വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിൽ നിന്ന് ആദായ നികുതി പിടിക്കാം – Income tax can be deducted from salaries of priests and nuns: Supreme Court | India News, Malayalam News | Manorama Online | Manorama News
വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിൽ നിന്ന് ആദായ നികുതി പിടിക്കാം
മനോരമ ലേഖകൻ
Published: November 08 , 2024 02:25 AM IST
1 minute Read
നിയമം എല്ലാവർക്കും ഒരുപോലെയെന്ന് സുപ്രീം കോടതി
സുപ്രീം കോടതി (ഫയൽ ചിത്രം: രാഹുൽ ആർ പട്ടം/മനോരമ)
ന്യൂഡൽഹി ∙ നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിൽ നിന്ന് ആദായനികുതി പിടിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകരായ വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിൽ നിന്നു നികുതി ഈടാക്കുന്നതിനെതിരായ 93 അപ്പീലുകൾ തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നടപടി.
വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിനു ടിഡിഎസ് ബാധകമാകുമെന്ന മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരായ ഹർജിയും കേരളത്തിൽ നിന്നുൾപ്പെടെയുള്ള മറ്റു ഹർജികളും ബെഞ്ച് പരിഗണിച്ചു. ദാരിദ്ര്യത്തിൽ ജീവിക്കാമെന്നു വ്രതമെടുത്തവരാണ് വൈദികരും കന്യാസ്ത്രീകളുമെന്നും അവരുടെ ശമ്പളം രൂപതയ്ക്കും കോൺവെന്റുകൾക്കുമായി നൽകുകയാണ് ചെയ്യുന്നതെന്നും ഹർജിക്കാർ വാദിച്ചു. അതുകൊണ്ട് അവരുടെ ശമ്പളത്തെ വ്യക്തിഗതമായി കാണാൻ കഴിയില്ലെന്നായിരുന്നു പ്രധാന ഹർജിക്കാരായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദ് ഫ്രാൻസിസ്കൻ മിഷനറീസ് ഓഫ് മേരീസ് ഉൾപ്പെടെയുള്ളവരുടെ വാദം.
ശമ്പളം ലഭിക്കുന്നുണ്ടെന്നും അതു കൈമാറുന്നുവെന്നതു കൊണ്ട് വരുമാനമില്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്നുമായിരുന്നു ബെഞ്ചിന്റെ മറുപടി. ‘തൊഴിലുണ്ടായിരിക്കുകയും അതിനു ശമ്പളം കിട്ടുകയും ചെയ്യുന്നുണ്ടെങ്കിൽ നികുതി നൽകാൻ ബാധ്യതയുണ്ട്. ഹൈന്ദവ പൂജാരി തനിക്കു കിട്ടുന്ന വേതനം ഒരു സംഘടനയ്ക്ക് പൂജയ്ക്കായി നൽകുന്നുവെന്നും നികുതി നൽകാനാകില്ലെന്നും പറയുന്നത് എങ്ങനെയാണ്. ശമ്പളം കിട്ടുന്നുണ്ടെങ്കിൽ അതിനു നികുതിയും നൽകണം. നിയമം എല്ലാവർക്കും ഒരുപോലെയാണ്. പണം സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാതെ കൈമാറുന്നുവെന്നതിന് നികുതി ഈടാക്കലുമായി ബന്ധമില്ല – ചീഫ് ജസ്റ്റിസ് പറഞ്ഞു.
English Summary:
Income tax can be deducted from salaries of priests and nuns: Supreme Court
5t3arspm2gmqtl07ul45joen6n mo-news-common-malayalamnews mo-business-incometax 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-supremecourt mo-news-common-salary
Source link