KERALAMLATEST NEWS

വയനാട്: ദുരന്തബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യസാധനങ്ങൾ, അരി കട്ടപിടിച്ച് ഉപയോഗശൂന്യം

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് വിതരണം ചെയ്തത് പുഴുവരിച്ച അരി ഉൾപ്പെടെയുള്ള ഭക്ഷ്യസാധനങ്ങൾ. കിറ്റിലുണ്ടായിരുന്ന വസ്ത്രങ്ങൾ ഉപയോഗിച്ചതും മുഷിഞ്ഞതും. മേപ്പാടി പഞ്ചായത്താണ് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തത്. കിറ്റിലുണ്ടായിരുന്ന ആട്ട, റവ തുടങ്ങിയവയും പഴകിയതാണ്. സംഭവത്തിൽ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐയും ബി.ജെ.പിയും നടത്തിയ മാർച്ച് സംഘർഷത്തിനിടയാക്കി. യു.ഡി.എഫാണ് പഞ്ചായത്ത് ഭരിക്കുന്നത്.

കുന്നമ്പറ്റയിൽ താമസിക്കുന്ന നാലു കുടുംബങ്ങൾക്ക് ലഭിച്ച കിറ്റിലാണ് കട്ടപിടിച്ചതും പുഴുവരിച്ചതുമായ അരിയുൾപ്പെടെ ലഭിച്ചത്. മേപ്പാടി പഞ്ചായത്ത് ഇ.എം.എസ് ഹാളിലെ കളക്ഷൻ സെന്ററിൽ സൂക്ഷിച്ചിരുന്ന കിറ്റുകളാണിവ. ഇവിടെ കെട്ടിക്കിടന്ന് കാലാവധി കഴിഞ്ഞ കിറ്റുകൾ വിതരണം ചെയ്തുവെന്നാണ് ആക്ഷേപം. അരി, റവ, ആട്ട, പഞ്ചസാര, പരിപ്പ്, പയർ തുടങ്ങിയ സാധനങ്ങളാണ് കിറ്റിലുള്ളത്.

ദുരന്തശേഷം നൂറിലധികംപേരാണ് പഞ്ചായത്തിൽ നിന്ന് കിറ്റുകൾ വാങ്ങുന്നത്. സ്പോൺസർമാരിൽ നിന്നടക്കം ലഭിച്ച ഭക്ഷ്യസാധനങ്ങളാണ് യഥാസമയം വിതരണം ചെയ്യാതെ സൂക്ഷിച്ചിരുന്നത്. പ്രതിഷേധിച്ചെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ലോഡ് കണക്കിന് അരിയുൾപ്പെടെ കെട്ടിക്കിടക്കുന്നതായി കണ്ടെത്തി. ഭൂരിപക്ഷവും കാലാവധി കഴിഞ്ഞതും പഴകിയതും.

പഞ്ചായത്ത് ഓഫീസിലേക്ക് തള്ളിക്കയറിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ സെക്രട്ടറിയേയും പ്രസിഡന്റിനെയും ഉപരോധിച്ചു. ബി.ജെ.പി പ്രവർത്തകർ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത്‌ പൊലീസ് തടഞ്ഞതോടെ ഉന്തും തള്ളുമായി. ലാത്തിച്ചാർജിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു.

കളക്ടറേറ്റിൽ കെട്ടിക്കിടന്ന സാധനങ്ങളാണ് പഞ്ചായത്തിലെത്തിച്ച് വിതരണം ചെയ്തതെന്നാണ് ഭരണസമിതിയുടെ വിശദീകരണം. ഉദ്യോഗസ്ഥരാണ് വിതരണം ചെയ്തത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമുള്ളതിനാൽ പഞ്ചായത്തിലെ ജനപ്രതിനിധികൾക്ക് ഇക്കാര്യത്തിൽ യാതൊരു പങ്കുമില്ലെന്നും പറഞ്ഞു.അതേസമയം സംഭവത്തിൽ സംസ്ഥാന ഭക്ഷ്യ കമ്മിഷൻ അടിയന്തര റിപ്പോർട്ട് തേടി. പരാതി പരിഹാര ഉദ്യോഗസ്ഥനായ എ.ഡി.എമ്മിനോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്.

”സംഭവം ഞെട്ടിക്കുന്നത്. ഗുരുതരമായ കുറ്റമാണിത്. റവന്യുവകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ല

മന്ത്രി കെ.രാജൻ


Source link

Related Articles

Back to top button