പീഡനക്കേസ്: നിവിൻ പോളിയെ ഒഴിവാക്കി പൊലീസ് റിപ്പോർട്ട്

കോതമംഗലം: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ നടൻ നിവിൻ പോളിയെ പ്രതിസ്ഥാനത്ത് നിന്ന് പൊലീസ്ഒഴിവാക്കി. പരാതിയിൽ പറയുന്ന ദിവസം സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് തെളിഞ്ഞതിനാൽ ആറാം പ്രതിയായ നിവിൻ പോളിയെ ഒഴിവാക്കി കോതമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു.
ഫോണും പാസ്പോർട്ടും ക്രെഡിറ്റ് കാർഡ് ഇടപാടുകളും പൊലീസ് പരിശോധിച്ചിരുന്നു. കേരളത്തിലെ ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്നു നിവിൻ പോളിയെന്ന് വ്യക്തമായെന്നാണ് സൂചന. ദുബായിൽ ജോലി ചെയ്യുന്ന നേര്യമംഗലം സ്വദേശിനിയുടെ പരാതിയിൽ നിവിൻ ഉൾപ്പെടെ ആറു പേർക്കെതിരെയാണ് കോതമംഗലം ഊന്നുകൽ പൊലീസ് കേസെടുത്തത്. ഇവരെ ദുബായിൽ ജോലിക്കുകൊണ്ടുപോയ ശ്രേയ എന്ന യുവതിയാണ് ഒന്നാംപ്രതി. നിവിൻ പോളിയുടെ സുഹൃത്തും നിർമ്മാതാവുമായ തൃശൂർ സ്വദേശി എ.കെ. സുനിൽ, ബഷീർ, കുട്ടൻ, ബിനു തുടങ്ങിയവരാണ് മറ്റ് പ്രതികൾ. ഇവർക്കെതിരെ അന്വേഷണം തുടരും.
കഴിഞ്ഞ വർഷം നവംബറിൽ ദുബായിൽ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നായിരുന്നു റൂറൽ പൊലീസ് മേധാവിക്ക് നൽകിയ പരാതി. പ്രാഥമിക അന്വേഷണത്തിന് ശേഷം ഉൗന്നുകൽ പൊലീസിന് കൈമാറുകയായിരുന്നു. ഡി.ഐ.ജി. അജിതാബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കേസ് ഏറ്റെടുത്തു. പരാതിക്കാരിയെ അറിയില്ലെന്നും പരാതി അടിസ്ഥാനരഹിതമാണെന്നും കേസെടുത്ത ദിവസം തന്നെ നിവിൻ പോളി മാദ്ധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കിയിരുന്നു.
Source link