മമ്മൂട്ടിയെ മനസ്സിൽക്കണ്ട് എഴുതിയ ‘ചാണക്യൻ’; കമൽ ചോദിച്ചത് ഒരേയൊരു ചോദ്യം | Chanakyan Mammootty
മമ്മൂട്ടിയെ മനസ്സിൽക്കണ്ട് എഴുതിയ ‘ചാണക്യൻ’; കമൽ ചോദിച്ചത് ഒരേയൊരു ചോദ്യം
ടി.കെ. രാജീവ് കുമാർ
Published: November 07 , 2024 10:02 AM IST
2 minute Read
ഉലകനായകൻ കമൽഹാസന് ഇന്ന് എഴുപതിന്റെ ചെറുപ്പം
കമൽഹാസൻ, മമ്മൂട്ടി
ചാണക്യൻ എന്ന എന്റെ ആദ്യചിത്രത്തിന്റെ നിർമാണം നവോദയ ആയിരുന്നു. സ്റ്റാർവാല്യുവുള്ള നടൻ വേണമെന്നതായിരുന്നു പ്രൊഡക്‌ഷൻ കമ്പനിയുടെ ഡിമാൻഡ്. മമ്മൂട്ടിയെ മനസ്സിൽക്കണ്ടാണ് തിരക്കഥയെഴുതിയിരിക്കുന്നത്. മമ്മുക്ക അന്നു വടക്കൻ വീരഗാഥ ഉൾപ്പെടെ വലിയ സിനിമകളുടെ തിരക്കിലായിരുന്നതുകൊണ്ട് ഡേറ്റില്ലാത്ത അവസ്ഥ. കമൽഹാസനിലേക്കു നീങ്ങാൻ അങ്ങനെയാണ് തീരുമാനിച്ചത്. കമൽ കഥ കേൾക്കുമോയെന്ന് ഒരുറപ്പുമില്ല. എനിക്കു സിനിമാപരിചയമുണ്ട് എന്നല്ലാതെ സ്വന്തമായി സിനിമ ചെയ്തിട്ടില്ല. എന്നിട്ടും ഞാൻ മദ്രാസ് ആൾവാർപേട്ടിലെ രാജ്കമൽ കമ്പനിയുടെ ഓഫിസിലേക്കു വിളിച്ചു. ഡിഎൻഎസ് എന്നു വിളിക്കുന്ന ഡി.എൻ.സുബ്രഹ്മണ്യൻ എന്ന, കമലിന്റെ മാനേജരാണ് ഫോണെടുത്തത്. മുഖവുരയൊന്നുമില്ലാതെ കാര്യങ്ങൾ പറഞ്ഞു. പിന്നീട് എല്ലാം ശരവേഗത്തിലായിരുന്നു. പത്തു മണിക്ക് ഞാൻ ഓഫിസിലെത്തുംമുൻപേ കമൽ സർ റെഡി. ഓഫിസിന്റെ നടകൾ കയറുമ്പോൾ അദ്ദേഹം ചോദിച്ചു: തിരക്കഥ വായിക്കാൻ എത്രസമയം വേണം? രണ്ടരമണിക്കൂർ എന്നു ഞാൻ പറഞ്ഞു. അപ്പോൾതന്നെ മാനേജർക്കു നിർദേശം നൽകി: രണ്ടരമണിക്കൂർ ഫോൺ കണക്ട് ചെയ്യേണ്ട. സമയത്തിൽ കമൽ സർ പാലിക്കുന്ന പ്രഫഷനലിസത്തിന് ഇന്ന് എഴുപതാം വയസ്സിലും അതേ കൃത്യത.
ചാണക്യന്റെ കഥ ഇഷ്ടപ്പെട്ട് അദ്ദേഹം എനിക്കു ഷേക്ക് ഹാൻഡ് തന്നു. ഓഫിസിൽനിന്ന് ഇറങ്ങാൻനേരം എനിക്കൊരു സംശയം. ഞാനതു തുറന്നു ചോദിച്ചു: സർ, സിനിമയിൽ വലുതായി ഇടപെടുന്ന പരിപാടിയുണ്ടോ? ആ ചോദ്യത്തിൽ അദ്ദേഹം ഒട്ടും അസ്വസ്ഥനായില്ല. ‘‘രാജീവ് ഞാൻ ഡയറക്ടറുടെ നടനാണ്. ഒരു സിനിമയിൽ ഞാൻ ഇടപെടുന്നുവെങ്കിൽ അതിന്റെ ടീമിന് എന്തെങ്കിലും കഴിവില്ലായ്മ ഉള്ളതുകൊണ്ടായിരിക്കും. എന്റെ അനുഭവപരിചയം ആ സിനിമയുടെ നന്മയ്ക്കുവേണ്ടി നൽകുന്നുവെന്നു മാത്രം’’. ചാണക്യന്റെ തിരക്കഥ വായിച്ച് അദ്ദേഹം ഒരേയൊരു സംശയം ചോദിച്ചതു കത്തെഴുതിയാണ്. ടെലിവിഷൻ ജാം ചെയ്യുന്ന ഒരു സീൻ അതിലുണ്ട്. ടെലിവിഷൻ പരിപാടി ജാം ചെയ്യുക എന്നൊക്കെ പറഞ്ഞാൽ പ്രേക്ഷകനു മനസ്സിലാകുമോയെന്നാണ് അദ്ദേഹം കത്തെഴുതി ചോദിച്ചത്. അത്ര സൂക്ഷ്മമായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തലുകൾ. സെറ്റിൽ പുസ്തകവുമായാണ് കമൽ സർ വരിക. ഒരു താരജാഡയും അദ്ദേഹം ചുമന്നുനടന്നിരുന്നില്ല. സിനിമയിൽ ഒരു നടൻ അഭിനയിക്കുന്നതിനും ഡയലോഗ് പറയുന്നതിനുമപ്പുറം ഒരു ഡയറക്ടർക്ക് ആ സിനിമയുടെ പൂർണതയ്ക്കു നൽകുന്ന കോൺട്രിബ്യൂഷനാണ് കമൽഹാസൻ പകരുന്ന ഏറ്റവും വലിയ പാഠം. സിനിമയിൽ സംവിധായകൻ താരങ്ങളിലൂടെയാണ് പ്രേക്ഷകരോടു സംവദിക്കുന്നത്. ആ സംവേദനം ഏറ്റവും എളുപ്പവും അനായാസവുമാക്കുന്നതാണ് കമൽഹാസൻ മാജിക്.
കമൽഹാസൻ എഴുപതിലെത്തുമ്പോൾ കമലിന്റെ ചെറുപ്പത്തെക്കുറിച്ചല്ല, ഏതു രൂപത്തിലേക്കും ശരീരം കൊണ്ടുമാത്രമല്ല മാനസികമായും മാറാൻ കഴിയുന്ന ഒരു നടന്റെ പരീക്ഷണരീതികളെക്കുറിച്ചാണ് ഇന്ത്യൻ സിനിമ ആവേശത്തോടെ ചർച്ച ചെയ്യുന്നത്. തോളൊന്നു താഴ്ത്തി, നെഞ്ചിൻകൂടൊന്നു മുറുക്കി പലതരത്തിൽ കമൽ തന്റെ രൂപത്തെ അദ്ഭുതകരമായി മാറ്റിയെടുക്കും. ‘നായകനി’ലെ വരദരാജ മുതലിയാറുടെ ജീവിതത്തിനു നേരെ പിടിക്കുന്ന കണ്ണാടിയാണ് കമലിന്റെ വേലു. മഹാനദിയിൽ മകളെ തേടിപ്പോകുന്ന പിതാവ് ശക്തിവേൽ… അങ്ങനെ കമൽ തന്റെ സാധനകൊണ്ടു സൃഷ്ടിക്കുന്ന അവതാരങ്ങളെ ഇന്ത്യൻ സിനിമയ്ക്കു മറക്കാനാകുമോ ?
‘അവ്വൈ ഷൺമുഖി’യിൽ വൃദ്ധയായും ‘ഇന്ത്യനി’ൽ പടുവൃദ്ധനായും ‘അപൂർവ സഹോദരർ’കളിൽ കുള്ളനായും ‘ഇന്ദ്രൻ ചന്ദ്രനി’ൽ വിരൂപനായും ‘മൈക്കിൾ മദനകാമരാജനി’ൽ നാലു വേഷങ്ങളിലും ‘ദശാവതാരത്തി’ൽ പത്തു വേഷങ്ങളിലുമെല്ലാം കമൽ നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ട്. ശരീരത്തെ ഒരു പണിശാലയാക്കുകയാണ് കമൽ ബോഡി സ്കൾപ്ചറിങ്ങിലൂടെ. ആൾമാറാട്ടത്തിന്റെ ഈ മാജിക് ശരീരവും മനസ്സും ചേർത്താണ് കമൽ ചെയ്യുന്നത്. തമിഴ് സിനിമയിൽ അമിതാഭിനയം അരങ്ങുവാണ കാലത്താണു മിതമായ അഭിനയംകൊണ്ടു പ്രേക്ഷകരെ കയ്യിലെടുക്കാൻ കഴിയുമെന്നു കമൽ തെളിയിച്ചത്. ശോകരംഗങ്ങളിൽ കമൽ നിങ്ങളുടെ കണ്ണീർ കടം വാങ്ങിയിരിക്കും. മൂന്നാംപിറ’യുടെ ക്ലൈമാക്‌സ് ഉദാഹരണം. ശബ്‌ദക്രമീകരണത്തിലൂടെ കഥാപാത്രങ്ങളുടെ അർഥതലങ്ങളെ കമൽ അദ്ഭുതകരമായി മാറ്റും. അതേസമയം, ശബ്‌ദമില്ലാതെയും അഭിനയിച്ചു ഫലിപ്പിക്കാമെന്നു ‘പുഷ്‌പകവിമാന’ത്തിലൂടെ അദ്ദേഹം കാട്ടിത്തന്നു.
പുതിയകാര്യങ്ങൾ ആരിൽനിന്നും പഠിക്കാനുള്ള ‘എക്സൈറ്റ്മെന്റാണ്’ കമൽഹാസന്റെ ചെറുപ്പത്തെ നിലനിർത്തുന്നത്. 1959 ഓഗസ്‌റ്റ് 12നു ‘കളത്തൂർ കണ്ണമ്മ’യെന്ന ആ തമിഴ്ചിത്രത്തിൽ അരങ്ങേറിയ ആറുവയസ്സുകാരന്റെ കൗതുകം ഇന്നും കമലിലുണ്ട്. പുതിയ സംവിധായകനിൽനിന്ന് ഒരു കഥ കേൾക്കുമ്പോൾ തനിക്കറിയാത്ത എന്തെങ്കിലും ലഭിക്കുമെന്ന കൗതുകം അദ്ദേഹത്തിനുണ്ട്. എന്നും നടനായി മേക്കപ്പ് ആർട്ടിസ്റ്റുകൾക്കു മുന്നിൽ കണ്ണടച്ചു നിൽക്കാതെ അദ്ദേഹം ലൊസാഞ്ചലസിൽ പോയി മേക്കപ്പ് എന്ന കല പ്രഫഷനലായി പഠിച്ചു. ബാലമുരളീകൃഷ്ണയിൽനിന്നു കർണാടകസംഗീതം പഠിച്ചു. നൃത്തത്തിനായി സ്വയം സമർപ്പിച്ചു. മൃദംഗത്തിൽ അസാധ്യമായ ജ്ഞാനം. തന്റെ ഓഫിസിന്റെ പ്രവർത്തനം ഹോളിവുഡ് സ്റ്റൈലിലായിരിക്കണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. തിരക്കഥാരചനയിൽ ഹോളിവുഡ് ശീലങ്ങളാണ് കമൽഹാസൻ അനുവർത്തിച്ചത്. പഴയ സിനിമകൾ വീണ്ടെടുക്കാനുള്ള വലിയൊരു നീക്കത്തിന്റെ ഭാഗമായി അദ്ദേഹം പ്രവർത്തിക്കുകയാണിപ്പോൾ.
രാഷ്ട്രീയം കമലിന് അധികാരം പിടിക്കാനുള്ള വഴിയായിരുന്നില്ല. യുവാക്കളെ കൂടുതലായി രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമാക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. അതിൽ ജയപരാജയങ്ങളെ അദ്ദേഹം കണക്കിലെടുക്കുന്നില്ല. സിനിമാകമ്പനിയെന്ന നിലയിൽ രാജ്കമലിനു പല ഉയർച്ചതാഴ്ചകൾ ഉണ്ടായിട്ടുണ്ട്. വലിയ വിജയങ്ങൾ നേടുമ്പോൾ വലിയ വീടും കാറും ആഡംബരവും അദ്ദേഹം സ്വന്തമാക്കാനാഗ്രഹിച്ചില്ല. വലിയ വിജയങ്ങൾ അദ്ദേഹത്തിന് അടുത്ത സിനിമയ്ക്കു വേണ്ടിയുള്ള ആഡംബരം മാത്രമാണ്. വലിയ വിജയങ്ങളും പരാജയങ്ങളും അദ്ദേഹത്തെ തൊടാതെ പോകുന്നത് സിനിമയോടുള്ള പാഷൻ മാത്രമാണ് അദ്ദേഹത്തെ നയിക്കുന്നത് എന്നതുകൊണ്ടാണ്.
(ചലച്ചിത്ര സംവിധായകനാണ് ലേഖകൻ)
English Summary:
TK Rajeev Kumar About Kamal Haasan
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-common-kollywoodnews 59un09ff0l5niglclh402a5dgn f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-movie-kamalhaasan
Source link