KERALAMLATEST NEWS

‘നമുക്കെതിരെയാണ് പരിശോധന എന്ന് ചിലയാളുകൾക്ക് മാത്രം തോന്നുന്നത് എന്തുകൊണ്ടാണ്? എനിക്ക് അങ്ങനെ തോന്നിയില്ലല്ലോ’

പാലക്കാട്: ഉപതിരഞ്ഞെടുപ്പിൽ അനധികൃത പണമിടപാട് നടക്കുന്നുവെന്ന ആരോപണത്തെത്തുടർന്ന് കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടലിൽ പൊലീസ് പരിശോധന നടത്തിയതിനെ ന്യായീകരിച്ച് മുൻ മാദ്ധ്യമപ്രവർത്തകൻ എംവി നികേഷ് കുമാർ. പരിശോധിക്കാൻ എത്തിയപ്പോൾ ഞാൻ മുറി തുറന്നുകൊടുത്തു. പരിശോധിച്ചിട്ട് അവർ പോയി. ടെൻഷൻ അടിക്കേണ്ട ആവശ്യം എന്തിനാണ് എന്നാണ് അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് ചോദിച്ചത്.

നികേഷ് കുമാറിന്റെ വാക്കുകൾ

എന്റെ മുറിയിൽ വന്നുനോക്കിയിരുന്നു. രാത്രി പന്ത്രണ്ടുമണിയോടെയാണ് വന്നത്. ഞാൻ റൂം തുറന്നുകൊടുത്തു, അവർ പരിശോധിച്ചിട്ട് പോയി. ഇലക്ഷനുമായി ബന്ധപ്പെട്ടുളള പരിശോധനയാണെന്നാണ് പറഞ്ഞത്. നമ്മൾ വണ്ടിയിൽ പോകുമ്പോൾ സാധാരണ ഗതിയിൽ ഇങ്ങനെ പരിശോധന നടക്കാറുണ്ടല്ലോ. അത്രയും ഗൗരവമായി മാത്രമേ ഞാൻ അതിനെ കണ്ടിട്ടുള്ളൂ. പരിശോധനയെ തടയേണ്ട കാര്യമെന്താണ്?. എല്ലാവരുടെ മുറിയും പരിശോധിക്കുന്ന സമയത്താണ് എന്റെ മുറിയും പരിശോധിച്ചെന്നാണ് ഞാൻ കരുതുന്നത്. പിന്നീട് ടി വി കണ്ടപ്പോഴാണ് അത് വലിയ ഇഷ്യൂവായതായി കണ്ടത്. അപ്പോഴാണ് പരിശോധനയുടെ മാനം രാഷ്ട്രീയ തലത്തിലേക്ക് മാറുന്നതായും കണ്ടത്. ആരുടെ ഇൻഫർമേഷന്റെ അടിസ്ഥാനത്തിലാണ് പരിശോധന, ആർക്കെതിരെയാണ് പരിശോധന എന്നൊന്നും നമുക്ക് അറിയില്ലല്ലോ?.പൊലീസ് ഉദ്യോഗസ്ഥർ പരിശോധിക്കാൻ വരുമ്പോൾ മുറി തുറന്നുകാെടുക്കുന്നു. അവർ പരിശോധിക്കുന്നു. പോകുന്നു. നമ്മൾ എന്തിനാണ് അതിനകത്ത് ടെൻഷൻ ആകുന്നത്. നമ്മളെന്തിനാണ് ആളെ കൂട്ടുന്നത്. എന്തിനാണ് അതിനകത്ത് സംഘർഷം ഉണ്ടാക്കുന്നത്. അതെനിക്ക് മനസിലാകുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം ഹോട്ടലിൽ നടത്തുന്ന പരിശോധനയിൽ എന്റെ മുറിയും ഭാഗമാണ് എന്നുള്ളതുകൊണ്ട് ഞാനും അതിൽ ഭാഗവാക്കാകേണ്ടതാണ്. പരിശോധന നമുക്കെതിരെയാണെന്ന് ചിലയാളുകൾക്ക് തോന്നുന്നത് എന്തുകൊണ്ടാണ്. എനിക്ക് താേന്നിയില്ലല്ലോ?

ഇന്നലെ രാത്രിയാണ് കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടലിൽ നാടകീയ രംഗങ്ങളും സംഘർഷവും അരങ്ങേറിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക സ്‌ക്വാഡ് പരിശോധനയ്ക്ക് എത്തിയത്. ട്രോളി ബാഗില്‍ പണം എത്തിച്ചുവെന്നാണ് സിപിഎം ആരോപിക്കുന്നത്. പുലർച്ചെവരെ പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന.


Source link

Related Articles

Back to top button