തൃശൂർ: താത്കാലിക മറവി രോഗം ബാധിച്ചതിനാൽ പതുക്കെ പൊതുജീവിതം അവസാനിപ്പിക്കുകയാണെന്ന് കവിയും സാഹിത്യ അക്കാഡമി പ്രസിഡന്റുമായ സച്ചിദാനന്ദൻ ഫേസ്ബുക്കിൽ കുറിച്ചു. കവിതയുമായി ബന്ധപ്പെട്ടവയിലും ഈ ടേം കഴിയുംവരെ അക്കാഡമിയുടെ ചില പരിപാടികളിലും മാത്രമേ പങ്കെടുക്കൂവെന്നും അദ്ദേഹം അറിയിച്ചു.
ഫേസ്ബുക്കിൽ പറയുന്നത്: ” സുഹൃത്തുക്കളെ, ഞാൻ ഏഴ് വർഷം മുമ്പ് ഒരു താത്കാലിക മറവി രോഗത്തിന് വിധേയനായിരുന്നു. അന്നു മുതൽ മരുന്നും കഴിക്കുന്നുണ്ട്. പിന്നീട് അത് വന്നിരുന്നില്ല. എന്നാൽ നവംബർ ഒന്നിന് പുതിയ രീതിയിൽ അത് തിരിച്ചുവന്നു. കാൽ മരവിപ്പ്, കൈ വിറയൽ, സംസാരിക്കാൻ പറ്റായ്ക, ഓർമ്മക്കുറവ് ഇങ്ങനെ അല്പനേരം മാത്രം നിൽക്കുന്ന കാര്യങ്ങൾ.
സ്‌ട്രെസാണ് ഈ രണ്ടാം അവതാരത്തിന് പ്രധാന കാരണമെന്ന് ഡോക്ടർമാർ. അതുകൊണ്ട് യാത്ര, പ്രസംഗം എന്നിവ ഒഴിവാക്കുന്നു. എന്റെ ജീവൻ നിലനിറുത്തുന്ന കവിതയുമായി ബന്ധപ്പെട്ട ചില പരിപാടികളിൽ മാത്രമേ ഇനി പങ്കെടുക്കൂ. ദയവായി എന്നെ പൊതുയോഗങ്ങൾക്ക് വിളിക്കാതിരിക്കുക. ഓർമ്മയും വായനയും ഭാവനയും ഉള്ളിടത്തോളം ഞാൻ എഴുതും. എപ്പോൾ വേണമെങ്കിലും അവ ഇല്ലാതാകാം.””
Source link