പ്രസൂൻ എസ്. കണ്ടത്തിനും ടി.കെ. സുനിൽകുമാറിനും ആർ. ശങ്കർ ട്രസ്റ്റ് അവാർഡ്

കൊച്ചി: ഡൽഹി ആസ്ഥാനമായ ആർ. ശങ്കർ ചാരിറ്റബിൾ ട്രസ്റ്റ് മാദ്ധ്യമരംഗത്തെ മികവിന് ഏർപ്പെടുത്തിയ സി.വി. കുഞ്ഞുരാമൻ ദേശീയ അവാർഡിന് കേരളകൗമുദി ഡൽഹി ബ്യൂറോ ചീഫ് പ്രസൂൻ എസ്. കണ്ടത്ത്, ആർ. ശങ്കർ ദിനമണി അവാർഡിന് കേരളകൗമുദി കൊച്ചി ബ്യൂറോ ചീഫ് ടി.കെ. സുനിൽകുമാർ എന്നിവർ അർഹരായി. ആർ. ശങ്കർ പ്രവാസി അവാർഡിന് ഡൽഹി ശ്രീനാരായണ കേന്ദ്ര പ്രസിഡന്റും പവലിയൻ ആൻഡ് ഇന്റീരിയേഴ്സ് ലിമിറ്റഡ് ചെയർപേഴ്സണുമായ ബീന ബാബു അർഹയായി. മാദ്ധ്യമം നിയമകാര്യലേഖകൻ പി.എ. സുബൈറും ആർ. ശങ്കർ ദിനമണി അവാർഡിന് അർഹനായി.

ഈമാസം ഏഴിന് രാവിലെ 10ന് എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ നടക്കുന്ന ആർ. ശങ്കർ സമാധി വാർഷികദിനാചരണസമ്മേളനത്തിൽ മന്ത്രി വി.എൻ. വാസവൻ അവാർഡുകൾ നൽകും. ആർ. ശങ്കർ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എസ്. സുവർണകുമാർ അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി ആർ. ശങ്കർ അനുസ്‌മരണ പ്രഭാഷണം നടത്തുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് എസ്. സുവർണകുമാർ, സെക്രട്ടറി പി.എസ്. ബാബുറാം, കോ ഓർഡിനേറ്റർ ലൈല സുകുമാരൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കോഴിക്കോട് കൊയിലാണ്ടി പന്തലായനി കണ്ടത്ത് വീട്ടിൽ പരേതനായ കെ.ജി. ശശിധരന്റെയും എം. വത്സലയുടെയും മകനാണ് പ്രസൂൻ എസ്. കണ്ടത്ത്. ഭാര്യ: ഡോ. മൃദുല കോഴിക്കോട് ഗവ. എൻജിനിയറിംഗ് കോളേജ് പ്രൊഫസറാണ്. മക്കൾ: പ്രഭൂത് പി. കണ്ടത്ത്, പ്രതീക് പി. കണ്ടത്ത് (വിദ്യാർത്ഥികൾ).

എറണാകുളം ഇടപ്പള്ളി ദേവൻകുളങ്ങര കൃഷ്ണവിലാസിൽ പരേതരായ ടി.എ. കൃഷ്ണന്റെയും സി.ജി. രാധയുടെയും മകനാണ് ടി.കെ. സുനിൽകുമാർ. ഭാര്യ: മിനി ചന്ദ്ര. മക്കൾ: ടി.എസ്. മീനാക്ഷി (അസി. പ്രൊഫസർ, നെഹ്റു ലാ കോളേജ്, പാലക്കാട് ), ടി.എസ്. കൃഷ്ണനുണ്ണി (വിദ്യാർത്ഥി, അമൃത കോളേജ് ഒഫ് എൻജിനിയറിംഗ്, കൊല്ലം)


Source link
Exit mobile version