സർക്കാർ ഉത്തരവ് റദ്ദാക്കി, സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററിലേറെ സർവീസ് നടത്താമെന്ന് ഹൈക്കോടതി
കൊച്ചി: സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററിലേറെ ദീർഘദൂര സർവീസ് നടത്താൻ പെർമിറ്റ് അനുവദിക്കേണ്ടതില്ലെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പെർമിറ്റുള്ള വാഹനങ്ങൾക്ക് ദീർഘദൂര സർവീസ് നടത്താൻ അനുമതി നൽകിയ കോടതി ഉത്തരവിന്റെയടക്കം ലംഘനമാണ് 2023ലെ സർക്കാർ നടപടിയെന്ന ബസുടമകളുടെ വാദം കണക്കിലെടുത്താണ് ജസ്റ്റിസ് ദിനേശ് കുമാർ സിംഗിന്റെ നടപടി.
നിയന്ത്രണം ഏർപ്പെടുത്തിയ സർക്കാർ ഉത്തരവിനെതിരെ ബസുടമകൾ നേരത്തേ നൽകിയ ഹർജിയിൽ, ദീർഘദൂര സർവീസിന് സിംഗിൾബെഞ്ച് അനുമതി നൽകിയിരുന്നു. പെർമിറ്റുള്ള സ്വകാര്യബസുകൾക്ക് ദീർഘദൂര സർവീസ് നടത്താനും ഉണ്ടായിരുന്നവയ്ക്ക് പെർമിറ്റ് പുതുക്കി നൽകാനും 2022 ജനുവരി 12നാണ് സിംഗിൾബെഞ്ച് ഉത്തരവിട്ടത്. ഇതിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ ഡിവിഷൻബെഞ്ച് ഇടക്കാല സ്റ്റേ അനുവദിച്ചു. പിന്നീട് ഇതിൽ ഭേദഗതി വരുത്തി ദീർഘദൂര സർവീസിന് പെർമിറ്റുള്ള സ്വകാര്യ ബസുകൾക്ക് ഡിവിഷൻബെഞ്ച് അനുമതി നൽകി.
ഇതിനിടെയാണ് കെ.എസ്.ആർ.ടി.സിയുടെ സൂപ്പർ ക്ലാസ് ബസുകൾ ഓടിക്കാൻ 2023 മേയിൽ ഗതാഗത വകുപ്പ് പുതിയ ഉത്തരവിറക്കിയത്. മോട്ടോർ വാഹന ചട്ടങ്ങൾക്ക് അനുസൃതമായി ഭേദഗതി കൊണ്ടുവരാതെയാണ് ഉത്തരവെന്നായിരുന്ന ഹർജിക്കാരുടെ വാദം.
Source link