ശിവഗിരി തീർത്ഥാടനം ഡിസംബർ 15 മുതൽ

ശിവഗിരി : ശ്രീനാരായണഗുരുദേവന്റെ കല്പന പ്രകാരം ആരംഭിച്ച ശിവഗിരി തീർത്ഥാടനം 92-ാം വർഷത്തിലേക്ക് പ്രവേശിക്കുന്നു. ഡിസംബർ 15 മുതൽ ജനുവരി 5 വരെയുള്ള കാലയളവ് തീർത്ഥാടന ദിനങ്ങളായി കൊണ്ടാടാൻ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഗുരുഭക്തന്മാരുടെ യോഗം തീരുമാനിച്ചു.

ഭക്തജനങ്ങൾ പ്രത്യേകിച്ച് സ്ത്രീ ഭക്തജനങ്ങൾ വ്രതാനുഷ്ഠാനത്തോടെ പങ്കെടുക്കുന്നതിനാണ് തീർത്ഥാടന ദിനങ്ങൾ വർദ്ധിപ്പിച്ചത്. മത്സ്യം, മാംസം, മദ്യം എന്നിവ ഉപേക്ഷിച്ച് പീതാംബര ധാരികളായി വ്രതശുദ്ധിയോടെ ശിവഗിരിയിലെത്തണമെന്ന ഗുരുദേവന്റെ തീർത്ഥാടന സന്ദേശം മുഴുവൻ ഗുരുഭക്തൻമാരും പാലിക്കേണ്ടതാണ്. ഡിസംബർ15 രാവിലെ 10 മണിക്കു തീർത്ഥാടന പരിപാടികളുടെ ഉദ്ഘാടന സമ്മേളനം നടക്കും. തുടർന്ന് ഡിസംബർ 29 വരെ നിത്യേന രാവിലെ 10 മണിക്ക് പ്രഭാഷണവും വിവിധ സമ്മേളനങ്ങളും ഉച്ചയ്ക്ക് 2ന് വിശേഷാൽ പ്രഭാഷണങ്ങളും വിവിധ കലാപരിപാടികളും ഉണ്ടാകും.

ഡിസംബർ 15 മുതൽ ജനുവരി 1 വരെ കലാപരിപാടികൾ നേർച്ചയായോ സ്പോൺസർമാരുടെ സഹായത്താലോ നടത്താനാഗ്രഹിക്കുന്നവർ വിവരം തീർത്ഥാടനകമ്മിറ്റി, ശിവഗിരിമഠം, വർക്കല – 695141 എന്ന വിലാസത്തിൽ അറിയിക്കേണ്ടതാണ്. മഹാകവി കുമാരനാശാൻ ദേഹവിയോഗ ശതാബ്ദി സമ്മേളനം, കഥാപ്രസംഗ കലാശതാബ്ദി സമ്മേളനം, ഗുരുദേവൻ – മഹാത്മജി സമാഗമ ശതാബ്ദി സമ്മേളനം എന്നിവ ഈ കാലയളവിൽ നടക്കും. കൂടാതെ ശ്രീനാരായണ പ്രസ്ഥാന സംഗമം, ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളിലുമുള്ള ഗുരുഭക്ത /സാമുദായിക സമ്മേളനം എന്നിവയും ഉണ്ടാകും. ഗുരുഭക്തർ ഡിസംബർ 15 മുതലുളള തീർത്ഥാടന പരിപാടികൾ വിജയപ്രദമാക്കുവാൻ വാഹനങ്ങൾ ബുക്കു ചെയ്തും പദയാത്രകൾ സംഘടിപ്പിച്ചും തീർത്ഥാടന യാത്രാവിവരങ്ങൾ ശിവഗിരിയിൽ അറിയിച്ചും സഹകരിക്കണമെന്ന് ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ എന്നിവർ അറിയിച്ചു. വിശദ വിവരങ്ങൾക്ക് തീർത്ഥാടന കമ്മിറ്റി ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 9074316042


Source link
Exit mobile version