തിരുവനന്തപുരം: തനിക്കുനേരെ വരുന്ന വിമർശനങ്ങളെ ധീരമായി നേരിടുന്ന പടയാളിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് നടി ഷീല. കവടിയാർ ഗോൾഫ് ക്ലബിൽ നടന്ന ഒൻപതാമത് ഫിലിം റിസ്റ്റോറേഷൻ അന്താരാഷ്ട്ര ശില്പശാലയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.
കേരളം വൈരം പതിപ്പിച്ച സ്വർണക്കിരീടമാണ് മുഖ്യമന്ത്രിക്ക് നൽകിയത്. എന്നാൽ അത് മുൾക്കിരീടമാണെന്ന് അദ്ദേഹത്തിന് മാത്രമേ അറിയു. ജസ്റ്റിസ് ഹേമകമ്മിറ്റിയെ നിയമിച്ചതിന് മുൻകൈയെടുത്തത് മുഖ്യമന്ത്രിയാണ്. ഒട്ടേറെ സിനിമകളിൽ പ്രവർത്തിച്ച് വിശ്രമജീവിതം നയിക്കുന്നവരെ അംഗീകരിക്കാൻ സർക്കാർ തയ്യാറാകണം.
സിനിമാചരിത്രകാരൻ എസ്.തിയോടർ ഭാസ്കരന് സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം ഷീല സമ്മാനിച്ചു. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ സ്ഥാപകൻ ശിവേന്ദ്ര സിംഗ് ദുംഗാർപൂർ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ,മുൻ ചീഫ് സെക്രട്ടറി ഡോ.വി.വേണു,സംവിധായകൻ സയ്യിദ് മിർസ,നടി ജലജ,കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി.എൻ.കരുൺ,സാംസ്കാരിക വകുപ്പ് അഡി.ചീഫ് സെക്രട്ടറി ഡോ.രാജൻ ഖോബ്രഗഡെ തുടങ്ങിയവർ പങ്കെടുത്തു.
പ്രതിഷേധമിരമ്പി വ്യാപാരി
വ്യവസായി രാജ്ഭവൻ മാർച്ച്
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വ്യാപാരവിരുദ്ധ നയങ്ങൾക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ നടത്തിയ രാജ്ഭവൻ മാർച്ചിൽ പ്രതിഷേധമിരമ്പി. കുത്തക,ഓൺലൈൻ ഭീമന്മാരിൽ നിന്ന് ചെറുകിട വ്യാപാരികളെ സംരക്ഷിക്കുക,കെട്ടിട വാടകകയ്ക്ക് മേലുള്ള ജി.എസ്.ടി വ്യാപാരികളിൽ നിന്ന് ഈടാക്കാനുള്ള തീരുമാനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. പതിനായിരക്കണക്കിന് വ്യാപാരികൾ മാർച്ചിൽ പങ്കെടുത്തു.
രാജ്ഭവന് മുമ്പിൽ നടത്തിയ ധർണ ഭാരതീയ ഉദ്യോഗ വ്യാപാര മണ്ഡൽ ദേശീയ പ്രസിഡന്റ് ബാബുലാൽ ഗുപ്ത ഉദ്ഘാടനം ചെയ്തു. ജി.എസ്.ടി രാജ്യത്തെ 7കോടിയോളമുള്ള ചെറുകിട വ്യാപാരികളെ പ്രതിസന്ധിയിലാക്കിയെന്നും ഇതിലെ തെറ്റായ തീരുമാനങ്ങൾ തിരുത്താൻ കേന്ദ്ര സർക്കാർ തയ്യാറായില്ലെങ്കിൽ രാജ്യവ്യാപക സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് രാജു അപ്സര അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കുഞ്ഞാവു ഹാജി,ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി,ട്രഷറർ ദേവരാജൻ,സീനിയർ വൈസ് പ്രസിഡന്റ് കെ.വി.അബ്ദുൽ ഹമീദ്,സി.ധനീഷ് ചന്ദ്രൻ,വൈ.വിജയൻ,എം.കെ.തോമസ്കുട്ടി,പി.സി.ജേക്കബ്,എ.ജെ.ഷാജഹാൻ,കെ.അഹമ്മദ് ശരീഫ്,ബാബു കോട്ടയിൽ,സണ്ണി പൈമ്പിള്ളിൽ,ബാപ്പു ഹാജി,ജോജിൻ.ടി. ജോയി,വി.സബിൽ രാജ് തുടങ്ങിയവർ നേതൃത്വം നൽകി.
അങ്കമാലി അർബൻ ബാങ്ക് തട്ടിപ്പ്
രണ്ട് ഭരണ സമിതി
അംഗങ്ങൾ അറസ്റ്റിൽ
അങ്കമാലി: അങ്കമാലി അർബൻ സഹകരണ സംഘത്തിലെ 96 കോടിയുടെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് മുൻ ഡയറക്ടർ ബോർഡ് മെംബർമാർ അറസ്റ്റിലായി. കാലടി പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.പി. ജോർജ്, മഞ്ഞപ്ര പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.വി. സെബാസ്റ്റ്യൻ മാടൻ എന്നിവരെയാണ് തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി റോയ് വർഗീസ് അറസ്റ്റ് ചെയ്തത്.
വ്യാജ പ്രമാണങ്ങളിലൂടെയും മറ്റുമായി കോടികളുടെ തട്ടിപ്പാണ് ബാങ്കിൽ നടന്നത്. ടി.പി. ജോർജിനെയും സെബാസ്റ്റ്യൻ മാടനെയും അയോഗ്യരാക്കി സഹകരണ സംഘം ജില്ലാ ജോയിന്റ് രജിസ്ട്രാർ നേരത്തെ ഉത്തരവിറക്കിയിരുന്നു. അയോഗ്യരാക്കിയ മൂന്നു പേരിൽ ഒരാളായ വൈശാഖ് എസ്. ദർശൻ ഒളിവിലാണ്. ടി.പി. ജോർജിന് രണ്ടര കോടിയും വൈശാഖിന് 40 ലക്ഷവും എം.വി. സെബാസ്റ്റ്യന് 26.5 ലക്ഷവും വായ്പാ കുടിശികയുണ്ട്.
Source link