ന്യൂഡൽഹി : ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും, പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും വിചാരണക്കോടതികൾ നഷ്‌ടപരിഹാരം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി. ഇരകളുടെ പുനരധിവാസം, ചികിത്സ തുടങ്ങിയവയ്‌ക്ക് സർക്കാർ ഫണ്ടിൽ നിന്നുള്ള നഷ്‌ടപരിഹാരം നൽകണം.
പോക്സോ തുടങ്ങിയ നിയമങ്ങൾ ചുമത്തുന്ന കേസുകളിൽ, വസ്‌തുതകളുടെ അടിസ്ഥാനത്തിൽ ഇടക്കാല നഷ്‌ടപരിഹാരവും സെഷൻസ് കോടതിക്ക് വിധിക്കാവുന്നതാണ്. ഇരകൾക്ക് വേഗത്തിൽ നഷ്‌ടപരിഹാരം ലഭിക്കുന്നുവെന്ന് ജില്ലാ, സംസ്ഥാന ലീഗൽ സർവീസസ് അതോറിട്ടി ഉറപ്പാക്കണമെന്നും ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, പങ്കജ് മിത്തൽ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു. പ്രതിയെ ശിക്ഷിച്ചാലും വെറുതെവിട്ടാലും ഇരയ്‌ക്ക് നഷ്‌ടപരിഹാരം നൽകണം.
മഹാരാഷ്ട്രയിലെ ലൈംഗികാതിക്രമ കേസിൽ ശിക്ഷ ലഭിച്ച പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് നടപടി. വിചാരണക്കോടതി പ്രതിക്ക് ശിക്ഷ വിധിച്ചപ്പോൾ ഇരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നഷ്‌ടപരിഹാരം അനുവദിച്ചില്ല. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടാണ് സുപ്രീംകോടതിയുടെ ഇടപെടൽ.
Source link