പദവികളിൽ നിന്ന് നീക്കാൻ തീരുമാനം , പി. പി ദിവ്യ പാർട്ടിയിൽ ‘തരം താഴും’
ദിവ്യയ്ക്ക് ഗുരുതര വീഴ്ചയെന്ന് കണ്ണൂർ ജില്ലാ കമ്മിറ്റി വിമർശനം
കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പ്രേരണക്കുറ്റം ചുമത്തപ്പെട്ട് റിമാൻഡിൽ കഴിയുന്ന മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്കെതിരേ സംഘടനാ തലത്തിൽ നടപടിക്ക് ശുപാർശ.
ഇന്നലെ ചേർന്ന സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ അടിയന്തിര യോഗത്തിലാണ് തീരുമാനം. പി.പി ദിവ്യയുടെ നടപടി ഗുരുതര വീഴ്ച്ചയാണെന്ന് യോഗം വിലയിരുത്തി. ജില്ലാ കമ്മിറ്റി അംഗമായ ദിവ്യയെ പാർട്ടിയിലെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കും.
തീരുമാനം സംസ്ഥാന കമ്മിറ്റിക്ക് സമർപ്പിച്ചു.
. തീരുമാനം അംഗീകരിച്ചാൽ പി.പി.ദിവ്യ ബ്രാഞ്ചംഗമായി മാറും. താമസിക്കുന്ന സ്ഥലമായ ഇരിണാവ് ലോക്കൽ കമ്മിറ്റിയിലെ ഇരിണാവ് ഡാം ബ്രാഞ്ചംഗമായി ദിവ്യ തരംതാഴ്ത്തപെടും.
അഴിമതിക്കെതിരായ സദുദ്ദേശ്യ നീക്കമായിരുന്നു പി.പി ദിവ്യയുടേതെന്നായിരുന്നു നവീൻബാബുവിന്റെ മരണത്തിന് തൊട്ടുപിന്നാലെ കണ്ണൂർ ജില്ലാ കമ്മിറ്റി വിലയിരുത്തിയത്. നവീൻബാബുവിന്റെ കുടുംബത്തിന്റെ സി.പി.എം പശ്ചാത്തലവും പത്തനംതിട്ട ജില്ലാകമ്മിറ്റിയുടെ ശക്തമായ നിലപാടും കണക്കിലെടുത്ത് കണ്ണൂർ ജില്ലാകമ്മിറ്റി മുൻനിലപാട് മാറ്റുകയായിരുന്നു. ഉപതെരഞ്ഞെടുപ്പുകളും പരിഗണിച്ചാണ് ജില്ലാ കമ്മിറ്റി കടുത്ത തീരുമാനം എടുക്കാൻ നിർബന്ധിതമായത്.
ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി ഇന്ന് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിപരിഗണിക്കും.ജാമ്യം ലഭിക്കാനുള്ള സാദ്ധ്യത വിരളമാണെന്നാണ് പാർട്ടി കരുതുന്നത്. ജാമ്യം ലഭിച്ചില്ലെങ്കിൽ നടപടിയെടുക്കുന്ന തരത്തിലാണ് ജില്ലാ കമ്മിറ്റി ശുപാർശ സംസ്ഥാന കമ്മിറ്റിക്ക് വിട്ടതെന്നാണ് വിവരം.
സമ്മേളനകാലമായതിനാൽ ഡിസംബറിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിൽ ജില്ലാ കമ്മിറ്റി അംഗത്വത്തിൽ നിന്ന് ദിവ്യയെ സ്വാഭാവികമായി ഒഴിവാക്കാമെന്നായിരുന്നു കഴിഞ്ഞ ജില്ലാ സെക്രട്ടേറിയറ്റിലെ തീരുമാനം.
Source link