KERALAMLATEST NEWS

രാഹുല്‍ മാങ്കൂട്ടത്തില്‍ എവിടേയെന്ന് കൃഷ്ണകുമാര്‍? ഹോട്ടലിന് മുന്നില്‍ സംഘാര്‍ഷാവസ്ഥ, പരിശോധിച്ചേ മതിയാകൂവെന്ന് ആവശ്യം

പാലക്കാട്: ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ അനധികൃത പണമിടപാട് നടത്തുന്നുവെന്ന പരാതിയില്‍ പരിശോധന നടത്തണമെന്ന് ആവശ്യം. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക സ്‌ക്വാഡ് പരിശോധനയ്ക്ക് എത്തിയത്. ട്രോളി ബാഗില്‍ പണം എത്തിച്ചുവെന്നാണ് സിപിഎം ആരോപിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളുടെ മുറി പരിശോധിക്കാന്‍ എത്തിയ ഉദ്യോഗസ്ഥരെ പ്രവര്‍ത്തകരും നേതാക്കളും ചേര്‍ന്ന് തടഞ്ഞതിനെ തുടര്‍ന്ന് ബിജെപി, സിപിഎം പ്രവര്‍ത്തകരും നേതാക്കളും ഹോട്ടലിലേക്ക് എത്തി.

ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയേ തീരൂ എന്നാണ് നിലപാടെടുത്തത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇത്രയും പ്രശ്‌നമുണ്ടായിട്ടും ഇവിടേക്ക് എത്താത്തത് എന്തുകൊണ്ടാണെന്നാണ് കൃഷ്ണകുമാര്‍ ചോദിക്കുന്നത്. പരിശോധനയ്ക്കായി സംഘം എത്തിയതിന് പിന്നാലെ എംപിമാരായ ഷാഫി പറമ്പില്‍, വി.കെ ശ്രീകണ്ഠന്‍ നേതാക്കളായ എബിന്‍ വര്‍ക്കി, ജ്യോതികുമാര്‍ ചാമക്കാല തുടങ്ങിയവര്‍ ഹോട്ടലിലേക്ക് എത്തി.

മാദ്ധ്യമപ്രവര്‍ത്തകരുമായി ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ കയര്‍ത്ത് സംസാരിക്കുകയും വാക്കേറ്റമുണ്ടാകുകയും ചെയ്തു. നേരത്തേ സിപിഎം നേതാക്കളുടേയും ബിജെപി പ്രവര്‍ത്തകരുടേയും മുറികള്‍ പരിശോധിച്ചുവെന്നാണ് പുറത്ത് വരുന്ന വിവരം. കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ പരിശോധന നടത്തിയേ തീരുവെന്ന നിലപാടിലാണ് സിപിഎം, ബിജെപി പ്രവര്‍ത്തകരും നേതാക്കളും. ചട്ടങ്ങള്‍ പാലിച്ചല്ല പരിശോധനയ്‌ക്കെത്തിയതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിച്ച ആരോപണം.

പിന്നീട് വനിതാ പൊലീസിന്റെ സാന്നിദ്ധ്യമില്ലെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാക്കള്‍ ഇവര്‍ എത്തിയപ്പോള്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ എത്തട്ടെ എന്ന നിലപാടിലേക്ക് മാറി. പിന്നീട് പരിശോധന ആരംഭിച്ചപ്പോള്‍ ഓരോ മുറിയില്‍ നിന്നും എന്ത് കിട്ടി എന്ന് വിവരം അറിയിച്ച ശേഷം മാത്രമേ അടുത്ത മുറിയിലേക്ക് പോകാനാകൂ പരിശോധനയ്ക്കായി എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ച നിലപാട്. എന്തായാലും പാലക്കാട് നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍ രാത്രി രണ്ട് മണിക്കും സംഘര്‍ഷാവസ്ഥ തുടരുകയാണ്.


Source link

Related Articles

Back to top button