കോഴിക്കോട് ∙ തിരക്കഥാകൃത്തുകൾ കൂടുതൽ പ്രഫഷനലാകണമെന്നും സിനിമയുടെ കച്ചവടത്തെയും കലയെയും കഥാപാത്രത്തെയുമൊക്കെ നിർണയിക്കുന്നത് സ്ക്രീനാണെന്നും തിരക്കഥയ്ക്കുള്ള ദേശീയ അവാർഡ് ജേതാവും മലയാള മനോരമ ലീഡർ റൈറ്ററുമായ ഹരികൃഷ്ണൻ. മലയാള മനോരമയുടെ കലാ സാഹിത്യ ഉൽസവം ഹോർത്തൂസിൽ ‘തിരയെഴുത്ത്: കലയും കച്ചവടവും’ എന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹരികൃഷ്ണന്റെ വാക്കുകൾ:
ഇക്കാലത്ത് തിരക്കഥാകൃത്തുകൾ കൂടുതൽ പ്രഫഷനലാകണം. അതായത്, ഒരു ആർട്ട് ഹൗസ് സിനിമയേയും ഒരു സൂപ്പർസ്റ്റാർ സിനിമയേയും അവർക്ക് ഒരേപോലെ സമീപിക്കാനാവണം. എന്റെ ആദ്യ സിനിമ കുട്ടിസ്രാങ്കായിരുന്നു. അതുവരെ ഒരു തിരക്കഥയും ഞാനെഴുതിയിരുന്നില്ല. കുട്ടിസ്രാങ്ക് എഴുതണമെന്ന് ഷാജി എൻ.കരുൺ ആവശ്യപ്പെട്ടപ്പോൾ, വളരെ പ്രഫഷനലായ ഒരു എഴുത്തുജോലി ചെയ്യുന്ന എനിക്ക് അതു ചെയ്യാമെന്ന് ആത്മവിശ്വാസം തോന്നി. മറിച്ച്, ഒടിയൻ പോലെ ഒരു കച്ചവട സിനിമയുടെ ഓഫറാണ് ആദ്യം വന്നിരുന്നതെങ്കിൽ ഞാൻ അതെഴുതുമായിരുന്നു.
ഇനി സിനിമയെഴുത്ത് കൂടുതൽ പ്രഫഷനലാകണമെന്നു ഞാൻ വിശ്വസിക്കുന്നു. കുട്ടിസ്രാങ്ക് എഴുതാൻ ഷാജി സാർ ആവശ്യപ്പെട്ടപ്പോൾ, അദ്ദേഹത്തിന് എങ്ങനെയുള്ള സിനിമയാണു വേണ്ടതെന്നാണ് ഞാൻ ആലോചിച്ചത്. അതിനു വേണ്ടി തൊട്ടടുത്ത ദിവസങ്ങളിൽത്തന്നെ, അദ്ദേഹത്തിന്റെ സിനിമകളെല്ലാം ഞാൻ വീണ്ടും കണ്ടു. അദ്ദേഹം എങ്ങനെയാണു കാര്യങ്ങളെ കാണുന്നതെന്ന് എനിക്കറിയണമായിരുന്നു. മരണത്തെ, പ്രണയത്തെ, ദുഃഖത്തെ, ഏകാന്തതയെ, ശൂന്യതയെ ഒക്കെ അദ്ദേഹം എങ്ങനെ കാണുന്നുവെന്ന് ആ സിനിമകളിൽനിന്നു വായിച്ചെടുത്ത്, ആ ‘സംവിധായകനു’ വേണ്ടിയുള്ള തിരക്കഥയെഴുതി. അതൊരു പ്രഫഷനൽ കാഴ്ചപ്പാടാണ്. പലരും അങ്ങനെ ചെയ്യുന്നുണ്ടാവാം.
തിരക്കഥയ്ക്കുള്ള ദേശീയ അവാർഡ് ജേതാവും മലയാള മനോരമ ലീഡർ റൈറ്ററുമായ ഹരികൃഷ്ണന്റെ ‘പ്രണയത്തിര’ എന്ന പുസ്തകം ഹോർത്തൂസ് വേദിയിൽ സ,ംവിധായകൻ മഹേഷ് നാരായണൻ അഭിനേത്രി പ്രിയങ്ക നായരിൽനിന്നു സ്വീകരിച്ച് പ്രകാശനം ചെയ്യുന്നു. ഹരികൃഷ്ണൻ, തിരക്കഥാകൃത്ത് ബാഹുൽ രമേഷ് എന്നിവർ സമീപം.
ഒടിയൻ എഴുതും മുൻപ്, എങ്ങനെയുള്ള മോഹൻലാലിനെയാണ് ആരാധകർ സ്ക്രീനിൽ കാണാൻ ആഗ്രഹിക്കുന്നത് എന്നായിരുന്നു എന്റെ ആലോചന. വലിയ ഹിറ്റായ മോഹൻലാൽ സിനിമകളെ ലിസ്റ്റ് ചെയ്തു. നമുക്ക് ഏറ്റവുമിഷ്ടപ്പെട്ട ലാൽ ഭാവങ്ങൾ എന്തൊക്കെയാണ്? കുസൃതി പറയുന്ന, പ്രണയിക്കുന്ന, മദ്യപിക്കുന്ന, സങ്കടപ്പെടുന്ന, കരയുന്ന, അങ്ങനെ പലതരത്തിൽപെട്ട ലാലിനെ നമുക്കിഷ്ടമാണ്. ഈ മോഹൻലാലുകളെയെല്ലാം ചേർത്തുവച്ചാണ് ഞാൻ ഒടിയന്റെ ബാക് ഡ്രോപ്പുണ്ടാക്കിയത്. അതു സ്ക്രീനിലെങ്ങനെ വന്നു എന്നത് മറ്റൊരു വിഷയം. അത് ഇപ്പോഴെന്റെ വിഷയവുമല്ല. അങ്ങനെ ലാലിന്റെ പലമ എടുത്തുവച്ചെഴുതിയ സ്ക്രിപ്റ്റാണ് ഒടിയൻ. ‘ചിത്ര’ത്തിലെ മദ്യപിച്ച ലാലിനെ നമുക്കെല്ലാം ഇഷ്ടമാണ്. ഒടിയനിലും അങ്ങനെയൊരു സീൻ എഴുതിയിട്ടുണ്ട്. ആറേഴു മിനിറ്റ് നീളുന്ന ഒരു മദ്യപാന രംഗം. അതു വീണ്ടും കാണാൻ ആളുകൾ തിയറ്ററിലെത്തുമെന്നാണ് ഞാൻ വിചാരിച്ചത്. പക്ഷേ അത് സ്ക്രീനിൽ വർക്കായില്ല. അതു പക്ഷേ തിരക്കഥാകൃത്തിന്റെ പ്രശ്നമല്ല.
അങ്ങനെ പല ലാലുമാരെ എടുത്തുവച്ച് ഉണ്ടാക്കാൻ ഞാനാഗ്രഹിച്ച് എഴുതിയ കഥാപാത്രമാണ് ഒടിയൻ. അതിന്റെ കഥ സത്യത്തിൽ ഒറ്റവരിയായിരുന്നു– ‘ഭൂമിയിലെ അവസാനത്തെ ഒടിയന്റെ കഥ’. അതിലൊരു പോയട്രിയുണ്ട്. അവസാനത്തെ ഒടിയൻ, അയാളുടെ എകാന്തത, അയാളുടെ ശൂന്യത, അയാളുടെ മരണം. അവിടെ അയാൾക്കു വിരാമചിഹ്നം വീഴുന്നു. ഈ ഒരു വരിയിൽ കച്ചവടം ഇല്ലേയില്ല. അതിലാണ് പിന്നെ നമ്മൾ വാണിജ്യ അംശങ്ങൾ ചേർക്കുന്നത്. എത്രത്തോളം വാണിജ്യ അംശങ്ങൾ ചേർക്കുന്നുവേോ, അത്രത്തോളം സിനിമ ഭൂമി വിട്ട് ഉയരാൻ തുടങ്ങും. സ്ക്രീനിൽ കാണുന്ന ആ നായകന് എത്രയോ ആളുകളെക്കാൾ വലുപ്പം വരുന്നു. സത്യത്തിൽ സ്ക്രീനാണ് നമ്മുടെ കഥാപാത്രത്തെ, നമ്മുെട കച്ചവടത്തെ, നമ്മുടെ കലയെ എല്ലാം നിർണയിക്കുന്നത്.
മലയാള മനോരമയുടെ കലാ സാഹിത്യ ഉൽസവം ഹോർത്തൂസിൽ ‘തിരയെഴുത്ത്: കലയും കച്ചവടവും’ എന്ന സംവാദത്തിൽ ഹരികൃഷ്ണൻ, ബാഹുൽ രമേഷ്, മഹേഷ് നാരായണൻ, പ്രിയങ്ക നായർ.
ഞാൻ നിരന്തരം കാണുന്ന സിനിമകൾ ടറന്റിനോ ചിത്രങ്ങളാണ്. പൾപ് ഫിക്‌ഷൻ തൊട്ടുള്ളവ. പത്താമത്തെ സിനിമയോടെ അതു നിർത്തുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ആ സിനിമകൾ എന്റെ സിനിമയുടെ ബൈബിളാണ് എന്നു ഞാൻ വിശ്വസിക്കുന്നു. അവയിൽ എനിക്ക് ഏറ്റവുമിഷ്ടം കിൽ ബിൽ ആണ്. ആക്‌ഷനും കവിതയും കൊണ്ട് ഒരു സിനിമ ചെയ്യാൻ പറ്റുമെന്ന്, അങ്ങനെ നമുക്കതു കാണാൻ പറ്റുമെന്ന് പഠിപ്പിച്ച സിനിമ. ഏതു സ്ക്രിപ്്റ്റ് എഴുതുമ്പോഴും എന്റെ മുന്നിലുള്ളത് കിൽ ബിൽ ആണ്.
Source link