ചൈനയിൽ അങ്കണവാടികളും പ്രൈമറി സ്‌കൂളുകളും അടച്ചുപൂട്ടുന്നു; ഇന്ത്യയോട് കിടപിടിച്ച് മടുത്തോ?

വർഷങ്ങളായി ലോക ജനസംഖ്യാ നിരക്കിൽ ഒന്നാമതായിരുന്ന രാജ്യമാണ് ചൈന. എന്നാൽ 2022ൽ ചൈനയെ കടത്തിവെട്ടി ഇന്ത്യ ജനസംഖ്യയിൽ ഒന്നാമതെത്തിയിരുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2.08 മില്യൺ ആണ് ചൈനയിലെ നിലവിലെ ജനസംഖ്യ. തുടർച്ചയായ രണ്ടാം വർഷമാണ് ഇത്തരത്തിൽ കുറവുണ്ടാവുന്നത്.
ഇപ്പോഴിതാ ചൈനയിൽ നിന്ന് വളരെ വിചിത്രമായ വാർത്തയാണ് പുറത്തുവരുന്നത്. ചൈനയിലെ അങ്കണവാടികളും പ്രൈമറി സ്‌കൂളുകളും അടച്ചുപൂട്ടുന്നുവെന്നും എണ്ണം ചുരുങ്ങുന്നുവെന്നുമാണ് വാർത്തകൾ വ്യക്തമാക്കുന്നത്. ചൈനയിലെ ജനസംഖ്യാപരമായ മാറ്റങ്ങൾ അങ്കണവാടികളുടെ എണ്ണത്തിലും അങ്കണവാടികളിൽ പുതിയതായി പേര് ചേർക്കുന്ന കുട്ടികളുടെ നിരക്കിലും വലിയ ഇടിവിന് കാരണമായെന്നാണ് സമീപകാല റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്.
ചൈനയിലെ പ്രീ-സ്‌കൂൾ സ്ഥാപനങ്ങളുടെ എണ്ണത്തിൽ തുടർച്ചയായ രണ്ടാം വർഷമാണ് ഇടിവുണ്ടാവുന്നത്. രാജ്യത്ത് നിലനിൽക്കുന്ന ജനസംഖ്യാ പ്രതിസന്ധിയാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. കുറഞ്ഞ ജനനനിരക്ക്, വൃദ്ധരുടെ എണ്ണത്തിലെ വർദ്ധനവ്, ഉയരുന്ന സാമ്പത്തിക സമ്മർദ്ദം എന്നിവയാണ് ചൈനയുടെ ജനസംഖ്യാ നിരക്ക് ഇടിയുന്നതിന്റെ കാരണങ്ങളായി ഉയർത്തിക്കാട്ടുന്നത്. ജനസംഖ്യാ ഇടിവിൽ പരിഹാരം കണ്ടെത്താനും സാമ്പത്തിക സ്തംഭനാവസ്ഥ ലഘൂകരിക്കാനും അധികാരികൾ വലിയ വെല്ലുവിളികളാണ് നേരിടുന്നത്.
2023ലെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ട് പ്രകാരം, ചൈനയിലെ അങ്കണവാടികളുടെ (കിന്റർഗാർട്ടൻ) എണ്ണം അഞ്ച് ശതമാനത്തിലധികമാണ് കുറഞ്ഞത്. 14,808 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. ഇത് അങ്കണവാടികളുടെ ആകെ എണ്ണം 274,400 ആയി കുറച്ചു. 2022ൽ ചൈനയിലെ ആകെ അങ്കണവാടികളുടെ എണ്ണം 289,200 ആയിരുന്നു.
അങ്കണവാടികളിൽ പ്രവേശനം നേടുന്നവരുടെ എണ്ണത്തിലും വലിയ ഇടിവുണ്ടാവുന്നതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. 2023ൽ 11.55 ശതമാനമാണ് കുറവുണ്ടായത്. മുൻവർഷത്തെക്കാൾ 5.35 ദശലക്ഷം കുറഞ്ഞ് 40.9 ദശലക്ഷം കുട്ടികളാണ് നിലവിൽ പ്രവേശനം നേടിയിരിക്കുന്നത്. പ്രവേശനത്തിൽ കഴിഞ്ഞ മൂന്ന് വർഷമായി ഇടിവുണ്ടാവുകയാണെന്ന് അധികൃതർ നിരീക്ഷിക്കുന്നു.
2023ൽ ആകെ ഒൻപത് ദശലക്ഷം കുട്ടികളാണ് ചൈനയിൽ ജനിച്ചുവീണത്. 1949ന് ശേഷം അടയാളപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്. പ്രീ-സ്‌കൂളുകളിൽ എന്നപോലെ പ്രൈമറി സ്‌കൂളുകളിലും ഇടിവ് നേരിടുകയാണ്. 3.8 ശതമാനം ഇടിവാണ് രേഖപ്പെടുത്തുന്നത്. 5,645 പ്രൈമറി സ്‌കൂളുകൾ അടച്ചുപൂട്ടി. നിലവിൽ 1,43,500 പ്രൈമറി സ്‌കൂളുകളാണ് ചൈനയിൽ പ്രവർത്തിക്കുന്നത്. ജനസംഖ്യാ സുസ്ഥിരതയുടെ പ്രധാന ഘടകങ്ങളിൽ ഒന്നായ ഫെർട്ടിലിറ്റി നിരക്ക് 2023ൽ 1.0 ന് താഴെയായതും ആശങ്ക ഉയർത്തുന്നു. 2.1 എന്ന റീപ്ലേസ്മെന്റ് ലെവലിന് താഴെയായതിലും ചൈന പ്രാധാന്യം നൽകുന്നുണ്ട്.
ചൈനയിലെ അങ്കണവാടികളുടെ എണ്ണം കുറയുന്ന പ്രവണത വിവിധ സാമൂഹിക മേഖലകളിൽ മറ്റ് തരത്തിലെ മാറ്റങ്ങൾക്ക് കാരണമാവുകയാണ്. ചൈനയിലെ പ്രായമായവരുടെ പരിചരണത്തിനായി അങ്കണവാടികൾ പരിചരണ കേന്ദ്രങ്ങളാക്കി മാറ്റുകയാണ്. അങ്കണവാടികളിൽ ജോലി ചെയ്തിരുന്നവർക്ക് പ്രായമായവരെ പരിചരിക്കുന്നതിനുള്ള പരിശീലനവും നൽകുന്നു.
ഉയർന്ന ജീവിതച്ചെലവും ശിശുപരിപാലനച്ചെലവും കുട്ടികളുണ്ടാകുന്നതിൽ നിന്ന് യുവാക്കളെ കൂടുതൽ നിരുത്സാഹപ്പെടുത്തുന്നതായാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഭവന ചെലവുകൾ, വിദ്യാഭ്യാസരംഗത്തെ ചെലവുകൾ, രാജ്യം നേരിടുന്ന സാമ്പത്തിക അരക്ഷിതാവസ്ഥ തുടങ്ങിയവ കുടുംബാസൂത്രണത്തെ പലർക്കും ഉത്കണ്ഠയുടെ ഉറവിടമാക്കി മാറ്റിയിരിക്കുന്നു.
ചൈനയിൽ നടത്തിയ ഒരു സർവേ വെളിപ്പെടുത്തുന്നത് യുവാക്കളിൽ പകുതിയോളം പേരും ഒരു കുട്ടി മാത്രം മതിയെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് എന്നതാണ്. മൂന്നിലൊന്ന് പേർക്ക് കുട്ടികളേ വേണ്ട എന്ന നിലപാടിലാണ്. കൂടാതെ, സർവേയിൽ പങ്കെടുത്തവരിൽ 56 ശതമാനം പേർ വിവാഹം ഒരു ഓപ്‌ഷനായി മാത്രം കാണുന്നു. ഏകദേശം ആറ് ശതമാനം പേർ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് സർവേ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഉയർന്ന ജനനനിരക്ക് പ്രോത്സാഹിപ്പിക്കുന്നതിനും ശിശു സംരക്ഷണ ചെലവുകൾ ലഘൂകരിക്കുന്നതിനും ലക്ഷ്യമിട്ട് വിവിധ സംരംഭങ്ങൾ അവതരിപ്പിക്കുകയാണ് ചൈനയിപ്പോൾ. വിവിധ സർവേകൾ നടത്തി കുട്ടികളുണ്ടാകാനുള്ള പൗരന്മാരുടെ വിമുഖതയ്ക്ക് പിന്നിലെ കാരണങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്നു.
വിവാഹത്തെയും കുഞ്ഞുണ്ടാകുന്നതിനെയും പ്രോത്സാഹിപ്പിക്കുന്നതിനായി സബ്‌സിഡികൾ അടക്കം പലവിധ പദ്ധതികളാണ് ചൈന അവതരിപ്പിക്കുന്നത്. ഗോംഗ്‌ഡോംഗ് പോലെയുള്ള ചില പ്രദേശങ്ങളിൽ കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് സാമ്പത്തിക സബ്‌സിഡികൾ നൽകുന്നു. രണ്ട് കുട്ടികളുള്ള കുടുംബത്തിന് 10,000 യോണും മൂന്ന് കുട്ടികളുള്ള കുടുംബത്തിന് 30,000 യോണും ബോണസായി നൽകുന്നു. മാതാപിതാക്കൾക്ക് അവധി അനുവദിക്കുന്നതിലെ നയങ്ങളിൽ മാറ്റങ്ങൾ, ശിശുസംരക്ഷണവുമായി ബന്ധപ്പെട്ട തൊഴിൽ ചെലവുകൾ പങ്കിടുന്നതിനുള്ള സംവിധാനങ്ങൾ മെച്ചപ്പെടുത്തുക, ശിശുസംരക്ഷണ സേവനങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കുക എന്നിവയും ചൈന മുന്നോട്ട് വയ്ക്കുന്നു.
ജനസംഖ്യാപരമായ മാറ്റങ്ങൾക്ക് ചൈനയുടെ ഭാവിയിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കാൻ ഇടയുണ്ടെന്നാണ് വിലയിരുത്തൽ. ജനനനിരക്ക് 1000 പേർക്ക് 6.39 ജനനങ്ങൾ എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരിക്കുകയാണ്. ഇത് അടിയന്തരാവസ്ഥയ്ക്ക് അടിവരയിടുകയാണ്. ഷാങ്ഹായിൽ, പ്രത്യുൽപാദന നിരക്ക് 0.6 ആയി കുറഞ്ഞു.
TAGS:
CHINA,
DECLINING BIRTH RATE,
DECLINING POPULATION,
KINDERGARTEN,
PRIMARY SCHOOLS,
SHUTTING DOWN
Source link