നാട്ടാന പരിപാലനത്തിന് മാർഗരേഖയിറക്കും:ഹൈക്കോടതി
കൊച്ചി: നാട്ടാനകളോടുള്ള ക്രൂരത അവസാനിപ്പിക്കാൻ മാർഗരേഖയിറക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. കരട് നിർദ്ദേശം അടുത്ത ചൊവ്വാഴ്ചയുണ്ടാകും. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് തീരുമാനം.
2018-2024ൽ നിലവിലുണ്ടായിരുന്ന നാട്ടാനകളിൽ 30 ശതമാനം ചരിഞ്ഞു. പരിപാലനത്തിലെ പോരായ്മയും ഇതിന് കാരണമായിട്ടുണ്ടാകാം. കേരളത്തെ നാട്ടാന സൗഹൃദ സംസ്ഥാനമാക്കാതെ ഇതരസംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ ആനകളെ എത്തിക്കുന്നത് പ്രോത്സാഹിപ്പിക്കില്ല.
ക്ഷേത്രാചാരങ്ങൾക്കായി ആനകളെ എഴുന്നള്ളിക്കുന്നതിന് തടസമില്ല. എന്നാൽ, ഉത്സവങ്ങൾക്ക് ആനകളുടെ എണ്ണം കൂട്ടുന്ന പ്രവണതയ്‌ക്കു പിന്നിൽ വാണിജ്യ താത്പര്യമുണ്ട്.
തുറവൂർ ക്ഷേത്രത്തിൽ ദീപാവലി ഉത്സവത്തിന് ആനകൾക്ക് പനമ്പട്ട മാത്രമാണ് നൽകിയത്. പനമ്പട്ട മാത്രം കഴിക്കുന്നത് ആരോഗ്യപ്രശ്നമുണ്ടാക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടു.
എഴുന്നള്ളിപ്പിന് നിയന്ത്രണം വേണം
മതപരമായ ചടങ്ങുകൾക്കു മാത്രമേ ആനകളെ ഉപയോഗിക്കാവൂവെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ അറിയിച്ചു. സ്വകാര്യ ചടങ്ങുകൾ, ഉദ്ഘാടനങ്ങൾ എന്നിവയിൽ ആനകൾ പാടില്ല. രണ്ട് എഴുന്നള്ളിപ്പുകൾക്കിടയിൽ 24 മണിക്കൂർ വിശ്രമം വേണം. ആനകൾ തമ്മിൽ മൂന്നു മീറ്ററെങ്കിലും അകലം പാലിക്കണം. 65 വയസ് കഴിഞ്ഞവയെ എഴുന്നള്ളിക്കരുത്. ദിവസം 100 കിലോമീറ്ററിലധികം വാഹനത്തിൽ കൊണ്ടുപോകരുത്. ജനങ്ങളെ 100 മീറ്റർ എങ്കിലും അകലത്തിൽ നിറുത്തണം. തലപ്പൊക്ക മത്സരം, വണങ്ങൽ, പുഷ്പവൃഷ്ടി എന്നിവ പാടില്ല.
അമിക്കസ് ക്യൂറിയുടെ ഈ ശുപാർശകൾ പരിശോധിക്കുമെന്ന് കോടതി പറഞ്ഞു. ദേവസ്വം ബോർഡിന്റെയും ആന ഉടമകളുടെയും ഭാഗം കൂടി കേട്ടശേഷമാകണം തീരുമാനമെന്ന് വനം വകുപ്പ് അറിയിച്ചു.
Source link