നാട് മാലിന്യമുക്തമാകണം: ഉത്തരങ്ങൾ തേടി കുട്ടികളുടെ ഹരിതസഭ
തിരുവനന്തപുരം: സംസ്ഥാനം മാലിന്യമുക്തമാകുന്നതിന് തടസം നിൽക്കുന്ന പ്രശ്നങ്ങൾ കണ്ടെത്തി പരിഹാരമാർഗങ്ങൾ തേടാൻ കുട്ടികളുടെ ഹരിതസഭ. തദ്ദേശവകുപ്പിന് കീഴിലുള്ള മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായാണ് ‘ കുട്ടികളുടെ ഹരിതസഭ’ പദ്ധതി നടപ്പിലാക്കുന്നത്. ഓരോ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കുന്ന അഞ്ചു മുതൽ പത്തുവരെയുള്ള കുട്ടികൾ വീടുകളിലും നാട്ടിലും മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കണ്ടെത്തി ഫോട്ടോയും വീഡിയോയും ശേഖരിക്കും. നവംബർ 14ന് തദ്ദേശസ്ഥാപനങ്ങളിൽ നടക്കുന്ന ചർച്ചയിൽ ചോദ്യങ്ങൾ ഉന്നയിക്കും. പ്രശ്നത്തിൽ എത്ര നാളിനുള്ളിൽ പരിഹാരമെടുക്കുമെന്ന് ജനപ്രതിനിധികൾ വ്യക്തമാക്കണം. ചർച്ചയിൽ കൈക്കൊണ്ട നടപടികൾ അടുത്ത ശിശുദിനത്തിൽ തദ്ദേശസ്ഥാപനങ്ങൾ റിപ്പോർട്ടായി അവതരിപ്പിക്കണം.
സംസ്ഥാനത്താകെ രണ്ടു ലക്ഷത്തിലേറെ കുട്ടികൾ ഇക്കുറി ഹരിതസഭയിൽ പങ്കെടുക്കും. ഒരു തദ്ദേശസ്ഥാപനത്തിൽ ഒരു ഹരിതസഭയെങ്കിലും ഉണ്ടാവണം. പ്ലസ്വൺ, പ്ലസ്ടു വിദ്യാർത്ഥികൾക്കാണ് മുൻഗണന. കഴിഞ്ഞവർഷമാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആരംഭിച്ചത്. 918 ഹരിതസഭകളാണ് കൂടിയത്.
വെടിക്കെട്ട്, ട്രെയിനപകടം:
മരിച്ചവർക്ക് ധനസഹായം
തിരുവനന്തപുരം: കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ഭഗവതി ക്ഷേത്രത്തിൽ കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരിച്ച നാലുപേരുടെയും ആശ്രിതർക്ക് സംസ്ഥാന ദുരന്ത പ്രതികരണനിധിയിൽ നിന്ന് 4 ലക്ഷം രൂപ വീതം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഷൊർണ്ണൂർ റെയിൽവേ പാലത്തിൽ ശുചീകരണ പ്രവർത്തനത്തിനിടെ ട്രെയിൻ തട്ടി മരിച്ച നാല് സേലം സ്വദേശികളുടെ ആശ്രിതർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 3 ലക്ഷം രൂപ വീതം അനുവദിക്കും. തമിഴ്നാട് സർക്കാർ മൂന്നുലക്ഷം വീതവും റെയിൽവേ ഒരുലക്ഷം വീതവും ഇവർക്ക് സഹായധനം പ്രഖ്യാപിച്ചിരുന്നു.
Source link