INDIA

കുടിയേറ്റം മുതൽ വ്യാപാരം വരെ: ട്രംപിന്റെ രണ്ടാംവരവിൽ ഇന്ത്യയെ കാത്തിരിക്കുന്നതെന്ത് ?

കുടിയേറ്റം മുതൽ വ്യാപാരം വരെ–ട്രംപിന്റെ രണ്ടാംവരവിൽ ഇന്ത്യയെ കാത്തിരിക്കുന്നതെന്ത് – US-India Relations Under Trump’s Second Term: A Delicate Balance | Latest News | Manorama Online

കുടിയേറ്റം മുതൽ വ്യാപാരം വരെ: ട്രംപിന്റെ രണ്ടാംവരവിൽ ഇന്ത്യയെ കാത്തിരിക്കുന്നതെന്ത് ?

ഓൺലൈൻ ഡെസ്ക്

Published: November 06 , 2024 06:53 PM IST

1 minute Read

‍ഡോണൾഡ് ട്രംപിനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി. ഫയൽ ചിത്രം:X/@narendramodi

ന്യൂഡൽഹി∙ യുഎസിൽ റിപ്പബ്ലിക്കൻ  നേതാവ് ഡോണൾഡ് ട്രംപ് പ്രസിഡന്റ് സ്ഥാനത്ത് രണ്ടാമൂഴം ഉറപ്പിച്ചതോടെ ഡൽഹിയിലും കണക്കുകൂട്ടലുകൾ തുടങ്ങി. ട്രംപ് 2.O എങ്ങനെയാകും ഇന്തോ–യുഎസ് ബന്ധത്തിൽ പ്രതിഫലിക്കുകയെന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. കുടിയേറ്റം, വ്യാപാരം, സൈനിക സഹകരണം തുടങ്ങിയ വിഷയങ്ങളിൽ ട്രംപ് സ്വീകരിക്കുന്ന നയങ്ങൾ എന്താകും എന്നത് ഇന്ത്യയെ സംബന്ധിച്ചും നിർണായകമാണ്. 

‘അമേരിക്ക ആദ്യം’ തത്വത്തിൽ അധിഷ്ഠിതമായി വിദേശനയം പൊളിച്ചെഴുതുമെന്ന് ട്രംപ് തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ പുതിയ പ്രസിഡന്റ് ട്രംപാണെങ്കിലും കമല ഹാരിസാണെങ്കിലും യുഎസ് കൂടുതൽ ദേശീയവത്കരണം നടപ്പാക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിദേശകാര്യമന്ത്രി എസ്.ജയ്‌ശങ്കറിന്റെ വാക്കുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ അടുത്ത സുഹൃത്താണെന്നും അദ്ദേഹവുമായി മികച്ച ബന്ധമുണ്ടെന്നും ട്രംപ് അംഗീകരിക്കുന്നുണ്ടെങ്കിലും  നയരൂപീകരണത്തിന്റെ കാര്യത്തിൽ ഇതൊന്നും ട്രംപിനെ സ്വാധീനിക്കില്ല. 

ഇന്ത്യ–യുഎസ് വ്യാപാരം
അമേരിക്കൻ താൽപര്യങ്ങൾക്ക് മുൻതൂക്കം എന്നതാണ് ട്രംപിന്റെ വിദേശനയത്തിന്റെ രത്നച്ചുരുക്കം. ഇത് രാജ്യാന്തര കരാറുകളിലും പ്രതിഫലിക്കും. പ്രസിഡന്റായിരുന്ന  ആദ്യവട്ടം പാരിസ് കാലാവസ്ഥാ ഉടമ്പടിയും ഇറാൻ ആണവക്കരാറും ഉൾപ്പെടെ യുഎസിന്റെ താൽപര്യങ്ങൾക്ക് വിധേയമാക്കി മാറ്റിയെഴുതാൻ ട്രംപ് മുൻകൈയെടുക്കുകയും അതിന് സാധ്യമാകാത്ത സാഹചര്യത്തിൽ ഇരു കരാറുകളിൽനിന്നും യുഎസ് ഏകപക്ഷീയമായി പിൻമാറുകയും ചെയ്തിരുന്നു. രണ്ടാം തവണയും ഇതേ സമീപനം ട്രംപ് സ്വീകരിച്ചാൽ അത് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുമായുള്ള യുഎസിന്റെ ബന്ധത്തെ ബാധിക്കും.

പ്രധാനമായും വാഹനങ്ങളുൾപ്പെടെയുള്ള കയറ്റുമതിക്ക് തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. അങ്ങനെയുണ്ടായാൽ യുഎസിൽനിന്നുള്ള ഇറക്കുമതി ഇന്ത്യയ്ക്ക് ചെലവേറിയതാകും. ഐടി, ഫാർമസ്യൂട്ടിക്കൽ, ടെക്സ്റ്റൈൽ എന്നീ മേഖലകളെയാകും ഇത് കൂടുതൽ ബാധിക്കുക. അതേസമയം, ചൈനയോട് കടുത്ത നിലപാട് പുലർത്തുന്ന ട്രംപ് സ്വീകരിക്കുന്ന ചൈനാവിരുദ്ധ നയങ്ങൾ ഇന്ത്യയ്ക്ക് പുതിയ സാധ്യതകളും തുറക്കും. ഉൽപാദന മേഖലയിലാകും ഇത് പ്രതിഫലിക്കുക. ചൈനീസ് ആശ്രിതത്വം കുറയ്ക്കാൻ ഇന്ത്യയിലേക്ക് യുഎസ് വ്യവസായങ്ങൾ ബദലായി കാണുക ഇന്ത്യയെ ആകും.
കുടിയേറ്റം

എല്ലാത്തിനേക്കാളും ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന ഘടകം കുടിയേറ്റത്തിൽ ട്രംപ് സ്വീകരിക്കാൻ പോകുന്ന നയങ്ങളാകും. പ്രത്യേകിച്ചും താൽക്കാലിക തൊഴിൽ വീസയായ എച്ച്1ബി വീസയിൽ നിയന്ത്രണമുണ്ടായാൽ ഇന്ത്യൻ പ്രൊഫഷണലുകൾക്ക് അതുണ്ടാക്കാൻ പോകുന്ന ക്ഷീണം ചില്ലറയല്ല. ആദ്യവട്ടം ട്രംപ് പ്രസിഡന്റായിരിക്കുമ്പോൾ വിദേശ തൊഴിലാളികൾക്കുള്ള വീസാ ചട്ടം കടുപ്പിക്കാനും നിയന്ത്രണങ്ങളേർപ്പെടുത്താനും ശ്രമം നടത്തിയിരുന്നു. 
സൈനിക, പ്രതിരോധ സഹകരണം

സൈനിക–പ്രതിരോധ രംഗത്തെ സഹകരണം ഇന്ത്യ–യുഎസ് ബന്ധത്തിന്റെ ആണിക്കല്ലുകളിൽ ഒന്നാണ്. ജോ ബൈഡന്റെ കാലത്ത്  ക്രിട്ടിക്കൽ ആൻഡ് എമേർജിങ് ടെക്നോളജി (ഐസിഇടി), ജെറ്റ് എൻജിനുകൾ നിർമിക്കാനുള്ള ജിഇ–എച്ച്എൽ കരാറുകൾ തുടങ്ങിയ നിർണായക സഹകരണങ്ങൾ ഇരുരാജ്യങ്ങളും തുടങ്ങിവച്ചിട്ടുണ്ട്. ഇന്തോ–പസിഫിക് മേഖലയിലെ ചൈനീസ് സ്വാധീനം കണക്കിലെടുത്ത് ഇന്ത്യയുമായുള്ള സൈനിക സഹകരണം ട്രംപ് തുടരുമെന്ന് തന്നെയാണ് കണക്കുകൂട്ടൽ. ആദ്യ ട്രംപ് സർക്കാരും ഇന്തോ–പസിഫിക് മേഖലയിലെ സൈനിക സഹകരണത്തിന് പ്രത്യേക ശ്രദ്ധ നൽകിയിരുന്നു. യുഎസ്. ഇന്ത്യ, ജപ്പാൻ,ഓസ്ട്രേലിയ എന്നിവർ അംഗമായ ക്വാഡ് സഖ്യത്തിന്റെ പുനരുജ്ജീവനത്തിനും ട്രംപ് അന്ന് നിർണായക നീക്കങ്ങൾ നടത്തിയിരുന്നു. ഭീകരവിരുദ്ധ നീക്കങ്ങളിലും ട്രംപിന്റെ ‘ശക്തിയിലൂടെ സമാധാനം’ എന്ന സമീപനം ഇന്ത്യയുടെ സുരക്ഷാലക്ഷ്യങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. പാക്കിസ്ഥാനെതിരെ ശക്തമായ നിലപാട് യുഎസ് കൈക്കൊള്ളണമെന്നത് ഇന്ത്യയുടെ ഏറെനാളായുള്ള ആവശ്യമാണ്.

English Summary:
US-India Relations Under Trump’s Second Term: A Delicate Balance

mo-politics-elections-uspresedentialelection 5us8tqa2nb7vtrak5adp6dt14p-list 5a3sdvi6rr73mb7at1nvb3i7tt 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-world-countries-unitedstates mo-politics-leaders-internationalleaders-kamalaharris mo-politics-leaders-internationalleaders-donaldtrump


Source link

Related Articles

Back to top button