KERALAMLATEST NEWS

സർക്കാർ കുടിശിക 123.88 കോടി, സൗജന്യ കുടിവെള്ളം നിറുത്താൻ നീക്കം, പാവങ്ങളുടെ വെള്ളംകുടി മുട്ടും

തിരുവനന്തപുരം: ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങൾക്ക് നൽകിവരുന്ന സൗജന്യ കുടിവെള്ളം നിറുത്തലാക്കാൻ വാട്ടർ അതോറിട്ടിയുടെ നീക്കം. ഈയിനത്തിൽ സർക്കാർ നൽകാനുള്ള 123.88 കോടി രൂപ കുടിശിക ലഭിക്കാത്ത സാഹചര്യത്തിലാണിത്. വാട്ടർ അതോറിട്ടിയുടെ അടുത്ത ബോർഡ് യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്ത് തീരുമാനിക്കുമെന്നാണ് വിവരം.

2008 മുതൽ കഴിഞ്ഞ മേയ് വരെയുള്ള 15 വ‌ർഷത്തെ കുടിശികയാണിത്. ബി.പി.എൽ കുടുംബങ്ങൾക്ക് സംസ്ഥാന സ‌ക്കാ‌‌ർ പ്രഖ്യാപിച്ചിരുന്ന സബ്സിഡിപ്രകാരം ഇത്രയും തുക ലഭിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടി വാട്ടർ അതോറിട്ടി എം.ഡി ജലവിഭവ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ ഈ തുക ലഭിക്കാതെ മുന്നോട്ടുപോകാനാവില്ലെന്നും അധിക നോൺ പ്ലാൻ ഗ്രാന്റായി ഇത് അടിയന്തരമായി അനുവദിക്കണമെന്നുമായിരുന്നു ജൂലായ് 15ന് നൽകിയ കത്തിലെ ആവശ്യം. സർക്കാരിൽ നിന്ന് അനുകൂല നടപടിയൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പാവങ്ങളുടെ കുടിവെള്ളംമുട്ടിക്കാനുള്ള തീരുമാനത്തിലേക്ക് നീങ്ങുന്നത്.

ലിറ്ററിന് ഒരു പൈസ വീതം വർദ്ധിപ്പിച്ച ശേഷം ബി.പി.എൽ വിഭാഗത്തിലുള്ള സൗജന്യ കണക്ഷനുവേണ്ടി 10 ലക്ഷം പുതിയ അപേക്ഷകൾ ലഭിച്ചിരുന്നു. കണക്ഷന് അർഹമായ ഈ അപേക്ഷകൾ തടഞ്ഞുവച്ചിരിക്കയാണ്. 1,30,000 അപേക്ഷകൾ പരിശോധനാഘട്ടത്തിലുമുണ്ട്. ജലശുദ്ധീകരണത്തിനും വിതരണത്തിനുമായി 1000 ലിറ്ററിന് 24.82 രൂപ ഉത്പാദന ചെലവുണ്ടാകുമ്പോൾ 13- 14 രൂപ നിരക്കിലാണ് സാധാരണ ഉപഭോക്താക്കൾക്ക് അത്രയും ശുദ്ധജലം നൽകുന്നത്.

ബഡ്ജറ്റ് വിഹിതവും ലഭിച്ചില്ല

ബഡ്ജറ്റിൽ വകയിരുത്തി നോൺ പ്ലാൻ ഗ്രാന്റായി നൽകുന്ന 460.61 കോടി (2022-23ൽ 169.43 കോടി,​ 2023-24ൽ 291.18 കോടി)​ രൂപയും ഇതുവരെ ലഭിച്ചിട്ടില്ല. ഇതുമൂലം ജീവനക്കാരുടെയും പെൻഷൻകാരുടെയും പ്രൊവിഡന്റ് ഫണ്ട് അടക്കമുള്ള ആനുകുല്യങ്ങൾ,​ കെ.എസ്.ഇ.ബിയുടെ വൈദ്യുതി ചാർജ്,​ കരാറുകാർക്ക് നൽകേണ്ട തുക എന്നിവ നൽകാനായിട്ടില്ലെന്നും വാട്ടർ അതോറിട്ടി വ്യക്തമാക്കുന്നു.

 8,69,500 ബി.പി.എൽ ഉപഭോക്താക്കൾ

 ഓരോ ഉപഭോക്താവിനും 15,000 ലിറ്റർവരെ സൗജന്യം

വാട്ടർ അതോറിട്ടിക്ക് നിലവിലുള്ള ബാദ്ധ്യത 1595.48 കോടി രൂപ


Source link

Related Articles

Back to top button