ഭക്തരെ പരീക്ഷിക്കരുത്: അയ്യപ്പധർമ്മ രക്ഷാസഭ

പന്തളം:ശബരിമല ക്ഷേത്രത്തോടും അയ്യപ്പ ഭക്തരോടും സർക്കാരും ദേവസ്വം ബോർഡും കാട്ടുന്ന നിഷേധ സമീപനം അവസാനിപ്പിക്കണമെന്ന് അയ്യപ്പ ധർമ്മ രക്ഷാസഭ.

ഒാൺലൈൻ ബുക്കിംഗ് നടത്തുന്നവർക്ക് മാത്രം ദർശനം അനുവദിക്കുന്നത് സാങ്കേതിക അറിവില്ലാത്തവർക്കും ഗുരുസ്വാമിമാരുടെ നേതൃത്വത്തിലുള്ള പദയാത്രാ സംഘങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കും. അശാസ്ത്രീയ നിർമ്മാണങ്ങൾ ഭക്തർക്ക് പതിനെട്ടാം പടി കയറാൻ തടസമാവുന്നു. ഭക്തർക്ക് വിമാനത്തിൽ ഇരുമുടിക്കെട്ട് കൊണ്ടുപോകാൻ ഇളവ് അനുവദിച്ച കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ യോഗം സ്വാഗതം ചെയ്തു.

കൈപ്പുഴ കൊട്ടാരത്തിൽ നടന്ന യോഗം തന്ത്രി കണ്ഠര് മഹേഷ് മോഹനര് ഉദ്ഘാടനം ചെയ്തു. അയ്യപ്പസേവാ സമാജം സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ് അനുഗ്രഹ പ്രഭാഷണം നടത്തി. പന്തളം കൊട്ടാരം നിർവാഹക സംഘാംഗം പി.എൻ നാരായണ വർമ്മ അദ്ധ്യക്ഷത വഹിച്ചു. അയ്യസേവാ സമാജം, ശബരിമല ആചാര സംരക്ഷണ സമിതി, ക്ഷേത്രാചാര സംരക്ഷണ സമിതി, തിരുവാഭാരണ പാത സംരക്ഷണ സമിതി, ക്ഷേത്ര സംരക്ഷണ സമിതി, മേൽശാന്തി സമാജം, സേവാഭാരതി, തിരുവാഭരണ പല്ലക്ക് വാഹക സംഘം, നായാട്ടുവിളി സംഘം തുടങ്ങിയ സംഘടനകളുടെ ഭാരവാഹികൾ പങ്കെടുത്തു.


Source link
Exit mobile version