മതാടിസ്ഥാനത്തിലെ  വാട്സാപ്പ്  ഗ്രൂപ്പ്; പിന്നിൽ  ഹാക്കിംഗ് ആണെന്ന്   സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല, കൂടുതൽ വിശദാംശങ്ങൾ തേടി പൊലീസ്

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി മതാടിസ്ഥാനത്തിൽ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയതിന് പിന്നിലെ ഹാക്കിംഗ് സ്ഥിരീകരിക്കാൻ കഴിഞ്ഞില്ലെന്ന് പൊലീസ്. ഗ്രൂപ്പുണ്ടാക്കാൻ ഉപയോഗിച്ചത് വ്യവസായ വകുപ്പ് ഡയറക്ടർ ഗോപാലകൃഷ്ണന്റെ ഫോൺ തന്നെയാണെന്ന് പൊലീസിന് വാട്സാപ്പ് കമ്പനി റിപ്പോർട്ട് നൽകി. ഫോൺ ഹാക്ക് ചെയ്തതായി ഉറപ്പാക്കാനായിട്ടില്ലെന്ന് പൊലീസ് അയച്ച ഇമെയിലിന് മെറ്റ കമ്പനി മറുപടി നൽകി.

കൂടുതൽ വിശദാംശങ്ങൾ തേടി പൊലീസ് ഗൂഗിളിന് വാട്സാപ്പിനും വീണ്ടും മെയിൽ അയച്ചു. മെറ്റയിൽ നിന്നുള്ള വിശദീകരണം അടക്കം ചേർത്തുള്ള പ്രാഥമിക റിപ്പോർട്ട് പൊലീസ് ഇന്ന് സർക്കാറിന് കെെമാറും. ഗ്രൂപ്പുകളെല്ലാം ഗോപാലകൃഷ്ണൻ നീക്കം ചെയ്തതിനാൽ അവ ക്രിയേറ്റ് ചെയ്ത സ്ഥലം, സമയം, ആരെയെല്ലാം അംഗങ്ങളാക്കി, അയച്ച സന്ദേശങ്ങൾ തുടങ്ങിയ വിവരങ്ങൾ മെറ്റയിൽ നിന്ന് സംഘടിപ്പിക്കാനാണ് ശ്രമം. ഗോപാലകൃഷ്ണന്റെ ഐഫോൺ ഫോറൻസിക് പരിശോധനക്കായി പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ഗ്രൂപ്പുകളുണ്ടാക്കിയില്ലെന്നും ഫോൺ അജ്ഞാതർ ഹാക്ക് ചെയ്‌തതാകാമെന്നും ഗോപാലകൃഷ്ണൻ മൊഴി നൽകിയെങ്കിലും പൊലീസ് പൂർണമായി അത് വിശ്വസിച്ചിട്ടില്ല.

ഗോപാലകൃഷ്ണന്റെ വാദം ശരിവയ്ക്കുന്ന തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. മതാടിസ്ഥാനത്തിൽ ഗ്രൂപ്പുകളുണ്ടാക്കി ഔദ്യോഗികതലത്തിൽ എന്തെങ്കിലും നേട്ടമുണ്ടായിരുന്നോ എന്ന കാര്യവും പൊലീസ് പരിശോധിക്കും. ഗ്രൂപ്പുമായി ബന്ധപ്പെട്ട പരാതി നൽകാൻ വെെകിയതും പൊലീസ് സംശയത്തോടെയാണ് കാണുന്നത്. ഒക്ടോബർ 30നാണ് ഗോപാലകൃഷ്ണൻ അഡ്മിനായി മതാടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ ഗ്രൂപ്പ് രൂപീകരിക്കുന്നത്.

മുതിർന്ന ഐഎഎസുകാർ ഉൾപ്പെടെ ഗ്രൂപ്പിലുണ്ടായിരുന്നു. ഇത്തരം ഒരു ഗ്രൂപ്പിന്റെ ഗൗരവം ഇതിൾ ഉൾപ്പെട്ട ചിലർ തന്നെ ഗോപാലകൃഷ്ണനെ വിളിച്ചറിയിച്ചു. അതോടെയാണ് ഡിലീറ്റ് ചെയ്തത്. അറിഞ്ഞയുടൻ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തെന്നും വാട്സ് ആപ്പ് അൺഇൻസ്റ്റാൾ ചെയ്തെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.


Source link
Exit mobile version