വന്ദേഭാരതിന് പിന്നാലെ കേരളത്തിന് നമോഭാരതും
തിരുവനന്തപുരം:വൻ സാമ്പത്തിക വിജയം നേടിയ വന്ദേഭാരത് ട്രെയിനുകൾക്ക് പിന്നാലെ നമോഭാരത് ട്രെയിനുകളും കേരളത്തിലേക്ക്. അടുത്തുള്ള പ്രമുഖ കേന്ദ്രങ്ങൾക്കിടയിൽ സർവീസ് നടത്തുന്ന അതിവേഗ ട്രെയിനുകളാണിത്.ആദ്യഘട്ടത്തിൽ തിരുവനന്തപുരം – എറണാകുളം, കൊല്ലം – ഗുരുവായൂർ, കൊല്ലം – തിരുനെൽവേലി, ഗുരുവായൂർ-മധുര തുടങ്ങിയ റൂട്ടുകളിലായിരിക്കും സർവീസ്.പിന്നീട് മംഗലാപുരം,കോഴിക്കോട്,കോയമ്പത്തൂർ, കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കും.എന്നുമുതൽ ആരംഭിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. 30 രൂപയായിരിക്കും കുറഞ്ഞ നിരക്ക്.
നിലവിൽ ഡൽഹിയിലും അഹമ്മദാബാദിലും മാത്രമാണുള്ളത്. ബംഗളൂരുവിൽ ഉടൻ തുടങ്ങും.അതിനു പിന്നാലെയാണ് കേരളത്തിലേക്ക് വരുന്നത്.
നമോ ഭാരത് റാപ്പിഡ് റെയിൽ ട്രാൻസിറ്റിന്റെ കേന്ദ്രം കൊല്ലം ആയിരിക്കും. മണിക്കൂറിൽ 130 കിലോമീറ്റർ വരെ വേഗതയുണ്ടാകും.
സ്ളൈഡിംഗ് ഡോറുകൾ,വിശാലമായ ചില്ലുജാലകങ്ങൾ,പൂർണ്ണമായും എ.സി.കോച്ചുകൾ,ഡിജിറ്റൽ ഡിസ്പ്ളെ,എല്ലാ കോച്ചുകളിലും സി.സി.ടി.വി.ക്യാമറ
എന്നിവയാണ് സവിശേഷതകൾ.
വന്ദേഭാരത് സർവീസ് രാജ്യത്ത് വൻ സാമ്പത്തിക നേട്ടം കൈവരിച്ചത് കേരളത്തിലാണ്. ഇവിടെ വന്ദേഭാരത് കോച്ചുകളുടെ എണ്ണം 20 ആയി വർദ്ധിപ്പിക്കണമെന്ന നിർദ്ദേശവും റെയിൽവേ പരിഗണിക്കുന്നുണ്ട്. നിലവിൽ എട്ട് കോച്ചുകളാണ്.
വിജയിച്ചാൽ
കേരള നമോഭാരത്
സംസ്ഥാനത്ത് സാമ്പത്തിക വിജയമായാൽ,
സർവീസ് നടത്തുന്ന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് നിലവിലെ പാതയ്ക്ക് സമാന്തരമായി പ്രത്യേക ട്രാക്കുകൾ നിർമ്മിച്ച്
കേരള നമോഭാരത്, അല്ലെങ്കിൽ റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം എന്ന പേരിൽ പുതിയ സംവിധാനമാക്കും.
ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുമായി കേന്ദ്രറെയിൽവേ മന്ത്രി അശ്വനിവൈഷ്ണവ് ഡൽഹിയിൽ വെച്ച് കഴിഞ്ഞമാസം ചർച്ച നടത്തിയിരുന്നു.സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെ സംസ്ഥാനസർക്കാരിന്റെ പൂർണ്ണ പിന്തുണ മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന സർവീസിനോടാണ് കേന്ദ്രസർക്കാരിന് താൽപര്യം. പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കണമെന്നാണ് കേരളം നിർദ്ദേശിച്ചത്.
Source link