കൊല്ലം കളക്ടറേറ്റ് സ്ഫോടനക്കേസ്; മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവ്
കൊല്ലം: കൊല്ലം കളക്ടറേറ്റ് സ്‌ഫോടനക്കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. മധുര സൗത്ത് ഇസ്മയിൽപുരം സ്ട്രീറ്റ് ഹൗസ് നമ്പർ 11/23ൽ അബ്ബാസ് അലി, കെ പുതൂർ റമുകോത്തനാട് ഹൗസ് നമ്പർ 17ൽ ഷംസൂൺ കരിംരാജ, മധുര നോർത്ത് നൽപേട്ടെ ഫസ്റ്റ് സ്ട്രീറ്റ് ഹൗസ് നമ്പർ 23/23ൽ ദാവൂദ് സുലൈമാൻ എന്നിവരാണ് ഒന്നുമുതൽ മൂന്ന് വരെ പ്രതികൾ. നാലാം പ്രതി ഷംസുദ്ദീനെ കഴിഞ്ഞ ദിവസം കോടതി വെറുതെവിട്ടിരുന്നു. അഞ്ചാം പ്രതി മുഹമ്മദ് അയൂബിനെ മാപ്പുസാക്ഷിയാക്കി. പ്രതികൾക്കെതിരെ സംസ്ഥാന സർക്കാർ ഭീകര വിരുദ്ധനിയമം (യു.എ.പി.എ) ചുമത്തിയിരുന്നു.
2016 ജൂൺ 15ന് രാവിലെ 10.15ന് ജില്ലാ ട്രഷറിക്കും മുനിസിഫ് കോടതിക്കും ഇടയിൽ തൊഴിൽ വകുപ്പിന്റെ, ഉപയോഗശൂന്യമായി കിടന്ന ജീപ്പിനടിയിൽ ബോംബ് സ്ഥാപിച്ചായിരുന്നു സ്ഫോടനം. ഈ സമയം കളക്ടറേറ്റ് വളപ്പിൽ നിൽക്കുകയായിരുന്ന കൊറ്റങ്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീരൊഴുക്കിൽ സാബുവിന് പരിക്കേറ്റു. ജീപ്പ് തകർന്നു. സ്ഫോടനത്തിന് ഒരാഴ്ച മുമ്പ് രണ്ടാം പ്രതി കരിംരാജ കൊല്ലത്തെത്തി കളക്ടറേറ്റിന്റെയും കോടതിയുടെയും ചിത്രങ്ങളും വീഡിയോകളും മൊബൈൽ ഫോണിൽ പകർത്തി. സ്ഫോടനദിവസം മധുരയിൽ നിന്നു ബസിൽ കൊല്ലം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തി. ഓട്ടോറിക്ഷയിൽ കളക്ടറേറ്റിലെത്തി ബോംബ് സ്ഥാപിച്ചു. മൂന്നാംപ്രതി ദാവൂദ് സുലൈമാൻ ആന്ധ്രയിലിരുന്ന് സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ബേസ് മൂവ്മെന്റ് ഏറ്റെടുക്കുന്നതായി നവമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു. അബ്ബാസ് അലി തന്റെ വീട്ടിൽ വച്ചാണ് ബോംബ് നിർമ്മിച്ചതെന്നും കണ്ടെത്തി. ഗൂഢാലോചനാക്കുറ്റമാണ് നാലാംപ്രതിയുടെ പേരിൽ ചുമത്തിയിരുന്നത്.
കൊല്ലത്തെ സ്ഫോടനത്തിന് മുൻപ് ആന്ധ്രയിലെ ചിറ്റൂർ, മൈസുരു, നെല്ലൂർ, മലപ്പുറം എന്നീ കോടതി വളപ്പുകളിലും പ്രതികൾ സ്ഫോടനം നടത്തി. കേരള പൊലീസിന് പ്രതികളെ കണ്ടെത്താനായില്ല. മൈസുരു സ്ഫോടനക്കേസ് അന്വേഷിച്ച എൻ.ഐ.എ ഹൈദരാബാദ് സംഘം 2016 നവംബർ 28നാണ് നാല് പേരെയും പിടികൂടിയത്. സംഭവം നടക്കുമ്പോൾ കൊല്ലം എ.സി.പിയായിരുന്ന ജോർജ്ജ് കോശിയാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
Source link