സ്വകാര്യ സ്വത്ത്: ചീഫ് ജസ്റ്റിസിന്റെ പരാമർശത്തോട് വിയോജിപ്പ് – Private Property Rights vs. Public Interest: Supreme Court Divided | India News, Malayalam News | Manorama Online | Manorama News
സ്വകാര്യ സ്വത്ത്: ചീഫ് ജസ്റ്റിസിന്റെ പരാമർശത്തോട് വിയോജിപ്പ്
മനോരമ ലേഖകൻ
Published: November 06 , 2024 02:44 AM IST
1 minute Read
ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യരെ കുറിച്ചുള്ള പരാമർശം അനുചിതമെന്നു ബെഞ്ച്
വി.ആർ. കൃഷ്ണയ്യർ, ഇ.എസ്. വെങ്കിട്ടരാമയ്യ, വൈ.വി. ചന്ദ്രചൂഡ്
ന്യൂഡൽഹി ∙ സമൂഹനന്മയ്ക്കുള്ള സ്വത്തിന്റെ പരിധിയിൽ പ്രകൃതിദത്തവും മനുഷ്യനിർമിതവും പൊതു–സ്വകാര്യ ഉടമസ്ഥതയിലുള്ളതുമെല്ലാം വരുമെന്ന ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യരുടെ വീക്ഷണം അംഗീകരിക്കാൻ കഴിയില്ലെന്നാണ് സ്വകാര്യ സ്വത്ത് ഏറ്റെടുക്കൽ സംബന്ധിച്ച കേസിൽ സുപ്രീം കോടതി വിലയിരുത്തിയത്. ആശയപരമായി സ്വകാര്യവസ്തുക്കൾ പൊതുവിഭവങ്ങളുടെ പരിധിയിൽ വരുമെങ്കിലും എപ്പോഴും അങ്ങനെയാകില്ലെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് എഴുതിയ ഭൂരിപക്ഷ വിധിയിൽ പറയുന്നു.
കൃഷ്ണയ്യരുടെ വീക്ഷണം പ്രത്യേക സാമ്പത്തിക പ്രത്യയശാസ്ത്ര അടിത്തറയിൽ നിന്നുള്ളതാണ്. നമ്മുടെ ഭരണഘടനാശിൽപികൾ ആ പ്രത്യേക സാമ്പത്തിക സിദ്ധാന്തം ഇന്ത്യയ്ക്ക് ബാധകമാക്കിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. എന്നാൽ, ഈ അഭിപ്രായം അനുചിതവും നീതികരിക്കാൻ കഴിയാത്തതുമാണെന്നു ജസ്റ്റിസ് നാഗരത്ന വിലയിരുത്തി. 1991 മുതൽ ഇങ്ങോട്ടുണ്ടായ സാമ്പത്തിക പരിഷ്കാരങ്ങളുടെ പേരിൽ, കഴിഞ്ഞകാല ജഡ്ജിമാരെല്ലാം ഭരണഘടനയോടു ദ്രോഹം ചെയ്തുവെന്ന വിലയിരുത്തൽ ശരിയല്ലെന്നും അവർ പറഞ്ഞു. ജഡ്ജിമാരായ കൃഷ്ണയ്യരും ചിന്നപ്പ റെഡ്ഡിയും പറഞ്ഞതിനോടു യോജിച്ചായിരുന്നു ജസ്റ്റിസ് ധൂലിയയുടെ വിധിന്യായം.
അതിന്റെ അവസാന ഭാഗത്താണ് കൃഷ്ണയ്യരുടെ വിധിയോടുള്ള ചീഫ് ജസ്റ്റിസിന്റെ അഭിപ്രായങ്ങളെ ജസ്റ്റിസ് ധൂലിയ തള്ളിയത്. ചീഫ് ജസ്റ്റിസിന്റെ പിതാവും മുൻ ചീഫ് ജസ്റ്റിസുമായ വൈ.വി.ചന്ദ്രചൂഡും ജസ്റ്റിസ് ബി.വി.നാഗരത്നയുടെ പിതാവും മുൻ ചീഫ് ജസ്റ്റിസുമായിരുന്ന ഇ.എസ്.വെങ്കിട്ടരാമയ്യയും ഒരേ കാലഘട്ടത്തിൽ ജസ്റ്റിസ് കൃഷ്ണയ്യർക്കൊപ്പം സുപ്രീം കോടതിയിലുണ്ടായിരുന്നുവെന്ന കൗതുകകരമായ വസ്തുതയുമുണ്ട്.
എല്ലാ ഘടകങ്ങളും പരിശോധിക്കണം
ന്യൂഡൽഹി ∙ സ്വകാര്യ സ്വത്ത് ഏറ്റെടുക്കുമ്പോൾ അതിന്റെ സ്വഭാവം, പ്രത്യേകതകൾ, അതു സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതം, സൃഷ്ടിക്കാവുന്ന വിഭവദാരിദ്ര്യം, എല്ലാ വിഭവങ്ങളും ഒരു വ്യക്തിയിൽ കേന്ദ്രീകരിച്ചാലുണ്ടാകാവുന്ന പ്രശ്നങ്ങൾ തുടങ്ങി പല ഘടകങ്ങൾ പരിശോധിക്കണമെന്നു കോടതി വിലയിരുത്തി. ജനവിശ്വാസം ആർജിക്കുകയെന്നതു പ്രധാനമാണെന്നും ഭൂരിപക്ഷ വിധിയിലുണ്ട്.
English Summary:
Private Property Rights vs. Public Interest: Supreme Court Divided
mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 5hqg44rsfk5514mkn1noep4q4n 6anghk02mm1j22f2n7qqlnnbk8-list mo-judiciary-supremecourt mo-judiciary-justice-dy-chandrachud
Source link