മഞ്ഞണിഞ്ഞ് സൗദി അറേബ്യയിലെ മരുഭൂമികള്‍; ചരിത്രത്തിലാദ്യം, അത്ഭുതപ്പെടുത്തുന്ന ദൃശ്യങ്ങള്‍
സൗദി അറേബ്യയിലെ മരുഭൂമികളില്‍ മഞ്ഞുപെയ്യുകയാണ്. അല്‍-ജൗഫ് പ്രവിശ്യയിലെ മണലാരണ്യങ്ങളില്‍ മഞ്ഞുവീണുകിടക്കുന്ന മനോഹരവും അദ്ഭുതപ്പെടുത്തുന്നതുമായ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലാകുന്നത്. ചരിത്രത്തിലാദ്യമായാണ് ഈ പ്രദേശത്ത് മഞ്ഞുവീഴ്ച രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത കനത്ത മഴയും ആലിപ്പഴം വീഴ്ത്തിക്കൊണ്ടുള്ള ശക്തമായ കാറ്റും ഉണ്ടായിരുന്നു. ഇതിന്റെ ബാക്കിയായാണ് ഇപ്പോള്‍ കാണുന്ന മഞ്ഞുവീഴ്ചയെന്ന് യുഎഇ കാലാവസ്ഥാ കേന്ദ്രം (National Centre of Meteorology – NCM) അറിയിച്ചു. അറബിക്കടലില്‍ ഓമാന്‍ വരെയുള്ള ഭാഗങ്ങളിലെ മാറുന്ന കാലാവസ്ഥാ പ്രതിഭാസങ്ങള്‍ മൂലമാണ് സൗദി അറേബ്യയിലും രൂക്ഷമായ കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്നത് എന്ന് എന്‍.സി.എം. പറയുന്നു. തദ്ദേശീയ ജനങ്ങള്‍ക്ക് പരിചിതമല്ലാത്ത കാലാവസ്ഥാ വ്യതിയാനം ആയതുകൊണ്ടുതന്നെ ജനങ്ങള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നു. സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും അടുത്ത ശനിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയുണ്ടാകുമെന്നും ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Source link