നിയമനം: തിരഞ്ഞെടുപ്പു രീതി പാതിവഴിയിൽ മാറ്റരുത്; സുപ്രീം കോടതി വിധി ശരിവച്ച് ഭരണഘടന ബെഞ്ച് – Latest News | Manorama Online
നിയമനം: തിരഞ്ഞെടുപ്പു രീതി പാതിവഴിയിൽ മാറ്റരുത്; സുപ്രീം കോടതി വിധി ശരിവച്ച് ഭരണഘടന ബെഞ്ച്
മനോരമ ലേഖകൻ
Published: November 08 , 2024 02:49 AM IST
1 minute Read
ന്യൂഡൽഹി ∙ സർക്കാർ ജോലിക്കുള്ള നിയമന നടപടി തുടങ്ങിക്കഴിഞ്ഞാൽ തിരഞ്ഞെടുപ്പു രീതിയിൽ (സിലക്‌ഷൻ പ്രോസസ്) മാറ്റം വരുത്താൻ കഴിയില്ലെന്നു സുപ്രീം കോടതി ഭരണഘടന ബെഞ്ച് വ്യക്തമാക്കി. 2008–ലെ സുപ്രീംകോടതി (കെ.മഞ്ജുശ്രീയും ആന്ധ്ര സർക്കാരും തമ്മിലുള്ള കേസ്) വിധി ശരിവച്ചു കൊണ്ടാണ് ഭരണഘടന ബെഞ്ച് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.
‘ഒഴിവു നികത്താൻ അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനമോ പരസ്യമോ വരുന്നതോടെ നിയമന നടപടി തുടങ്ങും. നിയമനത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇടംപിടിക്കാനുള്ള യോഗ്യതാ മാനദണ്ഡം വിജ്ഞാപനത്തിലുണ്ടാകും. ചട്ടം വ്യക്തമായി അനുവദിക്കുന്നുണ്ടെങ്കിൽ മാത്രമേ നിയമന പ്രക്രിയയുടെ മധ്യേ തിരഞ്ഞെടുപ്പു രീതിയിൽ മാറ്റം വരുത്താൻ കഴിയു. ചട്ടപ്രകാരമോ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലോ തിരഞ്ഞെടുക്കുന്ന രീതിയിൽ മാറ്റം വരുത്താൻ കഴിയുമെങ്കിൽ, ആ നടപടി ഭരണഘടനയിലെ തുല്യത സംബന്ധിച്ച വ്യവസ്ഥ ഉറപ്പാക്കിക്കൊണ്ടാകണം. അതുപോലെ തോന്നുംപടിയാകാനും പാടില്ല.– ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. ജസ്റ്റിസ് മനോജ് മിശ്രയാണ് വിധിന്യായമെഴുതിയത്.
വിധിയിൽ നിന്ന്:
∙ നിയമനത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടുവെന്നതു കൊണ്ട്, നിയമിക്കപ്പെടാനുള്ള അനിഷേധ്യ അവകാശം ഒരാൾക്കു ലഭിക്കില്ല.
∙ സദുദ്ദേശ്യത്തോടെയാണെങ്കിൽ ഒഴിവു നികത്തേണ്ടെന്നു തീരുമാനിക്കാൻ സർക്കാരിനോ അധികാരികൾക്കോ കഴിയും.
∙ ഒഴിവു നിലനിൽക്കുമ്പോൾ റാങ്ക് പട്ടികയിൽ ഉള്ളവർക്ക് നിയമനം നിഷേധിക്കാനാകില്ല.
∙ വ്യക്തമായ ചട്ടങ്ങൾ ഇല്ലാത്ത സാഹചര്യമാണെങ്കിൽ ഭരണപരമായ നിർദേശങ്ങൾ കണക്കിലെടുക്കാം.
English Summary:
The Supreme Court of India has reaffirmed that altering the selection process for government jobs after initiating the recruitment process is unconstitutional.
3siurqu48p7kdhftdnj837k2st mo-news-common-newdelhinews mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-supremecourt
Source link