ശബരിമല തീർത്ഥാടനം നിലയ്ക്കൽ, എരുമേലി, പന്തളം പ്രസാദവും ദേവസ്വം ബോർഡ് നേരിട്ട് നിർമ്മിക്കും
ശബരിമല: സന്നിധാനത്തിനൊപ്പം അനുബന്ധ ഇടങ്ങളിലെയും അപ്പവും അരവണയും ഇനി ദേവസ്വം ബോഡ് നേരിട്ട് ഉത്പാദിപ്പിക്കും. ജീവനക്കാരുടെ എതിർപ്പ് അവഗണിച്ചാണ് തീരുമാനം. നിലയ്ക്കൽ, എരുമേലി, പന്തളം എന്നിവിടങ്ങളിലേക്ക് ആവശ്യമായ സാധനങ്ങൾ ജീവനക്കാർ വാങ്ങി പ്രസാദം നിർമ്മിച്ചശേഷം തുക ദേവസ്വം ബോർഡിൽ നിന്ന് വാങ്ങുകയായിരുന്നു പതിവ്. സാധനങ്ങൾക്ക് ഗുണനിലവാരമില്ലെന്ന പരാതി ഉയർന്നതോടെയാണ് ബോർഡ് നേരിട്ട് നിർമ്മാണം നടത്താൻ തീരുമാനിച്ചത്. അതത് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ മേൽനോട്ടത്തിലാകും പ്രസാദം നിർമ്മിക്കുക. സന്നിധാനത്ത് നേരത്തെ മുതൽ യന്ത്രം ഉപയോഗിച്ച് നേരിട്ടാണ് പ്രസാദം തയ്യാറാക്കിപ്പോന്നത്.
പ്രസാദ നിർമ്മാണം ദേവസ്വം ബോർഡ് നേരിട്ട് നടത്തണമെന്ന് കഴിഞ്ഞ വർഷം അന്നത്തെ ദേവസ്വം സെക്രട്ടറി ജി. ബൈജു, ബോർഡിന് ശുപാർശ നൽകിയിരുന്നു. മൂന്നുകോടി രൂപയുടെ അരവണ വിറ്റിട്ടും ദേവസ്വം ബോർഡിന് അന്ന് തുച്ഛമായ വിഹിതം മാത്രമായിരുന്നു ലഭിച്ചത്. ഇതേത്തുടർന്ന് ഈ മണ്ഡലകാലത്ത് നിർമ്മാണം നേരിട്ട് നടത്താൻ ശർക്കര, അരി, ജീരകം, ചുക്കുപൊടി, കൽക്കണ്ടം, അരിപ്പൊടി, ഉണക്കമുന്തിരി എന്നിവ നൽകുന്നതിനുള്ള ടെൻഡർ ബോർഡ് ക്ഷണിച്ചിരുന്നു. അരവണ വിതരണത്തിനായി ധനലക്ഷ്മി ബാങ്കിനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഭരണകക്ഷി യൂണിയന്റെ പ്രതിഷേധത്തെ തുടർന്ന് നടപടികൾ
ഇടയ്ക്ക് നിറുത്തിവച്ചു. സമ്മർദ്ദത്തിന് വഴങ്ങേണ്ടെന്ന ബോർഡിന്റെ നിലപാടാണ് ഭക്തർക്ക് അനുകൂലമായ തീരുമാനത്തിന് വഴിതുറന്നത്.
‘ഗുണനിലവാരമുള്ള സാധനങ്ങൾ ഉറപ്പാക്കിയാണ് നിലയ്ക്കൽ, എരുമേലി, പന്തളം എന്നിവിടങ്ങളിൽ അരവണ, അപ്പം എന്നിവ നിർമ്മിക്കുക. തീർത്ഥാടകർക്ക് പ്രസാദം തടസമില്ലാതെ ലഭിക്കുന്നതിന് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ആരുടെയും സമ്മർദ്ദത്തിന് വഴങ്ങില്ല. ”
പി.എസ്. പ്രശാന്ത് (ദേവസ്വം ബോർഡ് പ്രസിഡന്റ് )
Source link