‘എപ്പോഴും വനിതാ പൊലീസ് ഉണ്ടാകണമെന്നില്ല, പരിശോധനയ്‌ക്ക് നിയമപ്രകാരം പൊലീസിന് അവകാശമുണ്ട്’

പാലക്കാട്: പാലക്കാട് കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടൽ മുറിയിൽ നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ലെന്ന് എഎസ‌്പി അശ്വതി ജി ജി. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കള്ളപ്പണം ഒളിപ്പിച്ചിട്ടുണ്ടെന്ന ആരോപണത്തെ തുടർന്നാണ് ഇന്നലെ അർദ്ധരാത്രി ഷാനിമോൾ ഉസ്മാനും ബിന്ദുകൃഷ്ണയും താമസിച്ച മുറികളിൽ ഉൾപ്പെടെ പൊലീസ് പരിശോധന നടത്തിയത്. പരിശോധനയ്‌ക്ക് നിയമപ്രകാരം പൊലീസിന് അവകാശമുണ്ടെന്നും എഎസ്‌പി പറഞ്ഞു.

‘മുറിയിൽ സ്ത്രീയാണ് ഉള്ളതെങ്കിലും അത്യാവശ്യഘട്ടങ്ങളിൽ അവരോട് പുറത്തിറങ്ങാൻ പറയാം. പരിശോധനാ സംഘത്തിൽ എപ്പോഴും വനിതാ പൊലീസ് ഉണ്ടാകണമെന്നില്ല. പരിശോധനയ്ക്ക് തയാറല്ലെന്നാണ് വനിതാ നേതാക്കൾ പറഞ്ഞത്. വനിതാ ഉദ്യോഗസ്ഥർ വന്നശേഷമാണ് അവരുടെ മുറിയിൽ പരിശോധന നടത്തിയത്. പരിശോധനയ്ക്ക് തടസമൊന്നും ഉണ്ടായിട്ടില്ല. പരിശോധനയുടെ പട്ടിക കെെമാറി. ഹോട്ടലിലെ 12 മുറികൾ പരിശോധിച്ചു. എല്ലാ പാർട്ടികളുടെയും നേതാക്കൾ താമസിച്ച മുറികൾ പരിശോധിച്ചിട്ടുണ്ട്. എന്തെങ്കിലും പരാതി ലഭിച്ചാൽ ഹോട്ടലിലെ സിസിടിവികൾ പരിശോധിക്കും’,- എഎസ്‌പി പറഞ്ഞു.

യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക സ്‌ക്വാഡ് രണ്ട് മണിക്ക് ഹോട്ടലിൽ പരിശോധനയ്ക്ക് എത്തിയത്. എന്നാൽ പരിശോധനക്കിടെ സംഘർഷമുണ്ടായി. വനിതാ നേതാക്കളുടെ മുറികളിൽ പൊലീസ് അതിക്രമിച്ച് കയറിയെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തി. എല്ലാ മുറികളിലും പരിശോധന വേണമെന്ന് സിപിഎമ്മും ബിജെപിയും ആവശ്യപ്പെട്ടതോടെ രംഗം വഷളായി. പാതിരാത്രിയിൽ മൂന്നര മണിക്കൂറോളം നേരമാണ് ഹോട്ടലിൽ നേതാക്കളും പ്രവർത്തകരും ഏറ്റുമുട്ടിയത്. ചട്ടങ്ങള്‍ പാലിച്ചല്ല പരിശോധനയ്‌ക്കെത്തിയതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിച്ച ആരോപണം.


Source link
Exit mobile version