മതംനോക്കി വാട്സ്ആപ് ഗ്രൂപ്പ്: ഐ.എ.എസുകാരന്റെ രണ്ടാം ഫോണും പിടിച്ചു
തിരുവനന്തപുരം: ഹിന്ദു ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചെന്ന വിവാദത്തിൽ വ്യവസായ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണന്റെ രണ്ടാമത്തെ ഫോണും പരിശോധനയ്ക്കായി പൊലീസ് പിടിച്ചെടുത്തു.
ആപ്പിൾ കമ്പനിയുടെ ഐ ഫോണിലും വിവരങ്ങൾ നീക്കം ചെയ്തെന്നാണ് സൂചന. ഗ്രൂപ്പുകളുണ്ടാക്കിയെന്ന് സംശയിക്കുന്ന സാംസഗ് ഫോൺ നേരത്തേ പിടിച്ചെടുത്തിരുന്നു. രണ്ട് ഫോണുകളും ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.
ഫോൺ ഹാക്ക് ചെയ്തല്ല ഗ്രൂപ്പുകളുണ്ടാക്കിയതെന്ന് വാട്സ്ആപ്പ് അറിയിച്ച സാഹചര്യത്തിലാണ് പൊലീസ് നടപടി.
ഗ്രൂപ്പുകൾ രൂപീകരിച്ച സമയം, എവിടെവച്ച് , ഏത് ഫോണിലാണ് ഗ്രൂപ്പുണ്ടാക്കിയത്, അംഗങ്ങൾ ആരൊക്കെ, സന്ദേശങ്ങൾ എന്തെല്ലാം തുടങ്ങിയ വിവരങ്ങൾ ഗൂഗിളിനോടും വാട്സ്ആപ്പിനോടും പൊലീസ് വീണ്ടും ആവശ്യപ്പെട്ടു. തനിക്ക് പങ്കില്ലെന്ന് ആവർത്തിക്കുകയാണ് ഗോപാലകൃഷ്ണൻ. ഒക്ടോബർ 30നാണ് ഗോപാലകൃഷ്ണൻ അഡ്മിനായി മതാടിസ്ഥാനത്തിൽ ഗ്രൂപ്പുകളുണ്ടാക്കിയത്. വിവരം പുറത്തറിഞ്ഞ ശേഷമാണ് പരാതിനൽകിയത്. ഫോണിലെ വിവരങ്ങൾ നീക്കം ചെയ്തതും സംശയകരമാണ്. ഫോറൻസിക് ലാബിലെ പരിശോധനയിലും ഹാക്കിംഗ് കണ്ടെത്താനായില്ലെങ്കിൽ ഗോപാലകൃഷ്ണന് കുരുക്കാവും.
സഹപ്രവർത്തകർ അറിയിച്ചതനുസരിച്ച് താനാണ് ഗ്രൂപ്പുകൾ ഡിലീറ്റ് ചെയ്തതെന്നാണ് ഗോപാലകൃഷ്ണന്റെ മൊഴി. എന്നാൽ വാട്സ്ആപ്പ് ഹാക്ക് ചെയ്യപ്പെട്ടാൽ സ്വന്തമായി നിയന്ത്രിക്കാൻ കഴിയില്ലെന്നാണ് പൊലീസ് പറയുന്നത്. വിശദമായ റിപ്പോർട്ട് പൊലീസ് സർക്കാരിന് കൈമാറും.
Source link