CINEMA

സുരേഷ് ഗോപിക്ക് വർഷത്തിൽ ഒരു സിനിമയെന്ന് അമിത് ഷാ; നിയമത്തിൽ അതിനും അനുമതിയില്ല

സുരേഷ് ഗോപിക്ക് വർഷത്തിൽ ഒരു സിനിമയെന്ന് അമിത് ഷാ; നിയമത്തിൽ അതിനും അനുമതിയില്ല | Suresh Gopi Movie

സുരേഷ് ഗോപിക്ക് വർഷത്തിൽ ഒരു സിനിമയെന്ന് അമിത് ഷാ; നിയമത്തിൽ അതിനും അനുമതിയില്ല

മനോരമ ലേഖകൻ

Published: November 07 , 2024 12:28 PM IST

Updated: November 07, 2024 12:40 PM IST

2 minute Read

ചേലക്കരയിൽ പ്രസംഗിക്കുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപി. ചിത്രം: Special Arrangement

സിനിമ അഭിനയത്തിന്റെ കാര്യത്തിൽ സുരേഷ് ഗോപിക്ക് തടയിട്ട് കേന്ദ്രം. വർഷത്തിൽ ഒരു സിനിമ മാത്രം എന്ന അമിത് ഷായുടെ നിർദേശം സുരേഷ് ഗോപി അംഗീകരിച്ചാതായാണ് വിവരം. ആഴ്ചയിൽ മൂന്ന് ദിവസം ഡൽഹിയിൽ ഉണ്ടാവണം, പേഴ്സനൽ സ്‌റ്റാഫിനെ നിയമിക്കണം തുടങ്ങിയ നിർദേശങ്ങളാണ് ബിജെപി കേന്ദ്ര നേതൃത്വം അദ്ദേഹത്തിന് നൽകിയത്. അതേസമയം എസ്ജി 250 (ഒറ്റക്കൊമ്പൻ) ചിത്രീകരണം പൂർത്തിയാക്കി 2025–ൽ പ്രദർശനത്തിനെത്തിക്കുമെന്ന് സുരേഷ് ഗോപി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. 
‘ഒറ്റക്കൊമ്പൻ’ സിനിമയുടെ പ്രധാനപ്പെട്ട രംഗങ്ങള്‍ പാലായിലെ കുരിശുപള്ളി മാതാവിന്റെ പെരുന്നാളിലാണ് ചിത്രീകരിക്കേണ്ടത്. ഡിസംബര്‍ ഏഴ്, എട്ട് തീയതികളിലാണ് പെരുന്നാള്‍. സിനിമയുടെ ചില ഇന്‍ട്രൊ രംഗങ്ങൾ മുൻവര്‍ഷത്തെ പെരുന്നാള്‍ ദിനങ്ങളില്‍ ചിത്രീകരിച്ചിരുന്നു. ഇക്കൊല്ലം ഷൂട്ട് നടത്തിയില്ലെങ്കിൽ സിനിമ വീണ്ടും മുന്നോട്ടു പോകുമെന്ന് സാഹചര്യത്തിലാണ് താരം അടിയന്തരമായി കേന്ദ്ര നേതാക്കളെ കണ്ടത്. എന്നാൽ ഈ സിനിമ ഉടന്‍ യാഥാര്‍ഥ്യമാകില്ലെന്ന സാഹചര്യത്തിലാണ് സുരേഷ് ഗോപി താടി ഒഴിവാക്കിയതെന്നും സൂചനയുണ്ട്.

22 സിനിമകളില്‍ അഭിനയിക്കാമെന്ന് ഏറ്റിട്ടുണ്ടെന്നും ഇക്കാര്യം പറഞ്ഞപ്പോള്‍ അമിത് ഷാ അപേക്ഷ എടുത്ത് എറിഞ്ഞെന്നും സുരേഷ് ​ഗോപി തന്നെ നേരത്തെ ഒരു വേദിയില്‍ പ്രസം​ഗിച്ചിരുന്നു. പക്ഷേ കേന്ദ്രമന്ത്രി സ്ഥാനത്തിരിക്കെ സുരേഷ് ഗോപിക്ക് അഭിനയിക്കാൻ സാധിക്കില്ല എന്നു തന്നെയാണ് നിയമവിദഗ്ദർ പറയുന്നത്. കേന്ദ്ര-സംസ്ഥാന മന്ത്രിപദത്തിൽ ഉള്ളവർക്ക് മറ്റു ജോലികൾ ചെയ്യാൻ നിയമം അനുശാസിക്കുന്ന പെരുമാറ്റച്ചട്ടപ്രകാരം സാധ്യമല്ലെന്ന് ലോക്‌സഭാ മുൻ സെക്രട്ടറി ജനറൽ പി.ഡി.ടി. ആചാരി പറയുന്നു. സുരേഷ് ഗോപിയുടെ പുതിയ സിനിമയുടെ ഷൂട്ടിങ് ഒരുക്കങ്ങൾ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് മനോരമ ഓൺലൈനിനോട് ആചാരി ഇതു പറഞ്ഞത്. 

‘‘കേന്ദ്ര-സംസ്ഥാന മന്ത്രിപദത്തിൽ ഉള്ളവർക്ക് മറ്റു ജോലികൾ ചെയ്യാൻ നിയമം അനുശാസിക്കുന്ന പെരുമാറ്റച്ചട്ടപ്രകാരം സാധ്യമല്ല. അവധി എടുത്തുപോലും മറ്റു ജോലിക്ക് പോകാൻ പാടില്ല. സിനിമയോ, അധ്യാപനമോ, മറ്റേതൊരു ജോലിയും ചെയ്യാൻ ഒരു മന്ത്രിക്ക് സാധിക്കില്ല. മുഴുവൻസമയ ജോലിയായാണ് മന്ത്രിപദത്തെ കാണേണ്ടത്.’’ പി.ഡി.ടി. ആചാരിയുടെ പറഞ്ഞതിങ്ങനെ. താൻ സിനിമ ചെയ്യുമെന്നും കേന്ദ്രത്തിനോട് അനുവാദം ചോദിച്ചെന്നുമായിരുന്നു സുരേഷ് ഗോപി കഴിഞ്ഞ മാസം മാധ്യമങ്ങളോട് പറഞ്ഞത്.

‘സിനിമ ഞാൻ ചെയ്യും. അനുവാദം ചോദിച്ചിട്ടുണ്ട്, കിട്ടിയിട്ടില്ല. പക്ഷേ സെപ്റ്റംബർ ആറാം തിയതി ഞാൻ ഒറ്റക്കൊമ്പൻ തുടങ്ങുകയാണ്. എല്ലാവരുടെയും ആശീർവാദം ഉണ്ടാകണം. ഏതാണ്ട് 20, 22 സിനിമകളുടെ സ്ക്രിപ്റ്റ് ആർത്തിയോടെ ചെയ്യണമെന്ന് ആഗ്രഹിച്ച് സമ്മതിച്ചിട്ടുണ്ട്. എത്ര പടം ചെയ്യാനുണ്ടെന്ന് അമിത് ഷാ ചോദിച്ചു. 22 എണ്ണമെങ്കിലും ചെയ്യേണ്ടി വരുമെന്നു പറഞ്ഞപ്പോൾ അദ്ദേഹം ആ പേപ്പറ് കെട്ട് അങ്ങനെ അങ്ങ് എടുത്ത് സൈഡിലേക്ക് എറിഞ്ഞു. പക്ഷേ അനുവദിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ െസപ്റ്റംബർ ആറിന് ഇങ്ങോട്ടു പോരും. എന്റെ ജോലി ചെയ്യാനായി മിനിസ്ട്രിയിൽ നിന്നുള്ള മൂന്നോ നാലോ പേർക്കൊരു ക്യാബിൻ ഞാനോ നിർമാതാവോ എടുത്ത് കൊടുക്കണം. ഇനി അതിന്റെ പേരില്‍ പറഞ്ഞയയ്ക്കുമെങ്കിൽ ഞാൻ രക്ഷപ്പെട്ടു. തൃശൂരുകാരെ എനിക്ക് കൂടുതൽ പരിഗണിക്കാൻപറ്റും. ഞാൻ ഇതൊന്നും ആഗ്രഹിച്ചതുമല്ല, മോഹിച്ചതുമല്ല. എന്റെ വിജയം ഒരു ചരിത്രമാണെന്ന് അവർ പറഞ്ഞു. അതിന്റെ മഹത്വം പറഞ്ഞപ്പോൾ എനിക്ക് വഴങ്ങേണ്ടിവന്നു. ഞാൻ എന്നും എന്റെ നേതാക്കളെ അനുസരിക്കും. സിനിമ എനിക്കു പാഷനാണ്. അതില്ലെങ്കിൽ ഞാൻ ചത്തുപോകും.’ സുരേഷ് ഗോപിയുടെ വാക്കുകൾ.

English Summary:
The Centre has imposed restrictions on Suresh Gopi regarding his film acting career

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 10ekvie7phmpdj85ldjrf7ug5h mo-entertainment-movie-sureshgopi


Source link

Related Articles

Back to top button