പിന്നില്‍ നിന്ന് കുത്തുകയോ ഒന്നും ചെയ്യില്ല. നേരെ വാ നേരെ പോ എന്നതാണ് രീതി. സിനിമയിലെ പെര്‍ഫക്ട് ജന്റില്മാന് എന്ന് അറിയപ്പെടുന്ന അപൂര്‍വം ചിലരില്‍ ഒരാളാണ് ബിജു. എല്ലാവര്ക്കും അദ്ദേഹത്തെക്കുറിച്ച് നല്ലത് മാത്രമേ പറയാനുളളു.
ചതി, വഞ്ചന, പരദൂഷണം, കുതികാല്‍വെട്ട് ഇത്യാദി കലാപരിപാടികള്‍ മരുന്നിന് പോലും കൊണ്ടു നടക്കാറില്ല. അങ്ങനെയൊരാളെ ഏതൊരു പെണ്ണും സ്വാഭാവികമായും പ്രണയിക്കും, ആരാധിക്കും.
ഒരിക്കല്‍ തലസ്ഥാന നഗരിയില്‍ ഒരു മീറ്റിങ്ങിൽ ബിജു പങ്കെടുക്കുകയുണ്ടായി. വേദിയില്‍ ഒരു വനിതാ എം.എല്‍.എ കൂടിയുണ്ട്. ബിജുവിന്റെ ഘനഗംഭീരമായ പ്രസംഗവും ആളുകളുടെ കയ്യടിയുമെല്ലാം കണ്ട് വനിത കാര്യമായൊന്ന് കോരിത്തരിച്ചു.
ചടങ്ങ് കഴിഞ്ഞ് വേദി വിടും മുന്‍പ് കക്ഷി ബിജുവിന്റെ അടുത്തുചെന്ന് പരിചയപ്പെടുകയും അദ്ദേഹത്തിന്റെ സിനിമകള്‍ എല്ലാം കാണാറുണ്ടെന്നും വലിയ ഇഷ്ടമാണെന്നും തുറന്നടിച്ചു. പിന്നാലെ ബിജുവിന്റെ നമ്പര്‍ ചോദിച്ചു വാങ്ങുകയും ചെയ്തു. ഇടയ്ക്ക് വിളിക്കാം എന്ന് കൂടി പറഞ്ഞപ്പോള്‍ ബിജുവിന് അതില്‍ അസാധാരണമായി ഒന്നും തോന്നിയില്ല. അന്ന് ഭരണത്തിലിരുന്ന പാര്‍ട്ടിയുടെ ജനപ്രതിനിധിയാണ്. വളരെയധികം അറിയപ്പെടുന്ന വ്യക്തിയാണ്.
ശരി എന്ന് മാത്രം പറഞ്ഞ് ബിജു പോയി.
പിറ്റേ ദിവസം തന്നെ അവര്‍ ബിജുവിനെ വിളിക്കുന്നു. അടുത്ത ദിവസം വിളിക്കുന്നു. പിന്നീട് അതൊരു തുടര്‍ക്കഥയായി മാറി.
സമ്മാനമായി അഞ്ച് ഷര്‍ട്ടുകള്‍
ഒരു ദിവസം രാത്രിയില്‍ വിളിച്ചിട്ട് അവര്‍ പറഞ്ഞു.
‘പകലൊക്കെ മീറ്റിങ്ങുകളും മറ്റുമായി തിരക്കിലാണ്. അതുകൊണ്ടാണ് ഈ സമയത്ത് വിളിച്ചത്’
പിന്നീട് വിളികള്‍ രാത്രികളിലേക്ക് മാറി. അര്‍ധരാത്രിയില്‍ പോലും സംസാരിക്കാന്‍ തുടങ്ങി. കോളെടുത്തു കഴിഞ്ഞാല്‍ ദീര്‍ഘനേരം സംസാരിച്ചുകൊണ്ടിരിക്കും. ബിജുവിന് വാസ്തവത്തില്‍ ഈ കലാപരിപാടി ആസ്വാദ്യകരമായി തോന്നിയില്ല. പക്ഷെ അതിശക്തയായ ഒരു നേതാവിനെ വെറുപ്പിച്ചാല്‍ കുഴപ്പമാകുമോ എന്ന ഭയം മൂലം അദ്ദേഹം എല്ലാം മൂളിക്കേട്ടു. ഇടയ്ക്ക് ഒരു മര്യാദയുടെ പേരില്‍ ചിരിക്കുകയും തമാശ പറയുകയും ചെയ്യും.
കുറച്ചുനാള്‍ കഴിഞ്ഞ് ഒരു ദിവസം അവര്‍ സംസാരമധ്യേ ഒന്നും അറിയാത്ത മട്ടില്‍ ബിജുവിന്റെ ഷര്‍ട്ടിന്റെ സൈസ് ചോദിക്കുന്നു. അടുത്ത ദിവസം നാലഞ്ച് ഷര്‍ട്ടുകള്‍ വാങ്ങി ഒരു സഹായിയുടെ കയ്യില്‍ കൊടുത്തു വിടുന്നു. ബിജു ശരിക്കും അമ്പരന്നുപോയി. ഷര്‍ട്ട് വാങ്ങാന്‍ കാശില്ലാത്ത ആളല്ലല്ലോ അദ്ദേഹം.
ഗിഫ്റ്റാണെങ്കില് തന്നെ എന്തിനാണ് ഇത്രയും ഷര്‍ട്ടുകള്‍? ഒരാള്‍ സമ്മാനിച്ചത് നിരസിക്കാനുളള ബുദ്ധിമുട്ട് മൂലം ബിജു അത് കൈപറ്റിയെങ്കിലും ഉപയോഗിക്കാതെ മാറ്റി വച്ചു. എന്നാല്‍ തന്റെ സമ്മാനം ബിജു ഹൃദയപൂര്‍വം സ്വീകരിച്ചു എന്നാണ് പാവം കാമുകി കരുതിയത്.
പിന്നീട് ഫോണില്‍ സംസാരിക്കുമ്പോള്‍ പച്ച ഷര്‍ട്ട് ബിജുവിന് നന്നായി ചേരുമെന്നൊക്കെ പറഞ്ഞ് അദ്ദേഹത്തെ പ്രീതിപ്പെടുത്താന്‍ നോക്കി. ദിവസങ്ങള്‍ പിന്നിടും തോറും അവര്‍ക്ക് ബിജുവിനെ കാണാതെയും അദ്ദേഹത്തിന്റെ ശബ്ദം കേള്‍ക്കാതെയും വയ്യെന്നായി. ശരിക്കും അസ്ഥിക്ക് പിടിച്ച പ്രണയം.
പ്രണയം ഭീഷണിക്ക് വഴിമാറി
ക്രിക്കറ്റിനോട് വലിയ ക്രേസുളള കൂട്ടത്തിലാണ് ബിജു. ആ സമയത്ത് ശ്രീലങ്കയിൽ ഒരു ക്രിക്കറ്റ് മാര്‍ച്ച് നടക്കുന്നത് കാണാനായി ബിജുവും സുഹൃത്തുക്കളൂം നിര്‍മാതാവ് സുരേഷ്കുമാറും കൂടി പോകുന്നു. ഒൻപതു ദിവസത്തെ പ്രോഗ്രാമാണ്. അതിനോട് അടുത്ത ദിവസം അവര്‍ വിളിച്ചപ്പോള്‍ ബിജു ഇക്കാര്യം പറഞ്ഞു. അത് കേട്ടതോടെ വനിത ആകെ ബേജാറിലായി. അത്രയും ദിവസം അകന്നു നില്ക്കാന് പറ്റില്ലെന്നും ശ്രീലങ്കയിലേക്ക് പോകണ്ടെന്നുമായി അവര്‍. ബിജു ആകെ അമ്പരന്നു. സ്നേഹം കൊണ്ടാണെങ്കിലും ഇത്രമാത്രം സ്വാതന്ത്ര്യമെടുക്കാന്‍ തക്ക എന്ത് ബന്ധമാണ് താനും ആ സ്ത്രീയും തമ്മിലുളളത്.
സുഹൃത്തുക്കളുമൊത്തുളള യാത്ര മാറ്റി വയ്ക്കാന്‍ പറ്റില്ലെന്ന് ബിജു കട്ടായം പറഞ്ഞു. അതും മൂന്‍കൂട്ടി തീരുമാനിച്ചതാണ്. അപ്പോഴും പോകാന്‍ പറ്റില്ലെന്ന് അവര്‍ വാശിപിടിച്ചു. പിറ്റേന്നും ബിജുവിനെ വിളിച്ച് തീരുമാനം എന്താണെന്ന് തിരക്കി. ശ്രീലങ്കയിലേക്ക് പോകുകയാണെന്ന് ബിജു തീര്‍ത്ത് പറഞ്ഞു. പെട്ടെന്ന് വനിതയുടെ ടോണ്‍ മാറി. അന്ന് കേരള രാഷ്ട്രീയത്തിലെ ശക്തനായ ഒരു നേതാവിന്റെ പേര് പരാമര്‍ശിച്ചിട്ട് അവര്‍ പറഞ്ഞു.
‘അദ്ദേഹത്തെ പോലും വരച്ച വരയില്‍ നിര്‍ത്തിയിട്ടുളള ആളാണ് ഞാന്‍. പിന്നെയാണോ നിങ്ങള്‍?’ എന്നായി വനിത.
ബിജു അതിന് മറുപടിയൊന്നും പറയാതെ സുഹൃത്തുക്കള്‍ക്കൊപ്പം ശ്രീലങ്കയിലേക്ക് പോയി. അവിടെ ചെന്ന് അഞ്ച് ദിവസം കഴിഞ്ഞപ്പോള്‍ സുരേഷ്കുമാര്‍ ആലപ്പി അഷറഫിനെ നാട്ടിലേക്ക് വിളിച്ച് പറയുന്നു.
‘ഒരു പ്രശ്നമുണ്ട്..’
അഷറഫ് കാര്യം തിരക്കിയപ്പോള്‍ സുരേഷ് ഈ കഥ പൂര്‍ണ്ണമായി തന്നെ ഫോണില്‍ വിശദീകരിച്ചിട്ട് ഇങ്ങനെ കൂട്ടിച്ചേര്‍ത്തു.
‘അവര്‍ പോകരുതെന്ന് പറഞ്ഞിട്ടും ബിജു സിലോണിലേക്ക് പോയതാണ് പ്രശ്നമായത്’
‘എന്ത് പ്രശ്നം?’
അഷറഫിന് ഒന്നും പിടികിട്ടിയില്ല. അപ്പോഴാണ് സൂരേഷ് അടുത്ത കാര്യം പറയുന്നത്. നാട്ടില്‍ ഏതോ നടിയുടെ മരണവുമായി ബന്ധപ്പെട്ട ഒരു കേസില്‍ ബിജുവിനെ കുടുക്കാന്‍ പദ്ധതിയുണ്ടെന്ന് ചില പൊലീസ് ഉദ്യോഗസ്ഥര്‍ വിളിച്ചിട്ട് പറയുന്നു പോലും. ശരിക്കും അഷറഫ് നടുങ്ങിപോയി. പ്രണയപാരവശ്യം കൊണ്ട് ഒരു സ്ത്രീ ഇങ്ങനെയൊക്കെ ചെയ്യുമോ?
കൊലക്കേസില്‍ കുരുക്കാന്‍ ശ്രമം
പെട്ടെന്ന് അഷറഫ് ഒരു കാര്യം ഓര്‍മ്മിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്പുളള ഒരു പത്രവാര്‍ത്തയില്‍ ചേര്‍ത്തലയില്‍ വച്ച് ഒരു കാറില്‍ മരിച്ച നിലയില്‍ ഒരു പെണ്‍കുട്ടിയെ കണ്ടെത്തിയതും സിനിമാ രംഗത്തുളള ചിലര്‍ക്ക് ഇതുമായി ബന്ധമുണ്ടോയെന്ന് സംശയിക്കുന്നതായും ആ വാര്‍ത്തയില്‍ പറയുന്നുണ്ട്. അഷറഫ് ഇക്കാര്യം സൂരേഷിനോട് സൂചിപ്പിച്ചു. ഉടന്‍ അദ്ദേഹം പറഞ്ഞു.
‘അഷറഫേ ചിലപ്പോള്‍ അതുതന്നെയായിരിക്കും സംഭവം. അങ്ങനെയെങ്കില്‍ ട്രിവാന്‍ഡ്രം എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയാലുടന്‍ അവര്‍ ബിജുവിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്’
വല്ലാത്ത പരിഭ്രാന്തിയുണ്ടായിരുന്നു സുരേഷിന്റെ വാക്കുകളില്‍. ‘എന്തായാലും അങ്ങനെയൊരു പദ്ധതി പൊലീസിനുണ്ടോയെന്ന് അഷറഫ് ഒന്ന് അന്വേഷിക്കണം’ എന്നും സുരേഷ് പറഞ്ഞു.
സുരേഷിന്റെ സഹോദരി ഭര്‍ത്താവ് സേനനും തൊട്ടുപിന്നാലെ അഷറഫിനെ വിളിച്ച് കാര്യങ്ങള്‍ തിരക്കുന്നു. തന്റെ അന്വേഷണത്തില്‍ അറസ്റ്റിന് സാധ്യതയില്ലെന്ന് അഷറഫ് പറഞ്ഞു. അത് കേട്ടതും എല്ലാവര്ക്കും ആശ്വാസമായി.
ബിജുവും സുരേഷും സംഘവും എയര്‍പോര്‍ട്ടില്‍ വന്നിറങ്ങി കുഴപ്പങ്ങളൊന്നുമില്ലാതെ മടങ്ങി. സുരേഷ് നേരെ വനിതാ എം.എല്‍.എയുടെ ക്വാര്‍ട്ടേഴ്സിലേക്ക് ചെന്നു. ഒരു ഐ.പി.എസ് ഓഫിസര്‍ ഉള്‍പ്പെടെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥന്മാരുടെ നടുക്കാണ് അവര്‍ ഇരിക്കുന്നത്. ഏതോ വലിയ പ്ലാനിങ്ന ടക്കുകയാണ്. പൊലീസുകാര്‍ക്ക് വനിത എന്തൊക്കെയോ നിര്‍ദ്ദേശങ്ങള്‍ നല്കുന്നു. സുരേഷിനോട് സംസാരിക്കാന്‍ അവര്‍ കൂട്ടാക്കിയില്ല. കാര്യങ്ങള്‍ വഷളാവുകയാണെന്ന് സുരേഷിന് ബോധ്യമായി.
എങ്ങനെയും ബിജുവിനെ രക്ഷിച്ചേ പറ്റൂ. സുരേഷ് ബിജുവിനെ ബലമായി വിളിച്ചുകൊണ്ടു വന്ന് അന്ന് കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായിരുന്ന നേതാവിന്റെ വീട്ടിലെത്തിച്ചു. ആ സമയത്ത് അദ്ദേഹത്തിന്റെ മകളും വീട്ടിലുണ്ട്. സുരേഷ് രണ്ടുപേരെയും കാര്യങ്ങള്‍ ധരിപ്പിച്ചു. വളരെ ദൈന്യമായി നില്ക്കുന്ന ബിജുവിന്റെ മുഖത്തേക്ക് നോക്കിയിട്ട് മകള്‍ പറഞ്ഞു.
‘പേടിക്കണ്ട..ബിജു..നമുക്ക് എല്ലാം ശരിയാക്കാം’
മകള്‍ ബിജുവിന്റെ മുന്നില്‍ വച്ച് തന്നെ വനിതാ എം.എല്‍.എയെ ഫോണില്‍ വിളിച്ച് പൊട്ടിത്തെറിച്ചു.
‘എന്താണ് നീ ഈ കാണിക്കുന്നത്?’
എന്ന് തുടങ്ങി ശരിക്കും ശകാരിച്ചു.
എന്നിട്ട് ബിജുവിനോടും സുരേഷിനോടുമായി പറഞ്ഞു.
‘നിങ്ങള്‍ ധൈര്യമായി പോകൂ. ഇനിയൊരു പ്രശ്നവും അവളുടെ ഭാഗത്തു നിന്നുണ്ടാവില്ല’
അങ്ങനെ മനസ്സമാധാനത്തോടെ കൂട്ടുകാര്‍ ആ വീടിന്റെ പടിയിറങ്ങി. പിന്നീടൊരിക്കലും വനിതയുടെ ശല്യം ഉണ്ടായതുമില്ല. ഒരു പ്രണയം വീണുടയാന്‍ എത്ര സമയം വേണം?
Source link