എഡിഎമ്മിന്റെ മരണം; കുടുംബാംഗങ്ങളുടെ മൊഴി എടുത്തില്ലെന്ന് പരാതി, ദിവ്യയുടെ ജാമ്യാപേക്ഷയിൽ നാളെ ഉത്തരവ്

പത്തനംതിട്ട: എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്തതിൽ കുടുംബാംഗങ്ങളുടെ മൊഴി ഇതുവരെയായിട്ടും അന്വേഷണസംഘം ശേഖരിച്ചിട്ടില്ലെന്ന് പരാതി. ഇതിനെ തുടർന്ന് അഭിഭാഷകൻ ജോൺ റാൽഫ് കോടതിയിൽ കഴിഞ്ഞ ദിവസം വാദമുന്നയിച്ചിരുന്നു. ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ മൊഴി വീണ്ടും എടുക്കുന്നതിലും ഇതുവരെയായിട്ടും തീരുമാനമായില്ല. നവീൻ ബാബുവിന്റെ ഭാര്യയുടെ മൊഴിയെടുക്കണമെന്നും ഫോൺ രേഖകൾ പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് കണ്ണൂർ മുൻ ജില്ലാ പ്രസിഡന്റ് പിപി ദിവ്യയും കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
കണ്ണൂരിൽ എഡിഎമ്മിന്റെ യാത്രയയപ്പ് സമ്മേളനം നടന്നിരുന്ന ഒക്ടോബർ 14ന് പെട്രോൾ പമ്പ് അപേക്ഷകനായ ടി വി പ്രശാന്ത് വിജിലൻസ് ഓഫീസിലേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവദിവസം ഉച്ചയ്ക്ക് 1.40നാണ് പ്രശാന്ത് ഓഫീസിൽ നിന്ന് തിരികെ ഇറങ്ങിയത്. യാത്രയയപ്പ് യോഗത്തിൽ ദിവ്യ ആരോപണം ഉന്നയിക്കും മുൻപ് കൈക്കൂലി വിഷയത്തിൽ വിജിലൻസ് അന്വേഷണം തുടങ്ങിയിരുന്നുവെന്ന് തെളിയിക്കാൻ പ്രതിഭാഗവും ഈ ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. അതേസമയം, ദിവ്യയുടെ ജാമ്യാപേക്ഷയിൽ നാളെയാണ് തലശേരി ജില്ലാ കോടതി ഉത്തരവ് പറയുക. പളളിക്കുന്ന് വനിതാ ജയിലിലാണ് ഇപ്പോൾ ദിവ്യയുളളത്.
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അരുൺ കെ വിജയനെ പിന്തുണച്ച് കഴിഞ്ഞ ദിവസം ഐഎഎസ് അസോസിയേഷനും രംഗത്തെത്തിയിരുന്നു. എഡിഎമ്മിന്റെ മരണത്തിൽ കളക്ടർ പൊതുസമൂഹത്തിൽ നിന്ന് വ്യക്തിപരമായ ആക്രമണം നേരിടുന്ന സാഹചര്യത്തിലാണ് അസോസിയേഷൻ പിന്തുണയുമായി രംഗത്തെത്തിയത്. അന്വേഷണത്തിൽ അരുൺ സത്യസന്ധമായി സഹകരിക്കുന്നുണ്ടെന്നും അസോസിയേഷൻ വ്യക്തമാക്കി.
Source link