നിവിൻ പോളിക്ക് ആശ്വാസം; പീഡനക്കേസിൽ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി
കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ ദുബായിലെത്തിച്ച് പീഡിപ്പിച്ചെന്ന കേസിൽ നടൻ നിവിൻ പോളിയെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയിലാണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്.
പരാതിയിൽ പറയുന്ന ദിവസം നിവിൻ പോളി വിദേശത്ത് പോയില്ലെന്നാണ് കണ്ടെത്തൽ. കോതമംഗലം സ്വദേശിനിയാണ് നടൻ അടക്കമുള്ളവർക്കെതിരെ പരാതി നൽകിയത്. കേസിലെ ആറാം പ്രതിയായിരുന്നു നിവിൻ പോളി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു യുവതി പീഡന ആരോപണവുമായി രംഗത്തെത്തിയത്.
2023 ഡിസംബർ 14,15 തീയതികളിൽ ദുബായിൽ വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. യുവതിയെ ദുബായിലേക്ക് കൊണ്ടുപോയെന്നും അവിടെ ഹോട്ടൽ മുറിയിൽ വച്ച് നിവിൻ പോളി അടക്കമുള്ളവർ കൂട്ടബലാത്സംഗം ചെയ്‌തെന്നുമായിരുന്നു പരാതി. മൊബെെൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും യുവതി മൊഴി നൽകിയിരുന്നു. ഈ ദിവസങ്ങളിൽ നിവിൻ പോളി വിദേശത്ത് പോയില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ലൈംഗികാരോപണം ഉയർന്നതിന് പിന്നാലെ നിവിൻ പോളി പത്രസമ്മേളനം വിളിച്ചിരുന്നു. തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച സ്ത്രീയെ നേരിട്ടു കാണുകയോ ഫോൺ വിളിക്കുകയോ വാട്സ് ആപ്പിൽ സന്ദേശം അയയ്‌ക്കുകയോ ചെയ്തിട്ടില്ലെന്ന് നിവിൻ പോളി വ്യക്തമാക്കിയിരുന്നു.
മന:പൂർവം അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ്. ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന് സംശയമുണ്ട്. പരാതി നൂറുശതമാനവുംഅടിസ്ഥാന രഹിതമാണ്. എഫ്. ഐ. ആർ. രജിസ്റ്റർ ചെയ്ത സ്ഥിതിക്ക് നിയമം അതിന്റെ വഴിക്ക് പോകട്ടെ. സത്യം തെളിയിക്കാൻ ഏതറ്റം വരെയും പോകും. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും നിവിൻ പറഞ്ഞിരുന്നു.
Source link