ആനിയുടെ വാക്കിൽ,​ സിനിമയിൽ പാടി രാധികാ സുരേഷ്‌ഗോപി

തിരുവനന്തപുരം: പിന്നണിഗായികയായി അരങ്ങേറ്റം കുറിക്കുന്നതിന്റെ സന്തോഷത്തിലാണ് നടനും എം.പിയുമായ സുരേഷ് ഗോപിയുടെ ഭാര്യ രാധികാ സുരേഷ്‌ഗോപി. കുട്ടിക്കാലത്തെ സംഗീതമോഹം പൊടിതട്ടിയെടുക്കാൻ പ്രേരണയായത് ഉറ്റസുഹൃത്തും നടിയുമായ ആനിയാണ്. ആനിയുടെയും ഷാജി കൈലാസിന്റെയും മൂത്തമകൻ ഉണ്ണി എന്ന് വിളിക്കുന്ന ജഗൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രാധിക ഗാനം ആലപിക്കുന്നത്. ‘എന്റെ കുഞ്ഞല്ലേ അവനും. അവന്റെ സിനിമയിൽ പാടുന്നത് ഒരു പ്രാർത്ഥന പോലെയാണ്…” രാധിക കേരളകൗമുദിയോട് പറഞ്ഞു. ‘മാരിവില്ലിനരികെ കൂടുവച്ച കിളിയേ…മനസിൽ പൊഴിയും പ്രണയരാമഴ….”എന്ന ഗാനത്തിന്റെ റെക്കാഡിംഗ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്നു. ചിത്രത്തിന് പേരിട്ടിട്ടില്ല. സ്കൂളിൽ പഠിക്കുമ്പോൾ എം.ജി. രാധാകൃഷ്ണൻ സംഗീതം ചെയ്ത ഒരു ആൽബത്തിൽ രാധിക പാടിയിട്ടുണ്ട്. പിന്നീട് വേദികളിൽ പാടിയിട്ടുണ്ടെങ്കിലും സിനിമാഗാനം ആലപിക്കുന്നത് ആദ്യമായാണ്. ‘നീണ്ട ബ്രേക്കിനുശേഷം പാടുമ്പോൾ ആദ്യം പരിഭ്രമം ഉണ്ടായിരുന്നു. ഞാൻ ചിത്രയെന്ന് വിളിക്കുന്ന ആനിയാണ് ആത്മവിശ്വാസം പകർന്നത്.”- രാധിക പറഞ്ഞു. രണ്ടു കുടുംബങ്ങളും പണ്ടുമുതൽക്കേ വലിയ ആത്മബന്ധമാണ്.

സിനിമയിൽ സജീവമാകില്ല

‘എന്നെക്കൊണ്ട് സിനിമയിൽ പാടിക്കുമെന്ന് ചിത്ര (ആനി)​ പണ്ടേ പറയുമായിരുന്നു…അത് കേട്ടതോടെ ഉണ്ണിക്കും ആഗ്രഹമായി. ഇപ്പോൾ ആ മോഹം സഫലമായി. ഉണ്ണി ഞങ്ങളുടെ അനുഗ്രഹമാണ്.” രാധിക പറഞ്ഞു. സിനിമയിൽ തുടർന്നും പാട്ടുകൾ പാടുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. മനു രഞ്ജിത്താണ് പാട്ടിന് വരികളെഴുതിയത്. രഞ്ജൻ രാജാണ് സംഗീതം. രഞ്ജി പണിക്കർ, സിജു വിൽസൺ, ശ്രീജിത്ത് രവി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. പാലക്കാടാണ് ചിത്രത്തിന്റെ ആദ്യ ഭാഗങ്ങൾ ചിത്രീകരിച്ചത്. പാട്ട് താൻ പ്രതീക്ഷിച്ചതിനേക്കാൾ നന്നായി റെക്കാഡ് ചെയ്യാൻ കഴിഞ്ഞെന്ന് സംവിധായകൻ ജഗൻ പറഞ്ഞു.


Source link
Exit mobile version