രാഹുലിന്റെ പെട്ടിയിൽ വസ്ത്രങ്ങളായിരുന്നു, ഞാൻ കണ്ടതാണ്; നുണ പരിശോധനയ്‌ക്ക് തയ്യാറെന്ന് വി കെ ശ്രീകണ്ഠൻ എംപി

പാലക്കാട്: കോൺഗ്രസ് നേതാക്കൾ ഹോട്ടലിൽ കള്ളപ്പണം കൊണ്ടുവന്നുവെന്ന ആരോപണത്തിൽ പ്രതികരിച്ച് വി കെ ശ്രീകണ്ഠൻ എംപി. യു ഡി എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ പെട്ടിയിൽ വസ്‌ത്രങ്ങളാണ് ഉണ്ടായിരുന്നതെന്നും അത് താൻ കണ്ടതാണെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
നുണ പരിശോധനയ്‌ക്ക് താൻ തയ്യാറാണെന്നും എംപി വ്യക്തമാക്കി. പൊലീസ് പിടിച്ചെടുത്ത ദൃശ്യങ്ങൾ എങ്ങനെ സി പി എം സോഴ്സ് വഴി പുറത്തുവിട്ടെന്നും പൊലീസ് സി പി എമ്മിനാണോ സിസിടിവി ദൃശ്യങ്ങൾ നൽകിയതെന്നും ശ്രീകണ്ഠൻ ചോദിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ സി പി എം പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. കെ പി എം ഹോട്ടലിന് പുറത്തുള്ള ദൃശ്യമാണ് പ്രചരിപ്പിച്ചത്. ഹോട്ടലിൽ നിന്ന് പുറത്തേക്കുവരുന്ന രാഹുലും ഫെനിയുമാണ് ദൃശ്യത്തിലുള്ളത്. ഫെനി ഹോട്ടലിൽ നിന്ന് ഇറക്കിക്കൊണ്ടുവന്ന നീല ട്രോളി ബാഗും മറ്റൊരു ബാഗും വെള്ള ഇന്നോവ ക്രിസ്റ്റയിൽ വയ്ക്കുന്നു. ഈ സമയം രാഹുലും സമീപത്തേക്ക് വന്നു. ഫെനി നൈനാൻ ഈ കാറിൽ കയറിപ്പോകുന്നു. സമീപത്തുണ്ടായിരുന്ന ഗ്രേ നിറത്തിലുള്ള കാറിലാണ് രാഹുൽ കയറുന്നത്. ഇതാണ് വീഡിയോയിലുള്ളത്. വസ്ത്രങ്ങളുള്ള ബാഗാണെങ്കിൽ രാഹുൽ മാങ്കൂട്ടത്തിൽ എന്തുകൊണ്ട് അതുകയറ്റിവച്ച കാറിൽ പോയില്ലെന്നാണ് സി പി എം ഉയർത്തുന്ന വാദം.
അതേസമയം, കെ പി എം ഹോട്ടലിലെ പാതിരാ പരിശോധനയിൽ സംസ്ഥാന പൊലീസ് മേധാവിക്ക് കോൺഗ്രസ് വനിതാ നേതാക്കൾ പരാതി നൽകി. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ഷാനിമോൾ ഉസ്മാനും ബിന്ദു കൃഷ്ണയുമാണ് ഡി.ജി.പിക്ക് പരാതി നൽകിയത്. വനിതാ പൊലീസ് ഇല്ലാതെ മുറിയിൽ പ്രവേശിക്കാൻ ശ്രമിച്ചെന്നും നിയമങ്ങൾ പാലിക്കാതെയാണ് പൊലീസ് ഇടപെട്ടതെന്നും പരാതിയിൽ ആരോപിക്കുന്നു. സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.
Source link