കമ്മ്യൂട്ടേഷനുശേഷം പെൻഷൻ: വ്യക്തത വരുത്തി ഹൈക്കോടതി
കൊച്ചി: വിരമിച്ച സമയത്തെ കമ്മ്യൂട്ടേഷനു ശേഷം 15 വർഷം പൂർത്തിയാക്കിയവർക്ക് സാധാരണനിലയ്‌ക്ക് പെൻഷൻ നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. കൊല്ലം യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ്, കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിംഗ് കമ്പനി എന്നിവിടങ്ങളിൽനിന്ന് വിരമിച്ച എട്ടു ജീവനക്കാർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ ഉത്തരവ്. 75- 82 വയസുള്ളവരാണ് ഹർജിക്കാർ. ഇവരുടെ പെൻഷൻ അനുവദിക്കാൻ റീജിയണൽ പ്രൊവിഡന്റ് ഫണ്ട് കമ്മിഷണർക്ക് നിർദ്ദേശം നൽകി.
വിരമിക്കുന്ന സമയത്ത് പെൻഷൻ കമ്മ്യൂട്ട് ചെയ്തവരുടെ പെൻഷൻ 15 വർഷം പിന്നിടുമ്പോൾ സാധാരണനിലയിൽ പുനഃസ്ഥാപിക്കണമെന്ന് 1995ലെ പെൻഷൻ സ്കീമിൽ പറയുന്നുണ്ട്. ഈ വ്യവസ്ഥ 2020 മുതലാണ് നടപ്പാക്കിയത്.
ഹർജിക്കാർ പെൻഷൻ കമ്മ്യൂട്ട് ചെയ്യുമ്പോൾ, ഈ വ്യവസ്ഥ ഉണ്ടായിരുന്നില്ല. പിന്നീട് ഭേദഗതിയിലൂടെയാണ് വ്യവസ്ഥ ഉൾപ്പെടുത്തിയത്. ഇതുപ്രകാരം തങ്ങളും സാധാരണ നിലയിലുള്ള പെൻഷന് അർഹരാണെന്നായിരുന്നു ഹർജിക്കാരുടെ വാദം.
മുനമ്പം തർക്കംചർച്ച 28 ലേക്ക് മാറ്റി
തിരുവനന്തപുരം: മുനമ്പം വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യാൻ നവംബർ 28 ന് ഉച്ചയ്ക്ക് 12 ന് ഉന്നതതല യോഗം ചേരും. നേരത്തെ 16 ന് ചർച്ച നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് 28 ലേക്ക് മാറ്റിയത്. മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരായ പി.രാജീവ്, കെ.രാജൻ, വി.അബ്ദുറഹ്മാൻ തുടങ്ങിയവരും ഓൺലൈൻ യോഗത്തിൽ പങ്കെടുക്കും.
റീൽ മത്സരം
തിരുവനന്തപുരം: ശാസ്ത്ര സാങ്കേതികവിദ്യാ രംഗത്തെ പുതിയ പ്രതിഭാസങ്ങൾ അവതരിപ്പിക്കാൻ റീൽ മത്സരം സംഘടിപ്പിച്ച് കെ.പി.സി.സി ശാസ്ത്രവേദി. ശാസ്ത്ര സാങ്കേതിക രംഗത്തെ പ്രതിഭാസങ്ങൾ, പുതിയ വികാസങ്ങൾ എന്നിവ സംബന്ധിച്ച് ആകർഷകമായ 59 സെക്കൻഡ് ദൈർഘ്യമുള്ള റീലുകളാണ് നിർമ്മിച്ച് സമർപ്പിക്കേണ്ടത്. ഇതിൽ വിജയികളാവുന്നവർക്ക് 25000 രൂപയുടെ സമ്മാനങ്ങൾ നൽകും. മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും ശാസ്ത്രവേദി നാളെ എട്ടിന് സംഘടിപ്പിക്കുന്ന ഓൺലൈൻ വിശദീകരണ യോഗത്തിൽ പങ്കെടുക്കണം.
Source link