KERALAM

ചൂരൽമലയിലെ ദുരന്തബാധിതർക്ക് വിതരണം ചെയ്തത് പുഴുവരിച്ച ഭക്ഷ്യകിറ്റ്, മേപ്പാടി പഞ്ചായത്തിൽ സംഘർഷം

വയനാട്: ചൂരൽമലയിലെ ദുരന്തബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തതായി പരാതി. ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കളാണ് മേപ്പാടി പഞ്ചായത്ത് വിതരണം ചെയ്തതെന്നാണ് പരാതി. ഭക്ഷ്യകിറ്റിലെ അരി.റവ തുടങ്ങിയ സാധനങ്ങൾ ഉപയോഗിക്കാനാവില്ലെന്നും ദുരന്തബാധിതർ പറയുന്നു. ഇതിനെ തുടർന്ന് ജനങ്ങൾ മേപ്പാടി പഞ്ചായത്തിലെത്തി കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്.

മൃഗങ്ങൾക്കുപോലും നൽകാൻ കഴിയാത്ത ഭക്ഷണങ്ങളും ഉപയോഗിച്ച വസ്ത്രങ്ങളുമാണ് വിതരണം ചെയ്തതെന്നും ആളുകൾ പറയുന്നു. അതേസമയം, ദുരന്തബാധിതർക്ക് സന്നദ്ധ സംഘടനകളും റവന്യൂ വകുപ്പും നൽകിയ സാധനങ്ങളാണ് വിതരണം ചെയ്തതെന്നാണ് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കുന്നത്. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകരും പ്രതിഷേധം സംഘടിപ്പിച്ചിരിക്കുകയാണ്. പഞ്ചായത്തിലേക്ക് തളളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. പഞ്ചായത്തിലെ സാധനങ്ങൾ തകർത്താണ് പ്രവർത്തർ പ്രതിഷേധിച്ചത്.

പഞ്ചായത്തിന്റെ നേതൃത്വത്തിൽ നൽകിയ കിറ്റുകളിലാണ് പുഴുവരിച്ച സാധനങ്ങൾ കണ്ടെത്തിയത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് പഞ്ചായത്ത് അടിയന്തരമായി ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തത്. പഴകിയ സാധനങ്ങൾക്ക് പകരം പുതിയ സാധനങ്ങൾ വീടുകളിലെത്തിക്കാമെന്ന് പഞ്ചായത്ത് ഭരണസമിതി സമ്മതിച്ചിട്ടുണ്ടെന്നും ഡിവൈഎഫ്ഐ പ്രവ‌ർത്തകർ മാദ്ധ്യമങ്ങളോട് പറഞ്ഞു.


Source link

Related Articles

Back to top button